

കൊച്ചി: കേരളത്തില്‍ പെണ്‍ ചേലാകര്‍മം നടക്കുന്നതായ വാര്‍ത്തയെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചേലാകര്‍മത്തിനിരയായ ഗവേഷക വിദ്യാര്‍ഥിനിയുടെ കുറിപ്പ്. ഓര്‍മ വയ്ക്കും മുമ്പെ ചേലാകര്‍മത്തിന് ഇരയായതായി വെളിപ്പെടുത്തി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷക വിദ്യാര്‍ഥിനിയായ എസ്എസ് ഷാനിയാണ് കുറിപ്പെഴുതിയിരിക്കുന്നത്. കേരളത്തില്‍ പെണ്‍കുട്ടികളെ ചേലാകര്‍മത്തിന് വിധേയമാക്കുന്നതായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ദിനപത്രമാണ് ഷാനിയുടെ കുറിപ്പ് പ്രസിദ്ധീകരിച്ചത്.
യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച താന്‍ ഓര്‍മവയ്ക്കും മുമ്പേ ചേലാകര്‍മത്തിനു വിധേയമായതായി ഇരുപത്തിരണ്ടാം വയസിലാണ് തിരിച്ചറിഞ്ഞതെന്ന് ഷാനി കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരം ലയോള കോളജില്‍ എംഎസ് ഡബ്ല്യുവിന് പഠിക്കുന്ന കാലത്താണ് ഇക്കാര്യം മനസിലായത്. ഇതിനെക്കുറിച്ച് കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
''ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയം പഠിപ്പിക്കാന്‍ ഒരു ഡോക്ടര്‍ കോളജില്‍ വന്നു. ആണ്‍ ശരീരത്തെക്കുറിച്ചും പെണ്‍ശരീരത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'ഇതൊക്കെ എത്ര കേട്ടിരിക്കുന്നു' എന്ന മട്ടില്‍ ഞാന്‍ ഇരുന്നു. അപ്പോഴാണ് അദ്ദേഹം യോനീച്ഛദത്തെക്കുറിച്ച് (ക്ലിറ്റോറിസ്) പറഞ്ഞത്. സ്ത്രീക്ക് രതിസുഖം കൂടുതല്‍ കൊടുക്കുന്ന അവയവം! ചിത്രവും കാണിച്ചു. ഞാന്‍ പടത്തിലേക്കു സൂക്ഷിച്ചു നോക്കി. ഇങ്ങനെയൊരു ഭാഗം എന്റെ ശരീരത്തിലുമുണ്ടോ? ഞാന്‍ ഇതുവരെ ശ്രദ്ധിച്ചില്ലല്ലോ? ക്ലാസ് കഴിഞ്ഞ് ഞാന്‍ എന്റെ ശരീരം പരിശോധിച്ചു. ഇല്ല, എന്റെ ശരീരത്തില്‍ അങ്ങനെയൊരു അവയവമില്ല.''
നാലു മാസം കഴിഞ്ഞ് സഖി എന്ന സംഘടന ക്ലാസ് എടുത്തപ്പോള്‍ ചേലാകര്‍മത്തെക്കുറിച്ച് വിശദീകരിച്ചെങ്കിലും ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രാകൃതമായ കാര്യം തന്റെ വീട്ടുകാര്‍ ചെയ്‌തെന്ന സംശയമൊന്നും ഉണ്ടായില്ലെന്ന് കുറിപ്പില്‍ പറയുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ വച്ചു നടന്ന ഒരു സംഭാഷണത്തിനിടയിലാണ് തനിക്ക് എങ്ങനെയാണ് അവയവം നഷ്ടമായതെന്നു ബോധ്യപ്പെട്ടതെന്ന് ഷാനി ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്.
''പഠനവും പ്രണയവുമായി ഞാന്‍ നടന്നു. ഇതിനിടെ പലതും വായിച്ചുകൊണ്ടിരുന്നു. വായനയ്ക്കിടെ കിട്ടിയ അറിവുകള്‍ പങ്കുവച്ചപ്പോള്‍ വാപ്പയുടെ അനിയന്റെ ഭാര്യ പറഞ്ഞു: 'നമ്മുടെ നാട്ടിലോ വീട്ടിലോ പെണ്‍കുട്ടികള്‍ക്കു സുന്നത്ത് കല്യാണം നടത്താറില്ല. ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ കേള്‍ക്കുന്നത്.' ഇതുകേട്ട് വാപ്പയുടെ ഉമ്മയുടെ മറുപടി: സുന്നത്തു കല്യാണം നടത്താത്ത സ്ത്രീകള്‍ മുസ്ലിംകളല്ല. മുസ്ലിം ആവണമെങ്കില്‍ സുന്നത്തു കല്യാണം നടത്തണം''
പിന്നീട് വിവാഹത്തിനു ശേഷം ഉമ്മയോട് എന്തിനാണ് ചേലാകര്‍മം നടത്തുന്നത് എന്നു ചോദിച്ചപ്പോള്‍, പണ്ടുള്ള വിവരമുള്ള ആള്‍ക്കാര്‍ ചെയ്യുന്നതു പോലെ നമ്മളും ചെയ്യുന്നു എന്ന മറുപടിയാണ് ലഭിച്ചതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
പിഎച്ച്ഡിക്ക് കേരളത്തിലെ ചേലാകര്‍മത്തെക്കുറിച്ചു പഠിച്ചാലോ എന്ന ആലോചന നടത്തിയതായും എന്നാല്‍ ആരും തുറന്നുപറയില്ലെന്നു ചൂണ്ടിക്കാട്ടി ഗൈഡ് നിരുത്സാഹപ്പെടുത്തിയെന്നും ഷാനി പറയുന്നുണ്ട്. പുരുഷന്മാരുടെ സുന്നത്തു കല്യാണം നാലാള്‍ അറിഞ്ഞുനടത്തുമ്പോള്‍ പെണ്‍കുഞ്ഞുങ്ങളുടേത് വീടിന്റെ പിന്നാമ്പുറങ്ങളില്‍ രഹസ്യമായാണ് ചെയ്യുന്നതെന്നും കര്‍മം കഴിഞ്ഞ് മുറിവു പഴുത്ത് സെപ്റ്റിക് ആയി പല കുഞ്ഞുങ്ങളും മരണത്തിനു കീഴടങ്ങുന്നതായും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് കേരളത്തിലെ പല ആശുപത്രികളിലും ഇത് ചെയ്തുകൊടുക്കുന്നതായും വെളിപ്പെടുത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates