'പ്രസംഗിക്കുന്ന എഴുത്തുകാരിയുടെ സാരിക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്'; കുറിപ്പ് 

നിന്റെ കൂടെ അവന്‍ കിടക്കുമ്പോള്‍ അത് ഞാനാണെന്ന് നീ സങ്കല്‍പ്പിക്കുക
ഇന്ദുമേനോന്‍/ഫെയ്‌സ്ബുക്ക്‌
ഇന്ദുമേനോന്‍/ഫെയ്‌സ്ബുക്ക്‌
Updated on
3 min read

''പെണ്‍കുട്ടികളും സ്ത്രീകളും എഴുതിക്കോട്ടെ. ആയിരക്കണക്കിനു പ്രശനങ്ങളില്‍ നിന്നു കൊണ്ട്, പതിനായിരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് അടുക്കള ചുമന്നും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പട്ടിയെപ്പോലെ പേറിയും ഗതികെട്ടാണ് ഞങ്ങള്‍ എഴുതുന്നത്. കവിത്തന്തമാരും അവതാരികാകൃഷ്ണന്മാരും രതിയധ്യാപകരും ഞങ്ങള്‍ക്ക് തന്തത്താഴ് പണിയേണ്ടതില്ല. നിങ്ങളുടെയൊന്നും ഔദാര്യമോ ഓശാരമോ ഇല്ലാതെ തന്നെ വളരാനും എഴുതാനും ഞങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ട്.''- സമീപകാലത്ത് മലയാളത്തിലെ എഴുത്തുലോകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ എണ്ണമിട്ടു നിരത്തി എഴുത്തുകാരി ഇന്ദു മേനോന്‍ എഴുതുന്നു. മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമ്പോള്‍ അതു സ്ത്രീകളുടെ തെറ്റാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഇന്ദു മേനോന്‍ പറയുന്നു. ഇത്തരം ആളുകളിരിക്കുന്ന വേദിയില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയും ഇന്ദു മുന്നോട്ടുവച്ചിട്ടുണ്ട്.

ഇന്ദു മേനോന്റെ കുറിപ്പ് : 


പൂങ്കോഴിത്തന്തമാരുടെ ലോകം

മലയാള സാഹിത്യസാംസ്‌കാരികലോകത്ത് കഴിഞ്ഞ കുറച്ചു നാളായി സ്ത്രീകളുടെ തുറന്നു പറച്ചിലുകള്‍ നടന്നുകൊണ്ടിരിയ്ക്കയാണ്. ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായി ഒന്നുമില്ല. എല്ലാക്കാലത്തും ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്.  മിഠായി കൊച്ചുകുട്ടികള്‍ക്ക് വാരിക്കൊടുത്തും ആത്മരഹസ്യം പാടിയും എത്ര കവികള്‍!!
'അവള്‍ നിന്നു ചിരിച്ചിട്ടല്ലേ? അവളെന്റെ കാറില്‍ കയറിയി അയാള്‍ക്കൊപ്പം നടന്നിട്ടല്ലേ? ഒരുമിച്ച് ചായകുടിച്ചിട്ടല്ലേ? അല്‍പ്പം കൂടി കടന്നു കഴിഞ്ഞാല്‍ അവളാ ഉടുപ്പിട്ടിട്ടല്ലെ? അവള്‍ സന്ധ്യയ്ക്ക് പുറത്തിറങ്ങിയിട്ടല്ലെ? ഹാ അവള് പോക്കു കെസ്സാണെന്നെ. അയാള്‍ക്കൊപ്പം നടന്നാല്‍ അവള്‍ക്ക് പുതിയ റോള്‍ കിട്ടുമെന്ന് കരുതിയിട്ടല്ലെ?. ഇങ്ങനെ പോയ്യോണ്ടല്ലെ, പാട്ട് പാടാന്‍ അവസരം കിട്ടിയത്? എങ്ങനാ അവളുടെ കഥ വന്നത്? എഡിറ്ററുമായുള്ള ബന്ധമാര്‍ക്കാണറിയാത്തത്?' 
