തൊടുപുഴ: ബീഫ് കഴിച്ചതിന്റെ പേരിൽ യുവാക്കൾക്ക് ഊരുവിലക്ക്. ഇടുക്കി മറയൂരിലാണ് സംഭവം. മറയൂർ പെരിയകുടി, കമ്മാളം കുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി, കുത്തുകൽ, കവക്കുട്ടി എന്നീ ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് വിലക്ക്.
ഊരിലെ ആചാര അനുഷ്ഠാനങ്ങൾക്കും, വിശ്വാസങ്ങൾക്കും വിരുദ്ധമായി യുവാക്കൾ ബീഫ് കഴിച്ചെന്നതാണ് കുറ്റം. യുവാക്കൾ ടൗണിലെ ഹോട്ടലുകളിൽ പോയി ബീഫ് കഴിക്കുന്നതും മാട്ടിറച്ചി വാങ്ങിക്കൊണ്ടുവന്ന് പാചകം ചെയ്ത് കഴിക്കുന്നതും പതിവെന്നാണ് ഊരുകൂട്ടത്തിൻറെ കണ്ടെത്തൽ.
വിലക്ക് വന്നതോടെ വീടുകളിൽ കയറാനോ ബന്ധുക്കളുമായി സംസാരിക്കാനോ പറ്റുന്നില്ലെന്നാണ് യുവാക്കൾ പറയുന്നത്. ബന്ധുക്കളുമായി സംസാരിക്കുന്നത് കണ്ട് അവരെ കൂടി വിലക്കിയാലോ എന്ന് പേടിച്ച് കാടുകളിലും മറ്റുമാണ് ഇപ്പോൾ യുവാക്കളുടെ താമസം. ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിൻറെ ലംഘനമാണിതെന്നും യുവാക്കൾ പറയുന്നു.
ഊരുവിലക്കിയതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും വലിയ ബുദ്ധിമുട്ടിലാണെന്നും യുവാക്കൾ വ്യക്തമാക്കി. ശ്രത്രുക്കളെ പോലെയാണ് പലരും പെരുമാറുന്നതെന്നും എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയമുണ്ടെന്നും അവർ വിവരിച്ചു. അതേസമയം സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates