

ഏതാനും മാസങ്ങള്‍ക്കകം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ ആറുവരി പാതയിലൂടെ അതിവേഗത്തില്‍ സുഗമമമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഗതാഗതസൗകര്യം ഒരുങ്ങും. ഇത് യാഥാര്‍ഥ്യമാകാന്‍ പോകുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ നോക്കികാണുന്നത്. ഇപ്പോള്‍ തന്നെ ദേശീയപാതയുടെ പലഭാഗങ്ങളിലും ആറുവരി പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ആറുവരി പാതയിലൂടെ വാഹനം ഓടിക്കാറുണ്ടെങ്കിലും പലര്‍ക്കും ഈ പാതകളിലെ ഗതാഗത നിയമങ്ങളെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. ലെയിന്‍ ട്രാഫിക്ക്, പ്രധാന റോഡിലേക്കുള്ള എന്‍ട്രി, സര്‍വീസ് റോഡിലേക്കുള്ള എക്‌സിറ്റ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
യാത്രക്കാരുടെ ഇടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ, എന്താണ് ആക്‌സിലറേഷന്‍ ലെയിന്‍ എന്നും എങ്ങനെ ഇതിലൂടെ വാഹനം ഓടിക്കാം എന്നും വിശദീകരിക്കുകയാണ് കേരള മോട്ടോര്‍ വാഹനവകുപ്പ്. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മോട്ടോര്‍വാഹനവകുപ്പ് ഇക്കാര്യം വിശദീകരിച്ച് കൊണ്ടുള്ള ഒരു വീഡിയോ പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചത്.
'ഉയര്‍ന്ന വേഗതയില്‍ തടസ്സമില്ലാതെ സഞ്ചരിക്കാന്‍ ഉതകുന്ന വിധമാണ് ദേശീയ പാതകള്‍ ആറുവരിയായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കുറഞ്ഞ വേഗത്തില്‍ സര്‍വീസ് റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ 100 കിലോമീറ്റര്‍ വരെ വേഗത അനുവദിച്ചിട്ടുള്ള പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന സമയത്ത് ആ പെട്ടെന്നുള്ള എന്‍ട്രി മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമാവുകയും അത് അപകടത്തിന് കാരണമാവുകയും ചെയ്യും.കുറഞ്ഞവേഗതയില്‍ സര്‍വീസ് റോഡില്‍നിന്ന് വാഹനങ്ങള്‍ പ്രധാനറോഡിലേക്ക് കയറുന്ന ഭാഗത്ത് ഒരു മെര്‍ജിങ് പോയിന്റ് സൂചനാ ബോര്‍ഡ് ഉണ്ട്. ഈ മെര്‍ജിങ് പോയിന്റിലൂടെ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനായി നല്‍കിയിരിക്കുന്ന ലെയിനാണ് ആക്‌സിലറേഷന്‍ ലെയിന്‍. ഇവിടെ തുടര്‍ച്ചയായി വെള്ള വരയാണ്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നേരിട്ട് ഹൈവേയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ആക്‌സിലറേഷന്‍ ലെയിനിലൂടെ സഞ്ചരിച്ച് വാഹനത്തിന്റെ വേഗത ക്രമേണ വര്‍ധിപ്പിച്ച ശേഷം, ബ്രോക്കണ്‍ ലെയിന്‍ കാണുന്ന ഭാഗത്ത് എത്തിയാല്‍ മാത്രമേ ദേശീയപാതയിലേക്ക് പ്രവേശിക്കാവൂ. വേഗത വര്‍ധിപ്പിച്ച് ഉയര്‍ന്ന വേഗത ആര്‍ജിക്കാനുള്ള ഒരിടമായാണ് ആക്‌സിലറേഷന്‍ ലെയിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.'- മോട്ടോര്‍വാഹനവകുപ്പ് വിഡിയോയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates