പാലക്കാട്: വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. അട്ടപ്പള്ളം വനമേഖലയില്‍ പടര്‍ന്ന തീ മലമുകളിലേക്ക് വ്യാപിച്ചു. വനം വകുപ്പിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്.
വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ് മാര്‍ച്ച് 12ന് ആദ്യം കാട്ടുതീ പടര്‍ന്നത്. പിന്നാലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
മൂന്നു കിലോമീറ്റര്‍ കാട് ഇന്നലെ കത്തി നശിച്ചിരുന്നു. കനത്ത ചൂടിനൊപ്പമാണ് വാളയാറില്‍ കാട്ടുതീ കൂടി പടരുന്നത്. പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലാണ് ചൂട് കൂടുതല്‍. മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
താപനില മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്
ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് ഉഷ്ണതരംഗ ജാഗ്രത മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
രാവിലെ 11 മുതല്‍ മൂന്നു മണി വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു കുപ്പി കുടിവെള്ളം കയ്യില്‍ കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates