

കൊച്ചി: ദുരന്തമുഖത്തെ സമൂഹമാധ്യമ വ്യാജ പ്രചാരണം ഒരു നാടിനാകെ അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ദുരിതാശ്വാസക്യാമ്പിന്റെ ആവശ്യത്തിനായി പണപ്പിരിവ് നടത്തിയ സിപിഎം നേതാവ് ഓമനക്കുട്ടന്റെ പ്രവൃത്തി നല്ല ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് സമൂഹം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെയുളള വ്യാജപ്രചാരണത്തിനെതിരെ ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണം.
'ദുരന്തമുഖത്തെ സമൂഹമാധ്യമ വ്യാജ പ്രചാരണം ഒരു നാടിനാകെ അപമാനമാണ്. അത് ഏത് പാര്‍ട്ടി ചെയ്താലും.ഓമനക്കുട്ടന്റെ സത്യസന്ധത ആഘോഷിക്കുന്ന സൈബര്‍ സഖാക്കള്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചു കൂടി പറയണം. വയനാട്ടില്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തെല്ലാം നുണകളാണ് പടച്ചുവിടുന്നത് ?.അകാരണമായി ആക്രമിക്കപ്പെടുമ്പോള്‍ ഓമനക്കുട്ടനും രാഹുല്‍ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയുക.'- ജ്യോതികുമാര്‍ ചാമക്കാല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ദുരിതമാണ്, വിദ്വേഷം വേണ്ട......
ആലപ്പുഴയിലെ ഓമനക്കുട്ടനെതിരായ പ്രചാരണത്തില്‍ സത്യം പുറത്തു വന്നത് നല്ല കാര്യം.
ദുരന്തമുഖത്തെ സമൂഹമാധ്യമ വ്യാജ പ്രചാരണം ഒരു നാടിനാകെ അപമാനമാണ്. അത് ഏത് പാര്‍ട്ടി ചെയ്താലും.
ഓമനക്കുട്ടന്റെ സത്യസന്ധത ആഘോഷിക്കുന്ന സൈബര്‍ സഖാക്കള്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചു കൂടി പറയണം.
വയനാട്ടില്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തെല്ലാം നുണകളാണ് പടച്ചുവിടുന്നത് ?
അകാരണമായി ആക്രമിക്കപ്പെടുമ്പോള്‍ ഓമനക്കുട്ടനും രാഹുല്‍ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയുക.
മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയിലുള്ള ബന്ധങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് വേഗത്തില്‍ ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യവസ്തുക്കളും എത്തിക്കാന്‍ കഴിഞ്ഞു.
അദ്ദേഹത്തെ തിരഞ്ഞെടുത്ത വയനാട്ടിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണത്.
രാഹുല്‍ ഗാന്ധിയെപ്പോലെ മാനുഷികതയുള്ള ഒരാള്‍ക്ക് വയനാട്ടില്‍ കണ്ട ദുരിതം വല്ലാത്ത വേദനയുണ്ടാക്കി.
സ്വാഭാവികമായും അദ്ദേഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.
ക്യാംപില്‍ സ്‌റ്റേജ് കെട്ടിയുണ്ടാക്കി പ്രസംഗിക്കുകയോ പാര്‍ട്ടിക്കാരുടെ വിവരണം കേട്ട് പോരുകയല്ല എം.പി ചെയ്തത്.
മനുഷ്യരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
അരി മുതല്‍ കമ്പിളിപ്പുതപ്പു വരെയുള്ള അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി. ദുരന്തത്തിന്റെ ഭീകരത നോക്കി കണ്ടു.
പത്തടി മാറിനിന്ന് ഭയത്തോടെയല്ല ക്യാംപിലുള്ളവര്‍ എം.പിയെ കണ്ടത്.
അവര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു. നഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. ഭാഷ പോലും തടസമായില്ല.
ആ വേദന അദ്ദേഹം ഏറ്റെടുത്തതാണ് അവശ്യവസ്തുക്കളായി വയനാട്ടുകാര്‍ക്ക് ലഭിച്ചത്.
അതെക്കുറിച്ച് കള്ള പ്രചാരണം നടത്തുന്ന സൈബര്‍ സഖാക്കള്‍ ഓമനക്കുട്ടന്റെ പേരില്‍ വികാരാധീനരാവുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണ്......
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates