'അഭിനയം രാഷ്ട്രീയം ആക്കുന്നവര്‍ക്ക് ഇത് പ്രശ്‌നമല്ല, രാഹുല്‍ ഒന്നു നിഷേധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു'
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമുള്ള നടന്‍ രമേശ് പിഷാരടിയുടെ പ്രതികരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ ആരോപണങ്ങള്‍ ഒന്ന് നിഷേധിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു. ഇപ്പോള്‍ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊതുസമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് അവസ്ഥ. അഭിനയം രാഷ്ട്രീയം ആക്കുന്നവര്‍ക്ക് ഇത് പ്രശ്‌നമല്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ രമേശ് പിഷാരടിയ്ക്ക് എഴുതിയ തുറന്ന കത്തില്‍ പറയുന്നു.
രാഷ്ട്രീയം സാമൂഹ്യസേവനം ആക്കുന്നവര്‍ക്ക് സമൂഹത്തെ അഭിമുഖീകരിക്കേണ്ടിവരും. സിനിമ മേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ എല്ലാവരെയും ബാധിക്കുന്നത് പോലെ തന്നെയാണ് പൊതുപ്രവര്‍ത്തന രംഗത്തും. ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ കാണിച്ച താല്‍പ്പര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം സഹപ്രവര്‍ത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസില്‍ എന്തുകൊണ്ട് താങ്കള്‍ കാണിച്ചില്ല. താങ്കള്‍ അടക്കമുള്ളവര്‍ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നു.
ആരോപണങ്ങള്‍ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവര്‍ത്തകയാണ് താന്‍. വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് വില കല്‍പ്പിക്കണം. താങ്കളെ പോലുള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സഹപ്രവര്‍ത്തക സ്‌നേഹയ്ക്കും ഉമാ തോമസ് MLA യ്ക്കും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ MP യുടെ പത്നിയ്ക്ക് നേരെ പോലും ഉണ്ടായ സൈബര്‍ അറ്റാക്കുകള്‍ കണ്ട് ഭയന്നു തന്നെയാണ് ഇത്രയും നാള്‍ വനിതകള്‍ മൗനിയായത്. ഇനിയും നിശബ്ദത പാലിച്ചാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയ നിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. സ്ത്രീപക്ഷത്ത് തന്നെയാണ് തന്റെ കോണ്‍ഗ്രസ്സും നേതാക്കളും. നീതു വിജയന്‍ കുറിപ്പില്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
Mr. രമേശ് പിഷാരടി,
താങ്കൾ ഒരു സുപ്രസിദ്ധനായ താരം എന്നതിലുപരി കോൺഗ്രസുകാരനായ താരം എന്നതിൽ ഏറെ അഭിമാനിച്ചവരാണ് ഞാനടക്കമുള്ള കോൺഗ്രസുകാർ. പക്ഷേ, താങ്കളുടെ ഇന്നത്തെ പരാമർശം ഒരു കോൺഗ്രസ് അനുഭാവിയുടേതല്ലാത്തതായി മാറി. പാർട്ടി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്കെതിരെ നടപടി എടുത്ത കാര്യങ്ങൾ എല്ലാം താങ്കൾക്കും അറിവുള്ളതാണല്ലോ?... പാർട്ടിയുടെ അച്ചടക്ക നടപടി എന്ന് പറയുന്നത് കേവലം പോലീസ് സ്റ്റേഷനിൽ വീഴുന്ന ഒരു FIR ന്റെ അടിസ്ഥാനത്തിലോ, കോടതിയിൽ ശിക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലോ, മാധ്യമ വിചാരണയിലോ അല്ല. മറിച്ചു, പാർട്ടിക്ക് ലഭിക്കുന്ന പരാതികളുടെയും നേതാക്കളുടെ ബോധ്യപ്പെടലുകളുടെയും അടിസ്ഥാനത്തിൽ ആണ്. ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരെ പാർട്ടിക്ക് വ്യക്തമായ ബോധ്യമുള്ളതിനാലാവണം നേതൃത്വം ഇത്തരം അച്ചടക്ക നടപടിയിലേക്ക് കടന്നത് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഒരു യൂത്ത് കോൺഗ്രസ് വനിത നേതാവ് എന്ന നിലയിൽ ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ താങ്കൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. പൊതുസമൂഹത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ഞങ്ങൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഞങ്ങളുടെ പ്രസ്ഥാനത്തിൽ ഉള്ള ഓരോരുത്തർക്കും നേരെ ഉയരുന്ന ആരോപണങ്ങൾ ഞങ്ങളെയും ബാധിക്കുന്നതാണ് എന്ന് നിങ്ങൾ ഓർക്കണം.രാഹുൽ മാങ്കൂട്ടം ഈ ആരോപണങ്ങൾ ഒന്ന് നിഷേധിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് തല ഉയർത്തി നടക്കാമായിരുന്നു. ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊതുസമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥ.അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല. പക്ഷെ രാഷ്ട്രീയം സാമൂഹ്യസേവനം ആക്കുന്നവർക്ക് സമൂഹത്തെ അഭിമുഖീ കരിക്കേണ്ടിവരും. സിനിമ മേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നിങ്ങൾ എല്ലാവരെയും ബാധിക്കുന്നത് പോലെ തന്നെയാണ് പൊതുപ്രവർത്തന രംഗത്തും.
ഈ വിഷയത്തിൽ അഭിപ്രായം പറയാൻ കാണിച്ച താല്പര്യം വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹപ്രവർത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസിൽ എന്തുകൊണ്ട് താങ്കൾ കാണിച്ചില്ല. താങ്കൾ അടക്കമുള്ളവർ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നു. ഇത് കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനമാണ്. ഈ ആരോപണങ്ങൾ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവർത്തകയാണ് ഞാൻ. വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാർട്ടിയുടെ തീരുമാനങ്ങൾക്ക് വില കല്പിക്കണം. എന്തായാലും താങ്കളെ പോലുള്ളവർ കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം.സഹപ്രവർത്തക സ്നേഹയ്ക്കും ഉമാ തോമസ് MLA യ്ക്കും എന്തിനേറെ പ്രിയപ്പെട്ട കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ MP യുടെ പത്നിയ്ക്ക് നേരെ പോലും ഉണ്ടായ സൈബർ അറ്റാക്കുകൾ കണ്ട് ഭയന്നു തന്നെയാണ് ഇത്രയും നാൾ വനിതകൾ മൗനിയായത്.ഇനിയും നിശബ്ദത പാലിച്ചാൽ പല കഴുകന്മാരുടെയും കണ്ണുകൾ പുതിയ നിരയിലെ പെൺകൊടികൾക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. സ്ത്രീപക്ഷത്ത് തന്നെയാണ് എന്റെ കോൺഗ്രസ്സും നേതാക്കളും.
എന്ന്
നീതു വിജയൻ
സംസ്ഥാന ജനറൽ സെക്രട്ടറി
യൂത്ത് കോൺഗ്രസ്
കേരളം
Youth Congress women's leader Neethu Vijayan criticized actor Ramesh Pisharody's response on the Rahul Mamkootathil issue.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

