

"ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട. എൻ്റെ യൂണിയൻ ഓഫീസിൽ വിളിക്കണം, അവർ ഒരു മണിക്കൂറിനുള്ളിൽ എൻ്റെ ശവമടക്കിനുള്ള പണവുമായി ഇവിടെ എത്തും", അൻപത് വർഷത്തോളം കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ഭാര്യാ പിതാവ് ജീവിച്ചരുന്ന കാലമത്രയും ഈ ഉറപ്പിന്മേലാണ് കഴിഞ്ഞത്. എന്നാൽ, അദ്ദേഹം മരിച്ച് ഒരു വർഷത്തോടടുക്കുമ്പോഴും ആ വിശ്വാസം പാലിക്കപ്പെടാത്തതിന്റെ നോവ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരൻ ശ്രീകണ്ഠൻ കരിക്കകം.
കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ്റെ പെൻഷൻ പദ്ധതിയെക്കുറിച്ചാണ് ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വിവരിച്ചിരിക്കുന്നത്. പണിക്കിറങ്ങിയ കാലം മുതൽ തുച്ഛമായ ശമ്പളത്തിൽ നിന്ന് മിച്ചംപിടിച്ച് ഒരു മാസം പോലും മുടക്കം വരുത്താതെ അടച്ച പണമാണ് ഇന്നും ഫയലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.
ശ്രീകണ്ഠൻ കരിക്കകം പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം
എൻ്റെ ഭാര്യയുടെ അച്ഛൻ ഏതാണ്ട് അൻപത് വർഷത്തോളം കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. ചെളിയും മണ്ണും സിമൻ്റും ഒക്കെ കുഴഞ്ഞുമറിഞ്ഞ ഒരു തരം കോൺക്രീറ്റ് ജീവിതം! പല തവണ അപകടങ്ങൾ. രോഗങ്ങൾ. പണിക്കിറങ്ങിയ കാലത്തു തന്നെ കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ്റെ പെൻഷൻ പദ്ധതിയിൽ ചേർന്നു. ഒരു മൺകുടുക്കയിൽ ദിവസവും കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നും ചില്ലറ തുട്ടുകൾ ശേഖരിച്ച് ഒരൊറ്റ മാസം പോലും മുടങ്ങാതെ പണം അടച്ചു.
മരുമകനായി ഞാൻ ആ വീട്ടിൽ ഞാൻ ചെന്ന നാളുകളിലൊന്നിൽ അദ്ദേഹം പറഞ്ഞു:
"ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട. എൻ്റെ യൂണിയൻ ഓഫീസിൽ വിളിക്കണം, അവർ ഒരു മണിക്കൂറിനുള്ളിൽ എൻ്റെ ശവമടക്കിനുള്ള പണവുമായി ഇവിടെ എത്തും "
എനിക്കഭിമാനം തോന്നി. ലോകത്തൊരിടത്തും കാണില്ല, ഇങ്ങനെ ഇത്രയും കെട്ടുറപ്പുള്ള സംഘടനാ സംവിധാനം! ദിവസക്കൂലിക്കാരൻ്റെ ശവം കിടന്ന് നാറില്ല!
കഴിഞ്ഞ വർഷം പതിനൊന്നാം മാസം ഭാര്യാപിതാവ് മരണമടഞ്ഞു. ഏതാണ്ട് മരണം ഉറപ്പിച്ച നാളുകളിലൊന്നിലും അദ്ദേഹം ഭാര്യയെ കണ്ണീരിലാക്കാൻ ഇക്കാര്യം ഓർമ്മിപ്പിച്ചു.
മരിച്ചു കഴിഞ്ഞയുടൻ ഞാൻ അദ്ദേഹം ജീവിച്ചിരിക്കെ പറഞ്ഞതുപോലെ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെട്ടു.
ആ ഫോൺ നമ്പർ നിലവിലുണ്ടായിരുന്നില്ല!റീത്തും പണവും ഒന്നും വന്നില്ലാ.
