

തിരുവനന്തപുരം : അന്തരീക്ഷ താപനിലയിലെ മാറ്റങ്ങൾ മൂലമാണ് അറബിക്കടലിൽ ന്യൂനമർദവും ചുഴലിയും രൂപംകൊള്ളുന്നതെന്ന് പഠനം. കാലാവസ്ഥയിൽ വരുന്ന വ്യതിയാനം കടലിനെയും ഗുരുതരമായി ബാധിക്കുന്നു. പ്രകൃതിയിലെ അനിയന്ത്രിതമായ കൈയേറ്റവും നിർമാണവും അന്തരീക്ഷ താപനിലയിൽ അസ്ഥിരതയുണ്ടാക്കും. ആഗോളതലത്തിലുള്ള ഇത്തരം മാറ്റം അറബിക്കടലിനെയും ബാധിച്ചു. ക്രമാതീതമായി കടലിന് ചൂട് കൂടിയതായി ഗവേഷകർ വ്യക്തമാക്കി.
ഇത് അസാധാരണ പ്രതിഭാസമാണ്. താപനില കൂടുമ്പോൾ കടൽ അത് ആഗിരണംചെയ്യുന്നു. കടലിലെ താപനില സംഭരണ അളവിലും കൂടുതൽ ഉയരുമ്പോൾ ചുഴലിയായും ന്യൂനമർദമായും രൂപംകൊള്ളുമെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു.
നേരത്തെ, അറബിക്കടലിൽ ന്യൂനമർദവും ചുഴലിക്കാറ്റും രൂപംകൊള്ളുന്നത് വിരളമായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം എട്ട് ചുഴലിക്കാറ്റ് രൂപംകൊണ്ടു. ഈ വർഷം ഇതുവരെ വായു, ശിഖ, മഹാ, ക്യാർ എന്നിങ്ങനെ നാല് ചുഴലിക്കാറ്റ് കടന്നുപോയി. ഇപ്പോൾ ഇരട്ട ന്യൂനമർദമാണ് രൂപപ്പെട്ടത്. അറബിക്കടലിന്റെ ഉപരിതലത്തിൽ ചെറുചുഴലിയായി ഇത് മാറും. മഴയ്‌ക്കും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലംതെറ്റിയുള്ള മഴ ഫലവൃക്ഷങ്ങളെ പ്രതികൂലമായി ബാധിക്കും. നവംബർ പകുതിയോടെ സാധാരണ മഞ്ഞുകാലം ആരംഭിക്കേണ്ടതാണ്. ഇതുവരെ മഞ്ഞുണ്ടായിട്ടില്ല. ആകാശം മേഘാവൃതമായാൽ മഞ്ഞിന് സാധ്യത കുറവാണ്. ഡിസംബറിലും മഴ പെയ്‌തേക്കുമെന്നും ഡോ. ഗോപകുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
