

തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റൈനിലായവർക്കും പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറ് മണിയോടെ വോട്ടു ചെയ്യാം.
ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ.
395 തദ്ദേശ സ്ഥാപനങ്ങളിൽ 6910 വാർഡുകളിലേക്ക് 88,26,873 വോട്ടർമാർ വിധിയെഴുതും. ആകെ വോട്ടർമാരിൽ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് ഒന്നാം ഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേർ കന്നി വോട്ടർമാരാണ്. 11,225 പോളിങ് ബൂത്തുകളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കി. 320 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981.
പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടന്നു. കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തിൽ രണ്ട് വാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റി.
വ്യാഴാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാല് ജില്ലകളിൽ 14നാണ് തെരഞ്ഞെടുപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates