

ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ നടക്കും. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം മൂന്നുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് നല്‍കും.
ചുരുക്കപ്പട്ടിക സീല്‍ ചെയ്ത കവറില്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുത്തുവിടുകയാണ് പതിവ്. അല്ലെങ്കില്‍ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ദൂതന് കൈമാറും. പട്ടിക മന്ത്രിസഭയില്‍ വെച്ചശേഷമാകും പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക.
അതല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനമെടുക്കാനുള്ള വ്യവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന് ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേരളം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ചിട്ടുള്ളത്. ഗതാഗത കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍ ആണ് പട്ടികയിലെ ഒന്നാമന്‍. നിലവില്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറാണ് പട്ടികയില്‍ രണ്ടാമതുള്ളത്.
ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവി സുരേഷ് രാജ് പുരോഹിത്, പൊലീസ് ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് ആറംഗ പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഉദ്യോഗസ്ഥര്‍. ഇതില്‍ നിതിന്‍ അഗര്‍വാളും റവാഡ ചന്ദ്രശേഖറും അടുത്ത വര്‍ഷം വിരമിക്കും. പൊലീസ് മേധാവി പദവി ലഭിച്ചാല്‍ ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടും.
സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ ഒന്നാമത്തെയാളും, മറ്റ് ആരോപണങ്ങള്‍ ഒന്നുമില്ലാത്ത ഓഫീസര്‍ എന്നതും നിതിന്‍ അഗര്‍വാളിന് സാധ്യത കൂട്ടുന്നു. ഡല്‍ഹി സ്വദേശിയായ നിതിന്‍ അഗര്‍വാള്‍ ബിഎസ്എഫ് മേധാവി പദവിയില്‍ നിന്നാണ് കേരള കേഡറിലേക്ക് തിരിച്ചെത്തിയത്. ഈ മാസം 30 നാണ് നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്ന ചടങ്ങില്‍ തന്നെ പുതിയ പൊലീസ് മേധാവിക്ക് അധികാരക്കൈമാറ്റവും നടക്കും.
UPSC meeting to find the state police chief will be held tomorrow. Chief Secretary and current state police chief from Kerala will attend the meeting.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