ഞങ്ങൾ അതു വിട്ടു. കാര്യങ്ങളെല്ലാം ഭംഗിയായി നടത്തി. അതിനിടയിലും ഭാര്യയുടെ അമ്മയുടെ നിർബന്ധത്താൽ ഞാൻ ആ ഓഫീസിൽ പോയി. കാര്യങ്ങൾ പറഞ്ഞു. അവിടെ നിന്ന്, മുഖത്ത് നോക്കാത്ത, വ്യക്തയില്ലാത്ത ശൈത്യനിഗൂഢതയുള്ള മറുപടികൾ!
മരണപ്പെട്ട മനുഷ്യൻ്റെ വലിയ പ്രതീക്ഷയും ബലവും ആയിരുന്നല്ലോ - ഇത്! എന്നോർത്തു.
യു.ആർ. അനന്തമൂർത്തിയുടെ സംസ്ക്കാര എന്ന നോവലിൽ സംസ്ക്കാര കർമങ്ങൾ നടത്തുവാനാകാതെ ചീയുന്ന ഒരു മൃതശരീരമുണ്ട്. നോവലിലെ പ്രധാന കഥാപാത്രം! അതുപോലെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നിന്നും കിട്ടുന്ന മൂവായിരം രൂപയും പ്രതീക്ഷിച്ച് ശവക്കച്ചയും പുതച്ച് കിടക്കുന്ന ഭാര്യാപിതാവിനെ ഞാൻ മടക്കയാത്രയിൽ കണ്ടു.
(അവർ തരുന്ന മൂവായിരം രൂപ ഇന്നത്തെ കാലത്ത് അടക്കം നടത്താൻ ഒരു കുഴി എടുക്കാൻ വരുന്നയാൾക്ക് കൊടുക്കാൻ തികയാത്ത പണമാണത്. )
തൈക്കാടുള്ള ആ ഓഫീസിൽ ഞാൻ ഒരു വാശിയോടെ നിരന്തരം കയറിയിറങ്ങി. മുവായിരം രൂപ മരണപ്പെട്ടയാളിൻ്റെ ഭാര്യയുടെ അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ് കുറേ രേഖകൾ വാങ്ങിച്ചു. ഒരു ടോക്കൺ തന്നു.
ഇനി ഏതാനും മാസങ്ങൾ കഴിയുമ്പോൾ ആ വിയോഗത്തിന് ഒരു വർഷം തികയും.
ഭാര്യയുടെ അമ്മ ഇപ്പോഴും ഭർത്താവിൻ്റെ പഴയ തൊഴിലിനെക്കുറിച്ചും അന്ന് കിട്ടിയിരുന്ന പത്തു രൂപ കൂലിയെക്കുറിച്ചും അതിൽ നിന്നും ചില്ലറ പൈസ ശേഖരിക്കുന്നതിനെക്കുറിച്ചെല്ലാം പറയും.
സങ്കടമാണ് അതെല്ലാം കേൾക്കുന്നത്.
"വീട് പട്ടിണി കിടക്കുമ്പോഴും അതിൽ നിന്നും ചില്ലി കാശ് എടുത്തിട്ടില്ല. ഒരു ദിവസത്തെ പണികളഞ്ഞാണ് പലപ്പോഴും കാശ് കൊണ്ടടയ്ക്കാൻ പോയിരുന്നത്. " അവർ പറയും.
ഈ ഓണത്തിനും ആ പണം കിട്ടില്ല. ഇനി ഒരിക്കലും കിട്ടിയെന്നും വരില്ല. ആരുടെ വിശ്വാസങ്ങളെ എറിഞ്ഞുടച്ചാലും ഇത്തരം മനുഷ്യരുടെ ഉള്ളിലെ വിശ്വാസങ്ങളെ തകർക്കരുത്. ഈ മൺകുടുക്കകൾ പൊട്ടിയാൽ പിന്നെ കൂട്ടിച്ചേർക്കാൻ പ്രയാസമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates