പശ്ചിമേഷ്യന്‍ സംഘര്‍ഷം: വാര്‍ത്തകളിലെ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസികള്‍, ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്‍ തുടങ്ങിയ വിശ്വസനീയമായ ഉറവിടങ്ങളെ അടിസ്ഥാനമാക്കി മാത്രമേ വാര്‍ത്തകള്‍ നല്‍കാവൂ
pinarayi vijayan
Pinarayi Vijayanഎക്സ്പ്രസ്
Updated on
2 min read

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യ-അച്ചടി- ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. അവിടുത്തെ സംഘര്‍ഷവാര്‍ത്തകള്‍ നാട്ടിലുള്ള കുടുംബങ്ങളില്‍ ഭയം, ആശങ്ക എന്നിവ വര്‍ധിപ്പിക്കും. അതുകൊണ്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തയും വളരെ ഗൗരവത്തിലും അവധാനതയിലും കൊടുക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച മാധ്യമ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

pinarayi vijayan
ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

വസ്തുതകള്‍ ചോര്‍ന്നു പോകാതെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകണം ഇത്തരം വാര്‍ത്തകള്‍ നല്‍കേണ്ടത്. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള എന്തെങ്കിലും ബന്ധമുണ്ട്. അല്പമെങ്കിലും അതിശയോക്തി കലര്‍ത്തുന്നത് പല രീതിയില്‍ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങളും വാര്‍ത്തയായി പ്രചരിക്കാന്‍ ഒരു കാരണവശാലും ഇടവരരുത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസികള്‍, ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്‍ തുടങ്ങിയ വിശ്വസനീയമായ ഉറവിടങ്ങളെ അടിസ്ഥാനമാക്കി മാത്രമേ വാര്‍ത്തകള്‍ നല്‍കാവൂ.

ബ്രേക്കിംഗ് ന്യൂസ് കൊടുക്കാന്‍ പലപ്പോഴും മത്സരം തന്നെ ഉണ്ടാകാറുണ്ട്. അത്തരം മത്സരത്തിന്റെ പേരില്‍ വസ്തുതകള്‍ തെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ നേതൃ തലത്തില്‍ തന്നെ ഇടപെടല്‍ ഉണ്ടാകണം. അതോടൊപ്പം അതിരൂക്ഷവും ഭീതിയുണര്‍ത്തുന്നതുമായ അവതരണം ഒഴിവാക്കേണ്ടതുമുണ്ട്. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, തീപിടുത്തങ്ങള്‍, സ്‌ഫോടനങ്ങള്‍ തുടങ്ങിയവ അതിവൈകാരികതയോടെ അവതരിപ്പിക്കുന്നത് പ്രവാസി കുടുംബങ്ങളില്‍ അനാവശ്യമായ ഭയം സൃഷ്ടിക്കാം.

സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി കൃത്യമായി വിശദീകരിക്കുന്ന സമതുലിതമായ അവതരണം ഉറപ്പാക്കണം. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഒരേ വിധത്തില്‍ അപകടത്തിലാണ് എന്ന പൊതുവായ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാകരുത്. വിഷയത്തെക്കുറിച്ചുള്ള വിദഗ്ധരുടെയും നയതന്ത്ര മേഖലയില്‍ പരിചയമുള്ളവരുടെയും വിലയിരുത്തലുകള്‍ ഉള്‍പ്പെടുത്തി സമതുലിതമായ ചര്‍ച്ചകള്‍ നടത്തുന്നതും ആവശ്യമാണ്.

പ്രവാസികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ടിങ്ങിനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. പ്രവാസികളുടെ വ്യക്തിഗത വിവരങ്ങള്‍, ജോലി സ്ഥലം, വിലാസം തുടങ്ങിയവ അവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ പുറത്തുവിടരുത്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ സെന്‍സേഷണല്‍ രീതിയില്‍ അവതരിപ്പിക്കുന്നതും ഒഴിവാക്കണം. പകരം സുരക്ഷാ നിര്‍ദേശങ്ങളും ആവശ്യമായ അറിയിപ്പുകളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയ വാര്‍ത്തകള്‍ നല്‍കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതോടൊപ്പം ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ നിരന്തരം പ്രചരിപ്പിക്കേണ്ടതുണ്ട്.

pinarayi vijayan
മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി, സംസ്ഥാനത്ത് 500-ലേറെ പുതിയ തസ്തികകൾ: മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഹെല്‍പ് ലൈന്‍ നമ്പറുകളും സഹായ സംവിധാനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ സഹായിക്കണം. ഇന്ത്യന്‍ എംബസികളുടെ അടിയന്തര ഫോണ്‍ നമ്പറുകള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായ കേന്ദ്രങ്ങള്‍, നോര്‍ക്കയുടെ സേവനങ്ങള്‍, കേരള സര്‍ക്കാര്‍ പ്രവാസി വകുപ്പിന്റെ സേവനങ്ങള്‍ എന്നിവ നിരന്തരം അറിയിക്കുന്നതിലൂടെ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം ലഭ്യമാക്കാന്‍ കഴിയും. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെയും കമ്മ്യൂണിറ്റി കൂട്ടായ്മകളുടെയും സഹായ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തണം. സുരക്ഷിതമായി കഴിയുന്ന പ്രദേശങ്ങള്‍, ജോലി സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യ വിവരങ്ങള്‍ നല്‍കുന്നത് ഭീതി കുറയ്ക്കാന്‍ സഹായിക്കും.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഫാക്റ്റ് ചെക്കിംഗ് സംവിധാനം ശക്തമാക്കുകയും വ്യാജ ചിത്രങ്ങള്‍ക്കും പഴയ വീഡിയോകള്‍ക്കും പുതിയ സംഭവങ്ങളുടെ പേരില്‍ പ്രചരണം ലഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും മാധ്യമങ്ങള്‍ക്ക് സഹായിക്കാം. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, യാത്രാ നിയന്ത്രണങ്ങള്‍, സുരക്ഷാ ആശങ്കകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ അതിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ സാധിക്കും. വിമാന യാത്ര നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും നോര്‍ക്ക വഴി പരമാവധി വിവരങ്ങള്‍ കൈമാറമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക കേരള സഭയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇത്തരം ഒരു ആശയ വിനിമയത്തിന് മുന്‍കൈ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ മാമ്മന്‍ മാത്യു (മലയാള മനോരമ), മനോജ് കെ. ദാസ് (മാതൃഭൂമി), ജോണി ലൂക്കോസ് (മനോരമ ടിവി), സിന്ധു സൂര്യകുമാര്‍ (ഏഷ്യാനെറ്റ്), പുത്തലത്ത് ദിനേശന്‍ (ദേശാഭിമാനി), ആന്റോ അഗസ്റ്റിന്‍ (റിപ്പോര്‍ട്ടര്‍ ടിവി), പി. പി. ജെയിംസ് (24 ന്യൂസ്), വി എസ് രാജേഷ് (കേരള കൗമുദി), ഫാ. ജോര്‍ജ് കുടിലില്‍ (ദീപിക), രാജീവ് ദേവരാജ് (മാതൃഭൂമി ന്യൂസ്), കെ. എന്‍. ആര്‍ നമ്പൂതിരി (ജന്മഭൂമി), പ്രമോദ് രാമന്‍ (മീഡിയ വണ്‍), ബേബി മാത്യു സോമതീരം (ജീവന്‍ ടിവി), എസ്. ആനന്ദന്‍ (ദ ഹിന്ദു), ഇബ്രാഹിം വി. എം (മാധ്യമം), ടി. പി. ചെറൂപ്പ (സുപ്രഭാതം), കമാല്‍ വരദൂര്‍ (ചന്ദ്രിക), പ്രദീപ് പിള്ള (ജനം ടിവി), എസ്. ശരത്ചന്ദ്രന്‍ (കൈരളി ടിവി), ടി. എം. ഹര്‍ഷന്‍ (ന്യൂസ് മലയാളം), കിരണ്‍പ്രകാശ് (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), ലീന്‍ ബി. ജെസ്മസ് (ന്യൂസ് 18 കേരളം), ജയ്സണ്‍ ജോസഫ് (വീക്ഷണം), വിജു ബി. (ടൈംസ് ഓഫ് ഇന്ത്യ), ബാലന്‍ (ജയ്ഹിന്ദ്), വി. ഡി. ശെല്‍വരാജ്, (കലാകൗമുദി), പ്രവീണ്‍ പട്ടാമ്പി (അമൃത ടിവി), ടി. ജി. ബിജു (പി. ടി. ഐ) തുടങ്ങിയവര്‍ സംസാരിച്ചു.

Summary

Chief Minister Pinarayi Vijayan has urged the visual, print and online media to act with utmost responsibility in the context of the West Asian conflict.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com