

കണ്ണൂർ: വിവാദമായ കണ്ണൂർ സർവകലാശാല പിജി സിലബസ് പിൻവലിക്കില്ലെന്ന് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. എത്ര പ്രതിഷേധം ഉണ്ടായാലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോൾവാൾക്കറും സവർക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാർത്ഥികൾ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാൻ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.
കണ്ണൂർ സർവകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിനെതിരെ ഇടത് വിദ്യാർത്ഥി സംഘടന പ്രതിഷേധത്തിലേക്ക് നീങ്ങുമ്പോഴും വൈസ് ചാൻസിലർ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കേരളത്തിലെ മറ്റ് സർവ്വകലാശാലകളും ഈ പുസ്തകങ്ങൾ പഠിപ്പിക്കണം. എക്സ്പേർട്ട് കമ്മിറ്റി തന്ന ഗവേർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താൻ മുഴുവനായി വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
സിലബസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് ഇന്ന് 11 മണിക്ക് യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തും. വിഷയം ചർച്ച ചെയ്ത് നിലപാട് തീരുമാനിക്കാൻ യൂണിവേഴ്സിറ്റി യൂണിയൻ ഭരിക്കുന്ന എസ്എഫ്ഐ യോഗവും ഇന്ന് ചേരും. പ്രതിപക്ഷ സംഘടനകളായ കെഎസ്‍യുവും എംഎസ്എഫും തുടർ സമരങ്ങൾ നടത്തുമെന്ന് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates