ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ?, മറ്റുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ട്?; ചോദ്യങ്ങളുമായി ഡബ്ല്യുസിസി

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുത്ത നടപടിയില്‍ പ്രതികരണവുമായി ഡബ്ല്യുസിസി
ശ്രീനാഥ് ഭാസി /ചിത്രം: ഇൻസ്റ്റ​ഗ്രാം
ശ്രീനാഥ് ഭാസി /ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുത്ത നടപടിയില്‍ പ്രതികരണവുമായി ഡബ്ല്യുസിസി. വിജയ് ബാബുവിന്റെയും ലിജു കൃഷ്ണയുടെയും കേസുകള്‍ ചൂണ്ടിക്കാണിച്ച് ഒരു സംഭവത്തില്‍ മാത്രം ഇത്തരം നടപടികള്‍ കൈക്കൊണ്ടാല്‍ മതിയോ എന്ന ചോദ്യം ഉന്നയിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഡബ്ല്യുസിസി വിമര്‍ശിച്ചു.

'എന്തുകൊണ്ടാണ് ഈ വ്യക്തികള്‍ക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്?'- ഡബ്ല്യുസിസി ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ.

കുറിപ്പ്:

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു.
ഇത് തീര്‍ച്ചയായും, നമ്മുടെ സഹപ്രവര്‍ത്തകരോടു നാം കാണിക്കേണ്ട ബഹുമാനത്തിന്റെ/പരിഗണനയുടെ പ്രസക്തി ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന ഒരു നടപടിയാണ്.
സമാന്തരമായി, ഈ ഒരു സംഭവത്തില്‍ മാത്രം ഇത്തരം നടപടികള്‍ കൈക്കൊണ്ടാല്‍ മതിയോ എന്നു കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലും നിലനില്‍ക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാര്‍ മലയാള സിനിമാ മേഖലയിലുണ്ട്. ഇതിനുള്ള ഉദാഹരണങ്ങളില്‍ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകള്‍.
പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് എതിരെയും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിര്‍മ്മാണ കമ്പനി ഇപ്പോള്‍.
വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പോലീസില്‍ പരാതി നല്‍കിയതോടെ വിജയ് ബാബു ഒളിവില്‍ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്പോള്‍ തന്നെ അയാള്‍ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാല്‍ പിന്‍താങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കപെടുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ഈ വ്യക്തികള്‍ക്കും അവരുടെ കമ്പനികള്‍ക്കും എതിരെ അച്ചടക്ക നടപടികളെടുക്കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്?
മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിര്‍ണായക സ്ഥാപനമെന്ന നിലയില്‍, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകള്‍ സ്വീകരിക്കുകയും, ഈ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ ഉചിതങ്ങളായ നടപടികള്‍ കൈക്കൊള്ളുകയും വേണം. അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവര്‍ക്കും സുരക്ഷിതവുമാക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ഞങ്ങള്‍ KFPAയോട് അഭ്യര്‍ത്ഥിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com