

കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയ്നിൽ യാത്രക്കാരുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. ‘ഷാറുഖ് സെയ്ഫി കാർപെന്റർ’ എന്ന പേര് എഴുതിയ നോട്ട് ബുക്കിൽ നിന്ന് ലഭിച്ച വിവരങ്ങൾ നിർണായകമായി. യു പി നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി എന്നയാളുടേതെന്നു സംശയിക്കുന്ന ബാഗ് സംഭവസ്ഥലത്തെ റെയിൽവേ ട്രാക്കിൽനിന്നാണ് കണ്ടെത്തിയത്. ഇതിനൊപ്പം സിം കാർഡ് ഇല്ലാത്ത മൊബൈൽ ഫോൺ, ഒരു കുപ്പി പെട്രോൾ, ഭക്ഷണപ്പാത്രം എന്നിവയുമുണ്ട്.
നിറയെ ഡയറിക്കുറിപ്പുകൾ
ചുവന്നചട്ടയുള്ള 50 പേജ് നോട്ട് ബുക്കിൽ തെറ്റില്ലാത്ത ഇംഗ്ലിഷിൽ നിറയെ ഡയറിക്കുറിപ്പുകൾ എഴുതിയിരിക്കുകയാണ്. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളാണ് ഉള്ളടക്കം. ‘ഷാറുഖ് സെയ്ഫി കാർപെന്റർ’ എന്നതിന്റെ ചുരുക്കപ്പേരായ ‘എസ്എസ്‌സി’ എന്ന് ലോഗോ വരച്ചുണ്ടാക്കിയിട്ടുമുണ്ട്. ഇതിനൊപ്പം തന്നെ നോയിഡയിലെയും ഇന്ദിര മാർക്കറ്റിലെയും ചില കണക്കുകളും കാണാം. ചിറയിൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചൽ, കന്യാകുമാരി എന്നീ സ്ഥലപ്പേരുകൾ ബുക്കിനൊപ്പം ലഭിച്ച ചെറിയ നോട്ട്പാഡിൽ എഴുതിയിട്ടുണ്ട്.
നേരിയ താടിയുള്ള, തലയിൽ തൊപ്പി വെച്ച ആൾ
പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നേരിയ താടിയുള്ള, തലയിൽ തൊപ്പി വെച്ച ആളുടെ രേഖാചിത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. റെയിൽവേ പൊലീസാണ് ചിത്രം പുറത്തു വിട്ടത്. രേഖാചിത്രത്തിലുള്ള വ്യക്തിക്കായി പമ്പുകളിലടക്കം പരിശോധന നടത്തുന്നുണ്ട്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി വിക്രമൻ ആണ് സംഘത്തലവൻ. 18 പേരാണ് സംഘത്തിലുള്ളത്. എഡിജിപി എം ആർ അജിത് കുമാർ മേൽനോട്ടം വഹിക്കും.
കാൻപുർ കേസ് ബന്ധം?
പ്രതിക്ക് ഭീകര–നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) പ്രാഥമിക അന്വേഷണം തുടങ്ങി. കാൻപുർ – ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ 2017 മാർച്ച് ഏഴിനു ബോംബ് സ്ഫോടനം നടത്തിയ ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. എൻഐഎ ലക്നൗ സ്പെഷൽ കോടതി ഒരുമാസം മുൻപാണ് ശിക്ഷ വിധിച്ചത്. ഏഴ് പ്രതികളും 2016 ജൂണിൽ 10 ദിവസത്തോളം കോഴിക്കോട് താമസിച്ചതായി കേസിന്റെ വിചാരണഘട്ടത്തിൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇവർക്ക് രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടായിരുന്നു. കോഴിക്കോട് അടക്കം എട്ടിടത്ത് ട്രെയിനിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇവരോട് ആഭിമുഖ്യം പുലർത്തുന്നവർ അട്ടിമറി ശ്രമങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുമുണ്ട്. കോഴിക്കോട് കേസിനു ലക്നൗ കോടതി വിധിയുമായി ബന്ധമുണ്ടോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്.
ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിൽ ഞായറാഴ്ച രാത്രി ഒൻപതരയ്ക്കാണ് സംഭവം. യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതുകണ്ട് യാത്രക്കാർ പരിഭ്രാന്തരായി മറ്റു കംപാർട്മെന്റുകളിലേക്കു ചിതറിയോടി. പേടിച്ച് ട്രേയിനിൽ നിന്ന് ചാടിയ മൂന്ന് പേരാണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates