

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധിക്കായി കേരളം കാത്തിരിക്കെ പ്രതികരണവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് എന്ന് തുടങ്ങുന്ന കുറിപ്പില്‍ പറയുന്നു.
ആക്രമിക്കപ്പെട്ട യുവതി തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും, കേരളക്കരയെ ഒന്നാകെയുമാണെന്നും അതിന്റെ പ്രത്യാഘാതം സാമൂഹിക മന:സാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയര്‍ത്തുകയും ചെയ്തു. ഈ കാലമത്രയും നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള്‍ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകള്‍ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാ അതിജീവിതകള്‍ക്ക് ഒപ്പവും നില്‍ക്കുന്നുവെന്നും ഡബ്യൂസിസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രാവിലെ 11നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിധി പറയാന്‍ പരിഗണിക്കുക. 12 മണിക്കു മുന്‍പു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറയുമെന്നാണു കരുതുന്നത്. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളില്‍ അവധിയെടുത്താണു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകള്‍ നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates