

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പുറത്തുവിട്ട കത്തിന് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ഇതിനിടെ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ രാഹുലിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്തെത്തി.
രാഹുല്‍ഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ്. രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചു നിന്നു. ലോക്‌സഭയിലെ പാര്‍ട്ടി ലീഡറാകാന്‍ വിസമ്മതിച്ചു. ഏക്കേ ആന്റണി മുതല്‍ ഹൈബി ഈഡന്‍ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്. അതാണ് ആഭിജാത്യമെന്ന് ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബുധനാഴ്ചയാണ് ട്വിറ്ററിലൂടെ രാജിക്കത്ത് രാഹുല്‍ പരസ്യപ്പെടുത്തിയത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയാണ് രാഹുല്‍ രാജിക്കത്ത് പരസ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ മറ്റുള്ളവരും തോല്‍വിയിക്ക് ഉത്തരവാദികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തനിക്ക് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോരാടേണ്ടി വന്നു എന്നും രാഹുല്‍ രാജിക്കത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ശൈലി മാറ്റാതെ തിരിച്ചുവരവ് സാധിക്കില്ലെന്നും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു എന്നുമായിരുന്നു അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
രാഹുല്‍ഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ്.
മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം എതിരായപ്പോള്‍ രാഹുല്‍ മുന്‍പിന്‍ നോക്കാതെ രാജി പ്രഖ്യാപിച്ചു. പ്രവര്‍ത്തകരുടെയും ആരാധകരുടെയും സമ്മര്‍ദ്ദം മൂര്‍ച്ഛിക്കുമ്പോള്‍ രാജി പിന്‍വലിക്കും, രാജ്യത്തോടുളള കടമ മുന്‍നിര്‍ത്തി പാര്‍ട്ടിയെ നയിക്കും എന്നാണ് മലയാള മനോരമ പോലും പ്രവചിച്ചത്.
എന്നാല്‍, രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചു നിന്നു. ലോക്‌സഭയിലെ പാര്‍ട്ടി ലീഡറാകാന്‍ വിസമ്മതിച്ചു. ഏക്കേ ആന്റണി മുതല്‍ ഹൈബി ഈഡന്‍ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്! അതാണ് ആഭിജാത്യം!!
ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷം.
രാഹുല്‍ഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നു. പുതിയൊരു പ്രസിഡന്റിന്റെ കീഴില്‍ കോണ്‍ഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുന്നതു കാണാനും ആഗ്രഹിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates