'രാഷ്ട്രീയ ഭാവിയെ നിഷ്‌കരുണം ചവിട്ടിത്തേച്ചു'; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൊട്ടിത്തെറി, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി രാജിവച്ചു

youth-congress-state-secretary-resigns
ഹിസാന്‍ ഹുസൈന്‍
Updated on
2 min read

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാന്‍ ഹുസൈന്‍ രാജിവച്ചു. വിഴിഞ്ഞം, ഹാര്‍ബര്‍, പോര്‍ട്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് ഹിസാന്‍.

തന്റെ പെട്ടി ചുമക്കുന്ന രാഷ്ട്രീയ അടിമകളെ പാര്‍ട്ടിയുടെയും യുവജന സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളില്‍ തിരുകിക്കയറ്റി വിന്‍സെന്റ് എംഎല്‍എ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.

'യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചവരെപോലും എം.എല്‍.എയുടെ സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി പരിപാടികളില്‍ ഒറ്റപ്പെടുത്തുകയും യോഗങ്ങള്‍ അറിയിക്കാതിരിക്കുകയും വേദികളില്‍ അവഗണിക്കുകയും ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധ രാജി. വിഴിഞ്ഞത്തെ കടല്‍ തീരത്ത് പിന്നോക്ക സമുദായത്തില്‍ പിറന്ന് ആത്മാര്‍ത്ഥതയും സംഘടനാ ബോധവും യുവത്വവും കഠിനാധ്വാനം കൊണ്ട് ഞാന്‍ പടുത്തുയര്‍ത്തിയ എന്റെ 16 വര്‍ഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്‌കരുണം ചവിട്ടി തേച്ച എംഎല്‍എയോട് തോറ്റു പുറത്തായി വീട്ടിലിരിക്കുവാന്‍ മാത്രം ഭീരു അല്ലെന്നും' ഹിസാന്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍, കഴിഞ്ഞ 16 വര്‍ഷക്കാലമായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി,കോവളം നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി, വിഴിഞ്ഞ മണ്ഡലം പ്രസിഡന്റ്, ടൗണ്‍ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് അങ്ങനെ വിവിധ നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തിയാണ്. വളരെ ദുഃഖത്തോടു കൂടി ഞാന്‍ ഈ പ്രസ്ഥാനത്തില്‍ നിന്നും പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും ഈ നിമിഷം മുതല്‍ രാജിവെക്കുകയാണെന്ന് അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി നാളിതുവരെ സഹകരിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്ലവരായ എന്റെ നാട്ടുകാര്‍ക്കും ഈ അവസരത്തില്‍ വിനീതനായി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ മാത്രമല്ല ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് എന്ന യുവജന സംഘടനയെയും കോവളം മണ്ഡലത്തില്‍ നശിപ്പിക്കുന്ന തരത്തില്‍ അര്‍ഹതയില്ലാത്ത തന്റെ പെട്ടി ചുമക്കുന്ന രാഷ്ട്രീയ അടിമകളെ പാര്‍ട്ടിയുടെയും യുവജന സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളില്‍ തിരുകി കയറ്റി തിരുവനന്തപുരത്തെ ഒരേ ഒരു കോണ്‍ഗ്രസ് എംഎല്‍എ എന്ന അധികാരം ദുര്‍വിനിയോഗിച്ചുകൊണ്ട് വിന്‍സെന്റ് നടത്തിവരുന്ന സംഘടനയെ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി വേദികളില്‍ വിമര്‍ശിക്കുന്നവരോട് വളരെയധികം വൈരാഗ്യപൂര്‍വ്വമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചവരെപോലും എംഎല്‍എയുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് പാര്‍ട്ടി പരിപാടികളില്‍ ഒറ്റപ്പെടുത്തുകയും യോഗങ്ങള്‍ അറിയിക്കാതിരിക്കുകയും വേദികളില്‍ അവഗണിക്കുകയും ചെയ്യുന്നതിനെതിരെയാണ് എന്റെ ഈ പ്രതിഷേധ രാജി. കഴിഞ്ഞ കാലങ്ങളിലായി മണ്ഡലത്തിലെ കല്ലിയൂര്‍, ഹാര്‍ബര്‍ മേഖലകളിനിന്ന് പ്രധാനപെട്ട നേതാക്കള്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇദ്ദേഹത്തിന്റെ കപട രാഷ്ട്രീയത്തില്‍ മനസ്സുമടുത്ത്, കമ്മ്യൂണിസ്റ്റ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലേക്ക് ചേക്കേറിയിരിക്കുന്നത്. നിരവധിയായ പാര്‍ട്ടി വേദികളില്‍ ഞാന്‍ ഈ വിഷയം ഗൗരവപൂര്‍വ്വം അവതരിപ്പിച്ചപ്പോള്‍ അതിനെ അവഗണിച്ച പാര്‍ട്ടി ഉന്നത നേതാക്കള്‍ക്കും ഇന്ന് കോവളത്തെ പാര്‍ട്ടി എത്തി ചേര്‍ന്നിരിക്കുന്ന ഈ ദുരവസ്ഥയുടെ പങ്ക് ഞാന്‍ പകുത്തു നല്‍കുന്നു.

എന്നെ സ്‌നേഹിക്കുന്നവരോടായി അവസാനമായി പറഞ്ഞുകൊള്ളട്ടെ, കേരളത്തിന്റെ പുതിയ കവാടമായി മാറുന്ന വിഴിഞ്ഞത്തെ കടല്‍ തീരത്ത് ഒരു പിന്നോക്ക സമുദായത്തില്‍ പിറന്ന് എന്റെ ആത്മാര്‍ത്ഥതയും സംഘടനാ ബോധവും യുവത്വവും കഠിനാധ്വാനം കൊണ്ട് ഞാന്‍ പടുത്തുയര്‍ത്തിയ എന്റെ 16 വര്‍ഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്‌കരുണം ചവിട്ടി തേച്ച എംഎല്‍എയോട് തോറ്റു പുറത്തായി വീട്ടിലിരിക്കുവാന്‍ മാത്രം ഞാന്‍ ഭീരു ആയി തീര്‍ന്നിട്ടില്ല. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നാണംകെട്ട രാഷ്ട്രീയ കളികള്‍ പുറത്തുകൊണ്ടുവരുവാന്‍ വരും ദിവസങ്ങളില്‍ തെരുവുകളിലും സോഷ്യല്‍ മീഡിയയിലും ഒരു തീപ്പന്തമായി ഞാനും ഉണ്ടാകും.

നന്ദി

Summary

Youth congress state secretary Resigns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com