

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കിയിട്ടുണ്ട്.
മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപുറമെ കോഴിക്കോട്, മലപ്പുറം, തിരുവനന്തുപുരം തുടങ്ങിയ ജില്ലകളിലും ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പരിശോധന നടക്കുന്നുണ്ട്.
ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
ഭൂട്ടാന്‍ ആര്‍മിയും മറ്റും ഉപേക്ഷിച്ച വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates