

പാലക്കാട്: ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ഛത്തീസ്ഗഢ് സ്വദേശി രാം നാരായണ്‍ (31) കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം. രണ്ടുമണിക്കൂറിലേറെ നേരം പതിനഞ്ച് പേര്‍ അടങ്ങിയ സംഘം ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അഞ്ചുപേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. മര്‍ദിച്ച സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നാടുവിട്ടതായും പൊലീസ് പറയുന്നു. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടായേക്കും. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി.
വാളയാര്‍ അട്ടപ്പള്ളത്ത് ബുധനാഴ്ചയാണ് രാംനാരായണ്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സ പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ ബിബിന്‍ (30), അനന്തന്‍ (55), അട്ടപ്പള്ളം കല്ലങ്കാട് എ അനു (38) എന്നിവര്‍ റിമാന്‍ഡിലാണ്.
രാം നാരായണിനെ മര്‍ദിക്കുന്ന വീഡിയോകളില്‍നിന്നും ചിത്രങ്ങളില്‍നിന്നും തിരിച്ചറിയാന്‍ കഴിഞ്ഞ അഞ്ചുപേരെയാണ് ആദ്യഘട്ടത്തില്‍ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളുടേതുള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫോണുകളില്‍നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ വെച്ച് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും.
ഇവിടെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്ന വീഡിയോകള്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നതിനു മുന്‍പുതന്നെ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നതായാണു വിവരം. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനെയടക്കം ചോദ്യം ചെയ്യും. ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചവര്‍ക്കെതിരേയും കേസെടുത്തേക്കും.
അതേസമയം, കൊടിയ പീഡനമാണ് രാംമനോഹര്‍ നേരിട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാംനാരായണന്‍ മരിച്ച ശേഷവും കൊടിയ മര്‍ദനത്തിന് ഇരയായെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. പതിനായിരം മൃതദേഹങ്ങള്‍ ഇതിനകം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മര്‍ദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പ്രതികരിച്ചു. ബുധനാഴ്ച രാത്രി രാംനാരായണന്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് അറിയിച്ചെന്നാണ് എഫ്ഐആര്‍. രാംനാരായണനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates