പഠിച്ചത് പത്ത് വരെ, എൻജിനിയർ ആണെന്ന് പരിചയപ്പെടുത്തി; ഏഴരലക്ഷത്തിന്റെ കമ്പി തട്ടിയെടുത്ത് മറിച്ചുവിറ്റു, ​ഗോവയിൽ കറക്കം; ഒടുവിൽ പിടിയിൽ  

പത്തര ടൺ കമ്പിയാണ് ഇയാൾ കടയുടമയെ കബിളിപ്പിച്ച കൈക്കലാക്കിയത്
ദിജിൽ സൂരജ്
ദിജിൽ സൂരജ്
Updated on
1 min read

കോഴിക്കോട്: എൻജിനിയർ ആണെന്ന വ്യാജേന കടയുടമയെ പറ്റിച്ച് ഏഴരലക്ഷത്തോളം രൂപയുടെ കമ്പി തട്ടിയെടുത്ത പ്രതി പിടിയിൽ. കണ്ണൂർ താവക്കര സ്വദേശി ദിജിൽ സൂരജ് (34) ആണ് അറസ്റ്റിലായത്. കോൺക്രീറ്റിനായി ഉപയോഗിക്കുന്ന പത്തര ടൺ കമ്പിയാണ് ഇയാൾ കടയുടമയെ കബിളിപ്പിച്ച കൈക്കലാക്കിയത്. 

നവംബർ 27-നാണ് എൻജിനിയറാണെന്ന് പറഞ്ഞാണ് ദിജിൽ കോരങ്ങാട് സിമന്റ് ഹൗസ് എന്ന സ്ഥാപനത്തിൽ എത്തി കടയുടമ അബ്ദുൾ ബഷീറിനെ പരിചയപ്പെട്ടത്. നാലോളം വർക്ക് സൈറ്റുകളിലേക്കായി പത്തര ടണ്ണോളം കമ്പി ഇറക്കണമെന്നാണ് ദിജിൽ ആവശ്യപ്പെട്ടത്. അമ്പതിനായിരം രൂപയും ബാക്കി തുകയ്ക്കുള്ള ചെക്കും നൽകിയാണ് ഓർഡർ നൽകിയത്. ഇതനുസരിച്ച് നിർമാണം നടക്കുന്ന ഒരു വീടിന് സമീപം റോഡരികിലായി കടയുടമ 10.400 ടൺ കമ്പികൾ എത്തിച്ചു. അന്ന് അർധരാത്രി ഒരുലോറിയുമായി സ്ഥലത്തെത്തിയ ദിജിൽ ഏതാനും യുവാക്കളെ ഉപയോഗിച്ച് കമ്പികളെല്ലാം ലോറിയിൽ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. 

മറിച്ചുവിറ്റ് മൂന്ന് ലക്ഷം വാങ്ങി

കമ്പി വയനാട് പടിഞ്ഞാറത്തറയിലെ മറ്റൊരു കടയിൽ ദിജിൽ വില കുറച്ചു വിറ്റു. വർക്ക്‌സൈറ്റിൽ ബാക്കിയായ കമ്പികളെന്ന് പറഞ്ഞാണ് ഇവിടെ വിൽപന നടത്തിയത്. കമ്പിക്ക് മൂന്ന് ലക്ഷം രൂപ വാങ്ങിയ ദിജിൽ ബാക്കി തുക രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് പറഞ്ഞ് മടങ്ങി. സുഹൃത്തുക്കൾക്കൊപ്പം ​ഗോവയിലെത്തിയ ഇയാൾ രണ്ട് ദിവസം അവിടെ തങ്ങി. കോഴിക്കോട് തിരിച്ചെത്തിയശേഷം തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി കറങ്ങി. 

പഠിച്ചത് പത്താം ക്ലാസ് വരെ

ഇറക്കിയ കമ്പികൾ ഒറ്റ രാത്രികൊണ്ട് കാണാതാവുകയും ദിജിൽ നൽകിയ ചെക്ക് മടങ്ങുകയും ചെയ്തതോടെ അബ്ദുൾ ബഷീർ പൊലീസിൽ പരാതി നൽകി. മലപ്പുറത്തെ ഒരു ലോഡ്ജിൽ കഴിയവേയാണ് അന്വേഷണസംഘം പ്രതിയെ പിടികൂടുന്നത്.  താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്താം ക്ലാസ് വരെ മാത്രം പഠിച്ച ദിജിൽ സ്മാർട്ട് ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നതെന്നും സമാനതട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com