തിരുവനന്തപുരം: വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന് അഭ്യര്ഥനയാണ് കത്തില്‍ മുന്നോട്ടു വെക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡെല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.
കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുന്ന ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രത്തിന്റെത്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ കണ്ടെത്തണം എന്നതാണ് കേന്ദ്ര നിലപാട്. എന്നാല്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ വാക്‌സിന്‍ ലഭിക്കുന്നുള്ളു. വിദേശ മരുന്ന് കമ്പനികളാകട്ടെ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും വാക്‌സിന്‍ ആവശ്യകത കണക്കില്‍ എടുത്തുകൊണ്ട് കേന്ദ്രം ഒരു ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
രണ്ടാം തരംഗത്തിനു ശേഷം ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത കൂടിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുക എന്നത് അനിവാര്യമാണ്. അതിന് സാര്‍വത്രികമായ വാക്‌സിനേഷനിലൂടെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ പൊതുനന്മയ്ക്കായി സാര്‍വത്രികമായി വാക്‌സിന്‍ ലഭ്യമാക്കേണ്ടതുണ്ട്. പണം ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വാക്‌സിന്‍ നിഷേധിക്കപ്പെട്ടുകൂടാ.
വാക്‌സിന്‍ സംഭരിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ വീണാല്‍, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലില്‍ ആകും. ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. അതിന് വെല്ലുവിളി ഉണ്ടാകുന്നത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ജനാധിപത്യത്തിനുതന്നെ ദോഷകരമാവുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുന്നതില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കണമെങ്കില്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് വാക്‌സിനേഷന്‍ ലഭിക്കണം. എന്നാല്‍, രാജ്യത്ത് 3.1% ആളുകള്‍ക്ക് മാത്രമേ ഇതുവരെ വാക്‌സിന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ. വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ ആകട്ടെ വാക്‌സിന്‍ ലഭ്യതയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് പരമാവധി ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. പൊതുനന്മയ്ക്കായി ലഭ്യമാക്കേണ്ട വാക്‌സിന്റെ നിര്‍മ്മാണത്തിന് ബൗദ്ധിക സ്വത്തവകാശമോ പേറ്റന്റ് നിയമങ്ങളോ ഉടമ്പടികളോ തടസ്സമാകുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണം. നിര്‍ബന്ധിത ലൈസന്‍സിങ് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ ആരായണം.
വാക്‌സിന്‍ ലഭ്യമാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ് എന്ന തരത്തിലുള്ള പ്രസ്താവനകള്‍ സഹകരണാത്മക ഫെഡറലിസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഈ ഘട്ടത്തില്‍ ഏറ്റവും അനിവാര്യം ആയിട്ടുള്ളത് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അത്രയും വാക്‌സിന്‍ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം എന്ന സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യം സംയുക്തമായി മുന്നോട്ടുവെക്കുക എന്നതാണ്. ഇത് ചെലവ് കുറയ്ക്കുകയും ചെയ്യുംമുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates