

തിരുവനന്തപുരം : തോമസ് ചാണ്ടി വിഷയം ഇടതുമുന്നണിയെയും സര്‍ക്കാരിനെയും പിടിച്ചുലയ്ക്കുന്നു. തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ തന്നെ ഹാജരാകുമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. അഡീഷണല്‍ എജി രഞ്ജിത്ത് തമ്പാനെ തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിന്നും ഒഴിവാക്കിയതിനെതിരെ താന്‍ നല്‍കിയ കത്തിന് എജി മറുപടി നല്‍കിയില്ല. എന്നാല്‍ സോഹന്‍ തന്നെ കേസില്‍ ഹാജരാകുമെന്ന് എജി പറഞ്ഞതായി അറിഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയല്ല എജി മറുപടി പറയേണ്ടത്. ഇത് ശരിയായ നടപടിയാണോ എന്ന് എജി ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു.
റവന്യൂ കേസുകള്‍ നടത്തി പരിചയസമ്പത്തുള്ള ആളാണ് രഞ്ജിത്ത് തമ്പാന്‍. കേസില്‍ അഡീഷണല്‍ എജി തന്നെ ഹാജരാകണമെന്നാണ് റവന്യൂവകുപ്പിന്റെ നിലപാട്. റവന്യൂ കേസുകളില്‍ ഹാജരായി അനുഭവ സമ്പത്തുള്ളവര്‍ തന്നെ വാദിക്കണമെന്നാണ് തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. കൈയേറ്റം സംബന്ധിച്ച റവന്യൂകേസുകളില്‍ വിട്ടുവീഴ്ചയില്ല.
റവന്യൂ വകുപ്പ് തറവാട്ടുസ്വത്താണോ എന്ന തരത്തില്‍ പ്രതികരണമുണ്ടായതായി മാധ്യമങ്ങളില്‍ കണ്ടു. മലയാളികളുടെ തറവാട് സംരക്ഷിക്കാനാണ് താന്‍ നിലകൊള്ളുന്നത്. റവന്യൂവകുപ്പിന്റെ അധിപനാണ് താന്‍. മൂന്നരക്കോടി ജനങ്ങളുടെ റവന്യൂ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചുമതപ്പെട്ടവനാണ്. ആ നിലപാടുകള്‍ക്ക് വേണ്ടി തുടര്‍ന്നും നിലകൊള്ളും. കോടതിയില്‍ എന്ത് നിലപാടെടുക്കണം എന്ന് തീരുമാനിക്കുന്നത് അഡ്വക്കേറ്റ് ജനറലായിരിക്കും. എന്നാല്‍ റവന്യൂവകുപ്പിന്റെ നിലപാട്, വകുപ്പാണ് തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തോമസ് ചാണ്ടി വിഷയത്തില്‍ രഞ്ജിത്ത് തമ്പാനെ വീണ്ടും ചുമതലപ്പെടുത്തുന്ന കാര്യത്തില്‍ മന്ത്രി ഇന്നുതന്നെ മുഖ്യമന്ത്രിയെ കണ്ട് റവന്യൂവകുപ്പിന്റെ തീരുമാനം അറിയിക്കുമെന്നാണ് സൂചന. അതേസമയം കോടതിയില്‍ കേസില്‍ ആര് ഹാജരാകണമെന്ന കാര്യത്തില്‍ വിവേചനാധികാരം തനിക്കുണ്ടെന്നാണ് എജിയുടെ നിലപാട്. സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനെ ചുമതലപ്പെടുത്തിയത് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും എജി വിലയിരുത്തുന്നു. തര്‍ക്കം മുറുകുന്നതിനിടെ, അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദും ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്.
രാവിലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എജിയുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എജി സര്‍ക്കാരിന് മുകളിലല്ലെന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. റവന്യൂസെക്രട്ടറി റവന്യൂമന്ത്രിയ്ക്ക് മുകളിലല്ലെന്നും സാമാന്യബോധമുള്ളവര്‍ക്ക് അറിയാമെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates