

കോഴിക്കോട്: ''പ്രിന്‍സിപ്പലിന്റെ റൂമിലേക്കുള്ള പടികള്‍ കയറുമ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് പ്രീഡിഗ്രി വിദ്യാര്‍ഥിയായി വന്ന് ഞാന്‍ ആദ്യം വിളിച്ച മുദ്രാവാക്യമാണ്.'' - എ പ്രദീപ് കുമാര്‍ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. കോഴിക്കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ താന്‍ പഠിച്ച ഗുരുവായൂരപ്പന്‍ കോളജില്‍ സന്ദര്‍ശനത്തിന് എത്തിയത് പ്രദീപ് കുമാറിന് ഓര്‍മകളിലേക്കുള്ള മടക്കം കൂടിയായി.
''അന്ന് ഈ കുന്നിന്‍ മുകളിലേക്ക് ബസ് സര്‍വീസ് നന്നേ കുറവാണ്. വൈക്കിങ്, ജ്യോതി തുടങ്ങി രണ്ടു മൂന്നു ബസേ ഇവിടേക്ക് സര്‍വീസ് നടത്തിയിരുന്നുള്ളൂ. ബസ് ഇല്ലാത്ത പ്രശ്‌നം ഉന്നയിച്ചുള്ള സമരമായിരുന്നു അന്ന് വിദ്യാര്‍ഥി സംഘടനകള്‍ പ്രധാനമായി ഏറ്റെടുത്തിരുന്നത്. ബസ് സമരവുമായി ബന്ധപ്പെട്ട് അക്കാലത്ത് കുറെപേരെ കേസില്‍ കുടുക്കി. അന്ന് ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു 'വൈക്കിങ് എന്നൊരു കിങ്ങുണ്ട്, കള്ളക്കേസു കൊടുത്തിട്ടുണ്ട്, നിരപരാധികളായവരെ കേസില്‍ നിന്നും ഒഴിവാക്കാനായ് മുന്‍കൈയ്യെടുക്കൂ പ്രിന്‍സിപ്പാളേ' - പുതിയ തലമുറയ്ക്കു മുന്നില്‍ പ്രദീപ് കുമാര്‍ പഴയ സമരത്തിന്റെ ഓര്‍മകള്‍ പുറത്തെടുത്തു.
''മഞ്ഞപ്പൂക്കളും മയില്‍പ്പീലിത്തുണ്ടുകളും ഉതിര്‍ക്കുന്ന മരങ്ങളുള്ള ഈ ക്യാംപസ് എനിക്ക് മറക്കാനാവില്ല. ഇന്നലെയുടെ ഓര്‍മ്മകളില്‍ പലതും മാഞ്ഞ് പോയിട്ടുണ്ടാവാം. പക്ഷെ ക്യാംപസ് ഓര്‍മ്മകള്‍ ക്ലാവു വീഴാതെ എന്നും മനോഹരമാണ്. വര്‍ണശബളമായ ഒരിക്കലും ഒളിമങ്ങാത്ത ഓര്‍മകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത് ഈ ക്യാംപസാണ്. രാഷ്ട്രീയക്കാരനെന്ന നിലയ്ക്കും എംഎല്‍എ എന്ന നിലയ്ക്കും എന്തെങ്കിലുമൊക്കെ നല്ലതെന്നോ ശദ്ധേയമെന്നോ പുതുമയുള്ളതെന്നോ എന്നൊക്കെ തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അത് ഈ ക്യാംപസ് തന്ന ഓര്‍മ്മകളില്‍ നിന്നും അറിവില്‍ നിന്നുമാണ്.''- പ്രദീപ് കുമാര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ചുറ്റും നിലയ്ക്കാത്ത കയ്യടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates