

കൊച്ചി: പതിനൊന്നുകാരിയായ വൈഗയെ കൊലപ്പെടുത്തിയതിന് പിടിയിലായ പിതാവ് സനു മോഹന്റെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. സനു മോഹന്റെ ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ ആരുടേതെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വൈഗയെ കൊലപ്പെടുത്തിയത് സനു മോഹന്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ഒറ്റയ്ക്കാണ് കൊല നടത്തിയത്. കടബാധ്യതയാണ് കൊലപാതകത്തിനു കാരണമെന്നാണ് സനു മോഹന്റെ മൊഴി. കടബാധ്യത മൂലം താന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു. തന്റെ മരണ ശേഷം മകള്‍ ഒറ്റയ്ക്കാവുമെന്ന ആശങ്കയാണ് കൊലപാതത്തിനു കാരണമായതെന്നാണ് സനു മോഹന്‍ പറയുന്നത്. സനുമോഹന്റെ മൊഴിയുടെയും ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സനു മോഹനെ അറസ്റ്റ് ചെയ്തതെന്ന് കമ്മിഷണര്‍ പറഞ്ഞു.
സനു മോഹന്റെ മൊഴിയില്‍ പൊരുദ്ധക്കേടുകളുണ്ട്. നിരന്തരമായി മൊഴി മാറ്റി പറയുന്നുമുണ്ട്. എങ്ങനെയാണ് കൊല നടത്തിയത് എന്നതില്‍ വ്യക്തത വരാനുണ്ട്. കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കാന്‍ സനു മോഹന്‍ എല്ലാ ശ്രമവും നടത്തി. രണ്ടു സംസ്ഥാനങ്ങളിലായാണ് സംഭവത്തിനു ശേഷം സനു മോഹന്‍ കഴിഞ്ഞത്. ഡിജിറ്റല്‍ തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാത്തതിനാല്‍ സനുമോഹനെ കണ്ടെത്തുക വെല്ലുവിളിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നെന്ന് പറയുന്ന സനു മോഹന്‍ രക്ഷപ്പെടാന്‍ തയാറെടുപ്പുകള്‍ നടത്തിയെന്നത് വൈരുദ്ധ്യമാണ്. കൊലപാതകവും കൃത്യമായ തയാറെടുപ്പുകളോടെ ആയിരുന്നെന്നാണ് പ്രാഥമിക നിഗമനം.
സനു മോഹന്റെ ഫ്ളാറ്റില്‍ രക്തക്കറ കണ്ടെത്തിയതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. കുട്ടിയുടെ ശരീരത്തില്‍ ആള്‍ക്കഹോള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെക്കുറിച്ചും വ്യക്തത വരാനുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിലേ കാര്യങ്ങള്‍ വ്യക്തമാവൂ. സനു മോഹന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. അവരുടെ വിവാഹ ജീവിതം സാധാരണമായിരുന്നെന്നാണ് മനസ്സിലാക്കുന്നത്. സനു മോഹനെ ഇന്നു കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് കമ്മിഷണര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
