പെറ്റിക്കേസ് പിഴത്തുകയില്‍ വെട്ടിപ്പ്: പൊലീസുകാരി അറസ്റ്റില്‍, ബാങ്ക് രേഖയില്‍ തിരിമറികാട്ടി തട്ടിയത് 20 ലക്ഷം രൂപ
കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ ക്രമക്കേട് നടത്തിയതിന് സസ്പെന്‍ഷനിലായ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശാന്തി കൃഷ്ണന്‍ അറസ്റ്റില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന് തിങ്കളാഴ്ച രാത്രി വൈകി ഇവരെ പിടികൂടിയിരുന്നു. ശാന്തി കൃഷ്ണനെ കോട്ടയം വിജിലന്‍സ് കോടതി സെപ്റ്റംബര്‍ എട്ടു വരെ റിമാന്‍ഡ് ചെയ്തു.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പ്രതി എത്താത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജ രേഖയുണ്ടാക്കി പണം തട്ടല്‍, സര്‍ക്കാര്‍ രേഖകള്‍ തിരുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യല്‍, അഴിമതി നിരോധന നിയമം തുടങ്ങി വിവിധ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസാകയാല്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
2018 ജനുവരി ഒന്നുമുതല്‍ 2022 ഡിസംബര്‍ 31 വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മൂവാറ്റുപുഴ പൊലീസ് പിരിച്ചെടുത്ത തുകയില്‍നിന്ന് ബാങ്ക് രേഖകളില്‍ കൃത്രിമം കാണിച്ച് 20.8 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ബാങ്കിലടയ്ക്കേണ്ട തുക അടയ്ക്കാതെ ട്രഷറി രസീതുകളും (ടിആര്‍ രസീത്), വൗച്ചറുകളും തിരുത്തിയും മായ്ച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാഷ് ബുക്കും ബാങ്ക് രസീതുകളുമാണ് ഇപ്പോള്‍ പ്രധാനമായും പരിശോധിച്ചിട്ടുള്ളത്. കേസെടുക്കുമ്പോള്‍ 16.75 ലക്ഷത്തിന്റെ ക്രമക്കേടായിരുന്നു.
മറ്റ് അടവുകള്‍ കഴിഞ്ഞ് പരമാവധി 35,000 രൂപ വരെ ശമ്പളത്തുക കൈയില്‍ കിട്ടാവുന്ന ഉദ്യോഗസ്ഥ ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം രൂപ വരെ മാസം തോറും വിവിധ ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
woman police officer arrested for irregularity in traffic petty case fine
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


