വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു, മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി; കണ്‍ട്രോള്‍ റൂം, നഷ്ടപരിഹാര തുക വേഗത്തില്‍

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഉണ്ടായ ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻഫയൽ
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഉണ്ടായ ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി - മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കും.

സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും. വനം വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എന്നിവര്‍ അംഗങ്ങളും, ചീഫ് സെക്രട്ടറി കണ്‍വീനറുമായിരിക്കും. ഈ സമിതി സംസ്ഥാന തലത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

ചീഫ് സെക്രട്ടറി അധ്യക്ഷനായി ആഭ്യന്തരവകുപ്പ് സെക്രട്ടറി, റവന്യൂ വകുപ്പ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി, വനം വകുപ്പ് മേധാവി, പിസിസിഎഫ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായി സംസ്ഥാനതലത്തില്‍ നിയന്ത്രണ സമിതി രൂപീകരിക്കും. സംസ്ഥാനതലത്തില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നത് ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.

ജില്ലാ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും സമിതി രൂപീകരിക്കും. ജില്ലാ കളക്ടര്‍, എസ്പി, ഡിഎഫ്ഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍, പട്ടികജാതി- പട്ടികവര്‍ഗ്ഗ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ കൃഷി വകുപ്പ് ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ എന്നിവരടങ്ങുന്ന നിയന്ത്രണ സംവിധാനമാണ് രൂപീകരിക്കുക. ജില്ലയിലെ ഇതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരവും മേല്‍നോട്ടത്തിലും ആയിരിക്കും.

വന്യജീവി സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ജാഗ്രതാ സമിതികള്‍ നിലവിലുണ്ട്. ജാഗ്രതാ സമിതികളായിരിക്കും പ്രാദേശിക തലത്തില്‍ വന്യജീവി സംഘര്‍ഷം തടയുന്നതിനുള്ള നടപടികള്‍ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. ഇവര്‍ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ കൂടി നിര്‍ദ്ദേശപ്രകാരമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. അടിയന്തര സാഹചര്യങ്ങളില്‍ ഈ സമിതി നടപടികള്‍ സ്വീകരിച്ച് ജില്ലാസമിതിയുടെ സാധൂകരണം തേടിയാല്‍ മതിയാകും. ജാഗ്രതാ സമിതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്, ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്‍, പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍, തഹസീല്‍ദാര്‍, പോലീസ് ഉദ്യോഗസ്ഥന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റായിരിക്കും അദ്ധ്യക്ഷന്‍. സമിതിക്ക് ഈ മേഖലയിലെ അംഗീകൃത സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി നിയമിക്കുന്നത് പ്രശ്‌നപരിഹാരത്തിന് സഹായകരമാകുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. പ്രകൃതിദുരന്ത സമയങ്ങളില്‍ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിനു സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതലയില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ മതിയായ വാര്‍ത്താവിനിയമ സങ്കേതങ്ങള്‍ ഒരുക്കും.

വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ സമയാസമയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങള്‍ സജ്ജമാക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം നിലനിലനില്‍ക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ജാഗ്രതയ്ക്കായി കൂടുതല്‍ താല്‍ക്കാലിക വാച്ചര്‍മാരെ നിയോഗിക്കും.വന്യജീവി സംഘര്‍ഷങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ ഈ പ്രദേശങ്ങളില്‍ നിയമിക്കും. ഇതിന് സംസ്ഥാന വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി.

വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന എസ്റ്റേറ്റുകള്‍, തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ കുറ്റിക്കാടുകള്‍ ഇല്ലാതാക്കുന്നതിന് ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കും. തോട്ടം ഉടമകളോട് വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അഭ്യര്‍ത്ഥിക്കും. നിലവിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ, ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും വാഹനങ്ങളും നല്‍കി ശക്തിപ്പെടുത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് സാധ്യത കൂടിയ സ്ഥലങ്ങളില്‍ ഫോറസ്റ്റ് ഡിവിഷന്‍/ സ്റ്റേഷന്‍ അടിസ്ഥാനപ്പെടുത്തി ആവശ്യാനുസരണം പ്രത്യേക ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഇത് ഡി.എഫ്.ഒമാരുടെ ഉത്തരവാദിത്വമായിരിക്കും. വന്യജീവി സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ തോതില്‍ വെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കും. എവിടങ്ങളിലൊക്കെ ഇതിന് താല്‍ക്കാലിക സംവിധാനങ്ങളൊരുക്കാമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിക്കണം. പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ ഇതിനാവശ്യമായ തുക കണ്ടെത്തുന്ന കാര്യം പരിഗണിക്കും. വനംവകുപ്പ് ആസ്ഥാനത്ത് നിലവിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളും സ്വീകരിച്ച നടപടികളും ആവശ്യമുള്ള നിര്‍ദ്ദേശങ്ങളും ആഴ്ചതോറും വിലയിരുത്തി സര്‍ക്കാരിലേക്ക് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കണം.

വന്യജീവി ആക്രമണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നല്‍കുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തും. ഇതിന്റെ പുരോഗതി വനം വകുപ്പ് സെക്രട്ടറി വിലയിരുത്തണം.ഇതിലേക്ക് ആവശ്യമായി വരുന്ന ചെലവുകളെ ട്രഷറി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കിഫ്ബി വഴി ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 100 കോടി രൂപയ്ക്കു പുറമെ 110 കോടി രൂപ കൂടി (ആകെ 210 കോടി രൂപ) കിഫ്ബി മുഖാന്തരം അനുവദിക്കാന്‍ നടപടി സ്വീകരിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമുള്ള ദീര്‍ഘകാല- ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശീയ-ദേശീയ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും.മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള-കര്‍ണ്ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഇന്റര്‍‌സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങള്‍ ചേരും. ഇതിനായി ചീഫ് സെക്രട്ടറി, വനം വകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്താനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിന് ആശ്വാസം; 13,600 കോടി കടമെടുക്കാന്‍ അനുമതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com