നാട്ടുപാട്ടുകാരന്മാരും കൃഷ്ണപക്ഷലിംഗംതൂക്കികളും സദാ സ്ത്രീകള്‍ക്കെതിരെ ആര്‍പ്പിട്ടുകൊണ്ടിരിയ്ക്കുന്നു. 
സ്ത്രീയാണ് മോശക്കാരിയെന്നു വരുത്തിത്തീര്‍ക്കാനുള്ള കഠിനശ്രമം. അവള്‍ പോക്കുകേസ്സാണെന്ന ഒരു സര്‍ട്ടിഫിക്കറ്റില്‍, ഒരപവാദ പ്രചരണത്തില്‍ തീരാവുന്നതോ, ഊരിപ്പോരാവുന്നതോ ആയ മീറ്റൂകളെ ഈ നാട്ടിലുള്ളൂ എന്ന ധാര്‍ഷ്ട്യം. ആണഹന്ത. സിനിമയിലാണ് ലൈംഗിക മൂലധനം ലിബെറേറ്റ് ചെയ്ത് മനുഷ്യര്‍ അവസരം വാങ്ങിയത്, കാസ്റ്റിങ്ങ് കൗച്ച് എന്നൊക്കെ ഏറെക്കേട്ടു. ഇന്നിപ്പോള്‍ സാഹിത്യനഭോമണ്ഡലത്തിലും കേള്‍ക്കുന്നു. പുതിയതല്ല. മറച്ചു വെച്ചവ പൊന്തിപ്പൊന്തി വരികയാണ്. 
1. മീങ്കറിയുണ്ടാക്കിത്തരാം വീട്ടിലേയ്ക്കു പോരൂ എന്ന് റോബിന്‍ ബ്ലൂവില്‍ മുങ്ങിയ നീലക്കുറുക്കനെപ്പോലെ പറഞ്ഞ് വ്യാമോഹിപ്പിച്ച്, സുഹൃത്തായ യുവതിയെ വീട്ടിലെത്തിച്ച്, സ്രീമോയുടെ കഴുത്തു പിടിച്ച് ഞെരിച്ച് ലൈംഗികമായി ആക്രമിച്ചവവനെതിരെ നിയമപരമായ പരാതിയുണ്ട്.
2. പൈസതരാം എത്രയും തരാം ഒരുതവണ എനിയ്‌ക്കൊപ്പം വരൂ എന്ന് കെഞ്ചിയ പത്രമുതലാളിയുണ്ട് ആ കഥ പറഞ്ഞത് മലയാളത്തിലെ പ്രണയ രാജകുമാരിയായ എഴുത്തുകാരിയാണ്.
3. കാറിലൊപ്പം ചെന്ന പെണ്‍കുട്ടിയുടെ നെഞ്ചില്‍ കയറിപ്പിടിച്ച ബത്തേരി റോഡിലെ നാട്ടുവഴികളുണ്ട്.
4. അവതാരിക തരാമെന്നു പറഞ്ഞ് വീട്ടില്വരാന്‍ പുതിയ എഴുത്തുകാരിയെ വിളിച്ച് കൃഷ്ണപക്ഷക്കാരനുണ്ട്
5. വരൂ ഹോട്ടെല്‍ മുറിയിലിരുന്നു കവിത വായിക്കാമെന്നു നിര്‍ബന്ധപൂര്‍വ്വം വിദ്യാര്‍ത്ഥിനിയുടെ കൈപിടിച്ച് വലിച്ച കോളേജ് വാധ്യാരുണ്ട്
6. നിന്റെ കൂടെ അവന്‍ കിടക്കുമ്പോള്‍ അത് ഞാനാണെന്ന് നീ സങ്കല്‍പ്പിക്കുക,നിങ്ങളുടെ ചുംബനവേളകളില്‍ എന്നെയാണ് നീ ചുംബിക്കുന്നതെന്ന് സങ്കല്‍പ്പിക്കുക, അവന്‍ ഞാന്‍ തന്നെയാണെന്നും എന്നു ജയദേവഗീതകം കോളേജില്‍ പഠിയ്ക്കുന്ന കുട്ടിയോട് ഫോണ്‍ ചെയ്തു പറയുന്ന സ്‌കൂള്‍ മാഷുമാരുണ്ട്.
