കണ്ണൂർ: ചെറിയ മഞ്ഞ കാർഡ് രൂപത്തിലുള്ള കട്ടി കടലാസിലെ ട്രെയിൻ ടിക്കറ്റ് ഓർമയാകുന്നു. കണ്ണൂർ ചിറക്കൽ സ്റ്റേഷനിലെ ടിക്കറ്റുകൾ കൂടി തീരുന്നതോടെ, ബ്രിട്ടീഷ് കാലം മുതലുള്ള കട്ടിക്കടലാസ് ടിക്കറ്റ് ഇനി ചരിത്രത്തിന്റെ ഭാഗം. ഇവയുടെ പ്രിന്റിങ് റെയിൽവേ നിർത്തിയിട്ടു നാളേറെയായി.
മുൻകൂട്ടി അച്ചടിച്ചു സൂക്ഷിക്കുന്ന ഇത്തരം ടിക്കറ്റ് ഉപയോഗിക്കുന്ന പാലക്കാട് ഡിവിഷനിലെ ഏക സ്റ്റേഷനാണു ചിറക്കൽ. കമ്പ്യൂട്ടർ ടിക്കറ്റുകൾ വന്നതോടെ ഹാൾട്ട് സ്റ്റേഷനുകളിൽ മാത്രമായിരുന്നു കാർഡ് ടിക്കറ്റുകൾ ഉപയോഗിച്ചിരുന്നത്. റെയിൽവേ ജീവനക്കാർ ഇല്ലാത്ത, ഏജന്റുമാർ വഴി ടിക്കറ്റ് നൽകുന്ന സ്റ്റേഷനുകളെയാണ് ഹാൾട്ട് സ്റ്റേഷൻ എന്നു വിളിക്കുന്നത്. ടിക്കറ്റിൽ സ്റ്റേഷന്റെ പേരിനൊപ്പം ‘ഹാ’ എന്നു ചേർക്കുന്നതും ഇതിന്റെ ഭാഗമാണ്.
ഷൊർണൂരേക്കുള്ള 10 ടിക്കറ്റുകൾ മാത്രമാണ് ചിറക്കലിൽ ഇനി ബാക്കിയുള്ളത്. ഇതു തീർന്നാൽ ചിറക്കലിൽ നിന്നു ഷൊർണൂരേക്കു പോവാൻ തത്കാലം അഞ്ച് രൂപ കൂടുതൽ കൊടുത്ത് പാലക്കാട്ടേക്ക് ടിക്കറ്റ് എടുക്കേണ്ടി വരും. കംപ്യൂട്ടർ ടിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്തതിനാലാണിത്.
കാഞ്ഞങ്ങാട്, മാഹി, മുക്കാളി, നാദാപുരം റോഡ് തുടങ്ങിയ പല സ്റ്റേഷനുകളിലേക്കുമുള്ള ടിക്കറ്റുകൾ നേരത്തേ തീർന്നു. കാഞ്ഞങ്ങാട്ടേക്കു പോകേണ്ടവർ കോട്ടിക്കുളത്തേക്കും ഉള്ളാളിലേക്കു പോകേണ്ടവർ മംഗളൂരുവിലേക്കുമാണ് ഇപ്പോൾ ടിക്കറ്റ് എടുക്കുന്നത്. കണ്ണൂരിലേക്ക് രണ്ട് രൂപയും തലശ്ശേരിയിലേക്ക് നാല് രൂപയുമാണ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് വിൽക്കുന്ന ഏജന്റ് ഇതു പേനകൊണ്ട് തിരുത്തി നൽകും. ഇതിന്റെയെല്ലാം പേരിൽ യാത്രക്കാരുമായി പലപ്പോഴും തർക്കിക്കേണ്ടി വരുന്നുണ്ടെന്നു ചിറക്കലിൽ ടിക്കറ്റ് നൽകുന്ന സിജി റോക്കി പറയുന്നു.
പാലക്കാട് ഡിവിഷനിൽ 24 ഹാൾട്ട് സ്റ്റേഷനുകളാണുള്ളത്. ചിറക്കൽ ഒഴികെ എല്ലായിടത്തും കംപ്യൂട്ടർ ടിക്കറ്റ് നൽകിത്തുടങ്ങിയതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുച്ചിറപ്പള്ളിയിലെ പ്രസിൽ ആയിരുന്നു ഈ ടിക്കറ്റുകൾ അച്ചടിച്ചിരുന്നത്. ആ പ്രസ് വരെ അടച്ചുപൂട്ടിയെന്നാണു കേൾക്കുന്നത്. ചിറക്കലിലും കംപ്യൂട്ടർ ടിക്കറ്റ് നൽകാൻ തീരുമാനിച്ചെങ്കിലും നടപടികൾ വൈകുകയാണ്.
വളപട്ടണം സ്റ്റേഷനിൽ നിന്നാണ് ചിറക്കലിലേക്കുള്ള ടിക്കറ്റുകൾ നൽകേണ്ടത്. അവിടെ സ്റ്റേഷൻ മാസ്റ്റർ മാത്രമേയുള്ളൂ. ടിക്കറ്റ് കൊടുക്കലും സിഗ്നൽ നൽകലും ഉൾപ്പെടെ സ്റ്റേഷനിലെ സകല ജോലികൾക്കും ഇടയിൽ ചിറക്കലിലേക്കുള്ള ടിക്കറ്റുകൾ കംപ്യൂട്ടർ പ്രിന്റ് ചെയ്തു നൽകാനുള്ള സമയം ലഭിക്കുന്നില്ല. ചിറക്കലിനെ കണ്ണൂർ സ്റ്റേഷന്റെ പരിധിയിലേക്കു മാറ്റി ഈ പ്രശ്നം പരിഹരിക്കുമെന്ന് പാലക്കാട് ഡിവിഷൻ സീനിയർ ഡിസിഎം ജറിൻ ജി ആനന്ദ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates