Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

അധികാരപരിധി തടസ്സമല്ല; രാജ്യത്തെ ഏത് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്യാം
What is Zero FIR Legal Explainer
What is Zero FIR Legal Explainer
Edited By:
Updated on: 
2 min read

തിരുവനന്തപുരം: ഡൽഹി പൊലീസിനെതിരെ എൻഎസ്‌യുഐ നേതാവ് ആതിര സി വിജയകുമാറിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ എന്താണ് സീറോ എഫ്ഐആർ എന്നതിനെക്കുറിച്ചും അതിന്റെ നിയമസാധുതകളെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. സാധാരണയായി ഒരു കുറ്റകൃത്യം നടക്കുമ്പോൾ ആ പ്രദേശം ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് പരാതി നൽകേണ്ടതും കേസെടുക്കേണ്ടതും. എന്നാൽ ഇതിന് നിയമപരമായ അപവാദമാണ് സീറോ എഫ്ഐആർ.

എന്തുകൊണ്ട് 'സീറോ' എഫ്ഐആർ എന്ന് വിളിക്കുന്നു?

ഓരോ പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് വാർഷികാടിസ്ഥാനത്തിൽ ഒരു നിശ്ചിത ക്രമനമ്പർ ഉണ്ടാകും (ഉദാഹരണത്തിന്: Crime No. 120/2026). എന്നാൽ സ്വന്തം അധികാരപരിധിക്ക് പുറത്ത് നടന്ന ഒരു സംഭവത്തിൽ കേസ് എടുക്കുമ്പോൾ ആ പൊലീസ് സ്റ്റേഷന്റെ ക്രമനമ്പർ നൽകില്ല. പകരം കേസ് നമ്പറിന്റെ സ്ഥാനത്ത് പൂജ്യം അഥവാ 'സീറോ' (0) എന്നാണ് രേഖപ്പെടുത്തുക. ക്രമനമ്പർ നൽകുന്നതിന് മുൻപുള്ള പ്രാഥമിക രജിസ്ട്രേഷൻ എന്ന നിലയ്ക്കാണ് ഇതിന് സീറോ എഫ്ഐആർ എന്ന പേര് വന്നത്.

നിർഭയ കേസും നിയമപരമായ ചരിത്ര പശ്ചാത്തലവും

2012-ൽ രാജ്യത്തെ നടുക്കിയ ഡൽഹി നിർഭയ കൂട്ടബലാത്സംഗ കേസിന് ശേഷമാണ് ഈ സംവിധാനം രാജ്യത്ത് വലിയ ചർച്ചയായത്. സ്ത്രീസുരക്ഷാ നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച ജസ്റ്റിസ് ജെഎസ് വർമ്മ കമ്മിറ്റിയാണ് അധികാരപരിധി നോക്കാതെ പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്യണമെന്ന സുപ്രധാന ശുപാർശ മുന്നോട്ടുവെച്ചത്. ടർന്ന് സുപ്രീം കോടതിയുടെ ലളിത കുമാരി കേസിലെ ചരിത്രപരമായ വിധിയിലൂടെയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറുകളിലൂടെയും ഈ സംവിധാനം കർശനമായി പാലിക്കാൻ പൊലീസിന് നിർദ്ദേശം നൽകപ്പെട്ടു.

ബിഎൻഎസ്എസും പുതിയ നിയമപരിരക്ഷയും

പഴയ ക്രിമിനൽ നടപടിച്ചട്ടത്തിൽ സീറോ എഫ്ഐആർ എന്ന വാക്ക് നേരിട്ട് പരാമർശിച്ചിരുന്നില്ല; മറിച്ച് കോടതി വിധികൾ വഴിയാണ് അത് നിലനിന്നിരുന്നത്. എന്നാൽ രാജ്യത്ത് നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023-ലെ സെക്ഷൻ 173(1) പ്രകാരം സീറോ എഫ്ഐആറിന് പൂർണ്ണ നിയമപരിരക്ഷ നൽകിയിട്ടുണ്ട്.

കുറ്റകൃത്യം എവിടെ നടന്നു എന്നതിനെ ആശ്രയിക്കാതെ, ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചാൽ ഏത് പൊലീസ് സ്റ്റേഷനിലും പരാതി സ്വീകരിച്ച് സീറോ എഫ്ഐആർ ഇടണം എന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. അധികാരപരിധി പറഞ്ഞ് പരാതി സ്വീകരിക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 199 പ്രകാരം നിയമനടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.

തുടർനടപടികളും അന്വേഷണ പരിധിയും

സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷന് ആ കേസിൽ പൂർണ്ണമായ അന്വേഷണം നടത്താൻ നിയമപരമായ അധികാരമില്ല. പരാതി സ്വീകരിച്ച് സീറോ എഫ്ഐആർ രേഖപ്പെടുത്തിയ ശേഷം, കേസ് ഡയറിയും അനുബന്ധ രേഖകളും യഥാർത്ഥത്തിൽ സംഭവം നടന്ന അധികാരപരിധിയിലെ പൊലീസ് സ്റ്റേഷനിലേക്കും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതിയിലേക്കും അയച്ചുകൊടുക്കണം.

എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ, തെളിവുകൾ നശിച്ചുപോകാതിരിക്കാനും ഇരയുടെ വൈദ്യപരിശോധന ഉറപ്പാക്കാനും പ്രാഥമിക നടപടികൾ സ്വീകരിക്കാൻ കേസ് എടുത്ത സ്റ്റേഷന് അധികാരമുണ്ട്. തുടർന്ന് യഥാർത്ഥ സ്റ്റേഷനിൽ രേഖകൾ എത്തുമ്പോൾ, അവർ തങ്ങളുടെ സ്റ്റേഷൻ ക്രമനമ്പർ നൽകി കേസ് പുനഃരജിസ്റ്റർ ചെയ്യുകയും തുടർ അന്വേഷണം പൂർത്തിയാക്കുകയും ചെയ്യും.

Summary

Following the registration of a Zero FIR by Thiruvananthapuram Museum police against Delhi police officials on an NSUI leader's complaint, this legal explainer details how Zero FIR operates across jurisdictions without serial numbers, its origin through the Verma Committee, and its formal statutory codification under Section 173 of the Bharatiya Nagarik Suraksha Sanhita (BNSS)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com