

കൊച്ചി: പൊതുസ്ഥലങ്ങളിലും നിരത്തുകളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ - ഫ്ളക്സ് ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതിനായി ഉത്തരവ് നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി.
തദ്ദേശ സ്ഥാപനങ്ങൾ പരസ്യ ബോർഡുകൾക്ക് അനുമതി നൽകുമ്പോൾ എവിടെ സ്ഥാപിക്കാമെന്ന് വ്യക്തമാക്കണം. ബോർഡ് വച്ചതിന്റെ ലക്ഷ്യം നിറവേറിക്കഴിഞ്ഞാൽ നീക്കം ചെയ്യാൻ വ്യവസ്ഥ വേണം. ബോർഡുകൾ സ്ഥാപിച്ചവർ ഇതു നീക്കം ചെയ്യണം. ഇതിനായി ബോണ്ട് എഴുതി വാങ്ങാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
റോഡിനും ഫുട്പാത്തിനുമിടയിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുത്. റോഡരികിലോ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഉപയോഗിക്കുന്ന പൊതു സ്ഥലങ്ങളിലോ ബോർഡുകൾ പാടില്ല. ഇതിന് വിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിയമാനുസൃതം നടപടിയെടുക്കാം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
ബോർഡുകൾക്ക് അനുമതി നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. നിയമലംഘനം നടത്തുന്നവർക്ക് പിഴയടക്കമുള്ള ശിക്ഷ നൽകണം. പൊതു സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ജനങ്ങൾ പൗരബോധം കാട്ടുമെന്നാണ് കരുതുന്നത്. പ്രളയത്തെത്തുടർന്നുണ്ടായ മാലിന്യങ്ങൾ സംസ്കരിക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടുകയാണ്. സഹോദരങ്ങളുടെ ക്ഷേമത്തിലും ആരോഗ്യത്തിലും താല്പര്യമില്ലാത്ത ഏതാനും ചിലരാണ് സ്വന്തം താല്പര്യത്തിനുവേണ്ടി നിയമവിരുദ്ധമായി പരസ്യബോർഡുകൾ വയ്ക്കുന്നത്. ഇതിനായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കേണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates