ഡിജിറ്റല്‍, കെടിയു വിസി നിയമനം സുപ്രീംകോടതി നടത്തുമോ ?, ഇന്നറിയാം; അയയാതെ ഗവര്‍ണറും മുഖ്യമന്ത്രിയും
ന്യൂഡല്‍ഹി: കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിസി നിയമനത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്താത്ത സാഹചര്യത്തില്‍ കോടതി തീരുമാനം പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിയമനത്തില്‍ സമവായം ഉണ്ടായെങ്കില്‍ കോടതി തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ തവണ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇന്നലെ മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേരില്‍ തട്ടിയാണ് ചര്‍ച്ച പൊളിഞ്ഞത്. മുഖ്യമന്ത്രി നിര്‍ദേശിച്ച ആദ്യ പേരുകാരുടെ കാര്യത്തില്‍ പുനഃപരിശോധന ആകാമെന്നും, എന്നാല്‍ സിസ തോമസിന്റെ പേര് അംഗീകരിക്കാനാകില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു. എന്നാല്‍ സാങ്കേതിക സര്‍വകലാശാലയിലേക്ക് സിസ തോമസും, ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് ഡോ. പ്രിയ ചന്ദ്രനും യോഗ്യരാണെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ഡിജിറ്റല്‍ സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍, വിസി പദവിയിലേക്ക് മുഖ്യമന്ത്രി നിര്‍ദേശിച്ച ഡോ. സജി ഗോപിനാഥിനെതിരെ ആരോപണം ഉണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ മുഖ്യമന്ത്രിയെ അറിയിച്ചതാണ്. മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെങ്കില്‍ അദ്ദേഹം എന്തുകൊണ്ട് എത്തിയില്ലെന്നും ഗവര്‍ണര്‍ ആരാഞ്ഞു.
സെര്‍ച്ച് കമ്മിറ്റി നല്‍കിയ വിസി നിയമന പാനലില്‍ നിന്നും ഡിജിറ്റലിലേക്ക് ഡോ. സജി ഗോപിനാഥിനെയും സാങ്കേതിക സര്‍വകലാശാലയിലേക്ക് സി സതീഷ് കുമാറിനെയുമാണ് മുഖ്യമന്ത്രി ഒന്നാം പേരുകാരായി നിയമിച്ചത്. ഗവര്‍ണര്‍ ഡോ. പ്രിയ ചന്ദ്രന്‍, ഡോ. സിസ തോമസ് എന്നിവരുടെ പേരുകളും ശുപാര്‍ശ ചെയ്തു. ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ലെന്ന് ഇന്ന് സര്‍ക്കാരും ഗവര്‍ണറും സുപ്രീംകോടതിയെ അറിയിക്കും.
Supreme Court to hear case related to appointment of Vice Chancellors of Kerala Digital and Technological Universities today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

