അനാറുള്‍ എവിടെ ? ജിഷ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയിലേക്ക്

കൃത്രിമ തെളിവുണ്ടാക്കുന്നതിനായി അമീറുളിന്റെ ഉമിനീര്‍  പൊലീസ് ശേഖരിച്ചിരുന്നുവോ എന്ന് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
അനാറുള്‍ എവിടെ ? ജിഷ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയിലേക്ക്
Updated on
1 min read

കൊച്ചി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കേസിന്റെ തുടക്കം മുതല്‍ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിച്ചിരുന്നത്. കേസില്‍ തുടക്കം മുതല്‍ പ്രതിസ്ഥാനത്ത് കേട്ടിരുന്ന അനാറുള്‍ ഇസ്ലാമിനെക്കുറിച്ച് പൊലീസ് ഇപ്പോള്‍ യാതൊന്നും പറയുന്നില്ല. കുറ്റകൃത്യം നടന്നതു മുതല്‍ പിടികൂടുന്നതു വരെ അമീറുള്‍ എവിടെയായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നില്ല. ഈ കാലയളവില്‍ കൃത്രിമ തെളിവുണ്ടാക്കുന്നതിനായി അമീറുളിന്റെ ഉമിനീര്‍  പൊലീസ് ശേഖരിച്ചിരുന്നുവോ എന്ന് അന്വേഷിക്കണം. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്ലാം നിരപരാധിയാണെന്ന് സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. 

ഒന്നാം അന്വേഷണസംഘം ആര്‍ഡിഒ ഇല്ലാതെയാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചു. നിയമം ലംഘിച്ച് രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചു. വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടെന്ന അയല്‍വാസി യുവതികളുടെ മൊഴി ഗൗരവമായി അന്വേഷിച്ചില്ല. സംഭവ ദിവസം മഴ മാറിയപ്പോള്‍, വീടിന് പിറകിലൂടെ മഞ്ഞഷര്‍ട്ട് ധരിച്ച ഒരാള്‍ കനാലിലൂടെ ഇറങ്ങിപ്പോകുന്നതായി ഒരു വീട്ടമ്മ മൊഴി നല്‍കിയിരുന്നു. ഇതിലും കാര്യമായ അന്വേഷണം നടന്നില്ല. 2016 ഏപ്രില്‍ 28 ന് ജിഷ കൊല്ലപ്പെട്ട്, നാലു ദിവസം കഴിഞ്ഞാണ് കനാലില്‍ നിന്നും പ്രതിയുടേതെന്ന് ആരോപിക്കപ്പെടുന്ന ചെരുപ്പ് പൊലീസ് കണ്ടെടുക്കുന്നത്. 

മകളെ കൊന്നയാളെന്ന് ജിഷയുടെ അമ്മ ആരോപിച്ച അയല്‍വാസി സാബുവും ഇയാളുടെ വീട്ടില്‍ വന്ന പുറംനാട്ടുകാരനായ ഓട്ടോഡ്രൈവറുമാണ് ചെരുപ്പ് കണ്ടെടുത്തതിന്റെ സാക്ഷികള്‍. രാജേശ്വരിയുടെ ആരോപണത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സാബുവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തൊണ്ടി മുതല്‍ കണ്ടെടുക്കാനുണ്ടായ കാലതാമസം, കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്നതിനു വേണ്ടിയാണെന്ന സംശയം ബലപ്പെടുത്തുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി കെ സെയ്ത് മുഹമ്മദാലി, ഇസ്മയില്‍ പള്ളിപ്രം, അമ്പിളി ഓമനക്കുട്ടന്‍, സുല്‍ഫിക്കര്‍ ഓലി, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലൈല റഷീദ് എന്നിവര്‍ ആരോപിക്കുന്നു. 

ഭരണം മാറിയ ശേഷം വന്ന പുതിയ അന്വേഷണസംഘവും, പഴയ സംഘത്തിന്റെ കൃത്രിമ തെളിവുകളുടെ പിന്നാലെയാണ് പോയത്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഒന്നാമത്തെ സംഘത്തിനെതിരെ അന്വേഷിച്ചില്ല. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കേസില്‍  ഇതര സംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കിയതായാണ് സംശയമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. ജിഷ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com