കോഴിക്കോട്: ഭക്ഷണമില്ലാതെ സൂര്യനിൽനിന്ന് ഊർജം സ്വീകരിച്ച് വർഷങ്ങൾ ജീവിക്കാമെന്ന് തെളിയിച്ച ഹീര രത്തൻ മനേക് (85) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് അന്ത്യം. സൗരോർജത്തിന്റെ പ്രചാരകനായി സ്വന്തംശരീരം പരീക്ഷണശാലയാക്കിയ ഇദ്ദേഹം 'ഹീരാ രത്തൻ മനേക് പ്രതിഭാസ'ത്തിന്റെ ഉപജ്ഞാതാവാണ്. 
1937ൽ ഗുജറാത്തിൽ ജനിച്ച ഹീര രത്തന്റെ കുടുംബം കച്ചവടത്തിനായി കോഴിക്കോട്ടെത്തി വികാസ് നഗർ കോളനിയിൽ താമസമാക്കുകയായിരുന്നു. പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമത്തിൽനിന്നാണ് സൂര്യോപാസനയെക്കുറിച്ച് അറിഞ്ഞത്. 1992ൽ അദ്ദേഹം സൂര്യോപാസന തുടങ്ങി.1995ൽ തുടർച്ചയായി 211 ദിവസം കോഴിക്കോട്ട് ഉപവാസം അനുഷ്ഠിച്ചു. അഹ്മദാബാദിൽ വച്ച് 2001 ജനുവരി മുതൽ 411 ദിവസം തുടർച്ചയായി ഭക്ഷണമുപേക്ഷിച്ച് ഉപവാസമനുഷ്ഠിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്. നാസ ഇദ്ദേഹത്തെ ക്ഷണിച്ച് പഠനം നടത്തുകയും ബഹിരാകാശയാത്രികർക്ക് ക്ലാസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സൂര്യരശ്മി മനുഷ്യൻ നേരിട്ട് സ്വീകരിച്ച് ഭക്ഷണം കൂടാതെ കഴിയാം എന്നാണ് ഹീരാ രത്തൻ തെളിയിച്ചത്. മസ്തിഷ്കത്തെ സൗരോർജം ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനെക്കുറിച്ച് 'ബ്രെയിന്യൂട്ടർ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. വിമല ബെൻ ആണ് ഭാര്യ, മക്കൾ: ഹിതേഷ്, നമ്രത, പരേതനായ ഗിതെൻ. മരുമക്കൾ ഹീന, മയൂർത്ത മൂത്ത. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