7. രാത്രി പതിനൊന്നിനു ശേഷം മദ്യപിച്ചു നില തെറ്റിയ ശബ്ദത്തില്‍ എടീ പോടീ എന്ന് വിളിച്ചു നിര്‍ത്താതെ കവിത പാടുകയും, പാടെടീ എന്ന്, യൂണിവേര്‍സിറ്റിയില്‍ പഠിയ്ക്കുന്ന പെണ്‍കുട്ടിയോട് നിര്‍ബന്ധിക്കുകയും ചെയ്യുന്ന പ്രമുഖ മലയാളമരക്കവിയുമുണ്ട്.
8. കവിത കേള്‍ക്കാന്‍ ബോട്ടിലേയ്ക്ക് വിളിച്ചു മഴയത്ത് കവയത്രിയെ ഉപദ്രവിച്ച കവിയുണ്ട്.
9. ഈ നക്‌സസ്സലന്‍ എന്നോട് കാല് പിടിച്ച് മാപ്പു പറഞ്ഞതുകൊണ്ടല്ല മറിച്ച് അയാളെന്നെ ഉപദ്രവിയ്ക്കാന്‍ നോക്കിയെന്ന് പറഞ്ഞാല്‍ എനിക്കുണ്ടാകുന്ന അപമാനമോര്‍ത്താണെന്ന് പറഞ്ഞ കഥയിലും കവിയുണ്ട്
10. പ്രസംഗിയ്ക്കുന്ന് എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്
11. എന്റെ കസിന്റെ മകനെ ഈ എഴുത്തുകാരന്‍ കുട്ടിയായിരുന്ന കാലത്ത് സെക്ഷ്വലി അബ്യൂസ്സ് ചെയ്തുവെന്നു ഒരു സ്ത്രീ പരസ്യമായി ഗ്രൂപ്പില്‍ പരാമര്‍ശിച്ച നോവലിസ്റ്റുണ്ട്
12. കല്യാണ വീട്ടില്‍ സ്വന്തം വിദ്യാര്‍ത്ഥിനിയെ ചന്തിയ്ക്കു പിടിച്ച അധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്.
13. നിലാവില്‍ നടക്കാമെന്നു പറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിയ്ക്കയും ലൈംഗിക ബന്ധത്തിനായി പ്രേരിപ്പിക്കുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനും കവിയുമായൊരാളുണ്ട്
6,7,13  എന്നിവ സാമൂഹിക മാധ്യമങ്ങളില്‍ ആ വ്യക്തികള്‍ തന്നെ എഴുതിയവയും  8 ഒരു സുഹൃത്ത് അവരുടെ സുഹൃത്തിനുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞവയുമ്മാണ്. ബാക്കിയുള്ളവ നേരിട്ടു കണ്ടതോ വ്യക്തികള്‍ തന്നെ എന്നോട് നേരിട്ടു പറഞ്ഞതോ ആണ്. 
ഇവരെല്ലാം കൂടി സാഹിത്യലോകം സാംസ്‌കാരിക ലോകം മുച്ചൂടും നശിപ്പിക്കുകയാണ്. മീ റ്റൂ പറഞ്ഞ പെണ്‍കുട്ടികളെല്ലാം ചീത്തയോ പോക്കുകേസ്സുകളോ ആയി മാറ്റുന്നതില്‍ ഇത്തരക്കാരും സംഘങ്ങളും  പലപ്പോഴും വിജയിക്കുന്നുണ്ട്. പരാതി കൊടുത്താല്‍ പോലീസ്സുകാര്‍ക്ക് ഇത്രേ ഉള്ളൂ ഒന്നു അമ്മിഞ്ഞയില്‍ പിടിച്ചല്ലേ ഉള്ളൂ എന്നു നിസ്സാരവത്കരിയ്ക്കലാണ്. നിയമത്തിന്റെ ചുറ്റിയ്ക്കലും ക്രമവുമാകുമ്പോഴേയ്ക്കും ടോര്‍ച്ചര്‍ താങ്ങാനാവാതെ മനുഷ്യര്‍ വിട്ടുപോകുകയാണ്. എതിര്‍ശബ്ദമുയര്‍ത്തിയ സ്ത്രീയെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളാണ്.
 ഇവരുടെയൊക്കെ എഴുത്തിലൂടെയും കവിതകളിലൂടെയും വഴുവഴുക്കുന്നതും അറപ്പിക്കുന്നതുമായ എന്തോ ഒഴുകുന്നുണ്ട്. ഇവരുടെ വാക്കുകളില്‍ മലിനമാംസകാരിയായ കുരിശുകള്‍ ഒട്ടിനില്‍ക്കുന്നുണ്ട്. ആരും ഞങ്ങളെ ഒന്നും ചെയ്യില്ല. ഇതെല്ലാം ഞങ്ങള്‍ക്ക് പൊന്‍ തൂവലാണ് എന്ന വിജയ്ബാബുധാര്‍ഷ്ട്യം സദാ കൊമ്പല്ലിളിയ്ക്കുന്നുണ്ട്. എത്ര ചര്‍ദ്ദിച്ചാലും പോകാത്ത ജുഗുപ്‌സ നിങ്ങളെപ്രതി മനസ്സില്‍ കെട്ടി നില്‍ക്കുന്നു. എത്ര ഓക്കാനിച്ചാലും പോകാത്ത കൃഷ്ണപക്ഷവെളുകച്ചിരികളില്‍ ചെന്നായ് വായെന്നോനം ഉമിനീരൊഴുകുന്നത് ഭയപ്പെടുത്തുന്നുണ്ട്.
പെണ്‍കുട്ടികളും സ്ത്രീകളും എഴുതിക്കോട്ടെ. ആയിരക്കണക്കിനു പ്രശനങ്ങളില്‍ നിന്നു കൊണ്ട്, പതിനായിരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് അടുക്കള ചുമന്നും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പട്ടിയെപ്പോലെ പേറിയും ഗതികെട്ടാണ് ഞങ്ങള്‍ എഴുതുന്നത്. കവിത്തന്തമാരും അവതാരികാകൃഷ്ണന്മാരും രതിയധ്യാപകരും ഞങ്ങള്‍ക്ക് തന്തത്താഴ് പണിയേണ്ടതില്ല. നിങ്ങളുടെയൊന്നും ഔദാര്യമോ ഓശാരമോ ഇല്ലാതെ തന്നെ വളരാനും എഴുതാനും ഞങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ട്.
സാംസ്‌കാരിക പ്രവര്‍ത്തകരോട്  ഒരു അഭ്യര്‍ത്ഥന ദയവു ചെയ്ത് ഇത്തരം ആളുകളിരിയ്ക്കുന്ന വേദിയില്‍ നിന്നും എന്നെ ഒഴിവാക്കുക.
ഗവണ്മെന്റിനോട് യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെ പോണ്‍ ഹബ്ബുകളും പിഗാളുകളും  പണിയുകയും രത്യുപകരണങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്യുക
കോഴിത്തന്തമാരെ ദയവ് ചെയ്ത് സ്ത്രീകളെ വളര്‍ത്താന്‍ വരല്ലെ. തളര്‍ത്താനും ഞങ്ങളെങ്ങനെയും ജീവിച്ചു പോയ്‌ക്കോട്ടെ

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com