

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. അതുവരെയുള്ള സംരക്ഷണത്തിന്റെ ഭാഗമായി സ്റ്റേ നല്‍കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
മുനമ്പത്തെ തര്‍ക്കഭൂമി ഫാറൂഖ് കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 1950ല്‍ കോളജിന് വഖഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ്, 2019ല്‍ വഖഫ് രജിസ്ട്രിയില്‍ വസ്തു രേഖപ്പെടുത്തി. 2020 മുതല്‍, ഈ പ്രദേശത്തെ താമസക്കാര്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെയോ വസ്തുവകകളുടെയോ രേഖകള്‍ ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
1995ലെ വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തു. വഖഫ് സ്വത്തിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വഖഫ് നിയമത്തിലെ 107-ാം വകുപ്പ് പ്രകാരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും വഖഫ് സ്വത്ത് തിരിച്ചുപിടിക്കാമെന്ന് പറയുന്നു. ഇത് വിവേചനപരമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
മുനമ്പവുമായി ബന്ധപ്പെട്ടത് 'അടിസ്ഥാനപരമായി ഒരു സ്വത്ത് തര്‍ക്കം' ആണെന്ന് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് കെ വി ജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുവരെയോ സിവില്‍ കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ നേടുന്നത് വരെയോ സ്റ്റേ അനുവദിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. എന്നാല്‍ കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates