

കൊച്ചി: ഉബര്‍, ഒല കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുമെന്ന് സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ടപ്രതിഷേധമെന്ന നിലയില്‍ ഇക്കഴിഞ്ഞ 12ന് സൂചന പണിമുടക്ക് നടത്തിയിരുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് രണ്ടാം ഘട്ട പ്രതിഷേധ സമരം. 27ന് കളക്‌ട്രേറ്റിന് മുന്നില്‍ സമരമസമിതി പ്രവര്‍ത്തകര്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിക്കും.സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും.
ഓണ്‍ലൈന്‍ ടാക്‌സി മേഖലകളില്‍ നടക്കുന്ന ചൂഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുവാന്‍ മടിക്കുകയാണ്. ഒരു ട്രിപ്പില്‍ നിന്ന് ലഭിക്കുന്ന വാടകയുടെ 26 ശതമാനമാണ് ഉബര്‍, ഒല കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുവാന്‍ പോകുന്ന പുതിയ നിരക്കുകളില്‍ സര്‍വീസ് നടത്തുവാന്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തയാറാകണമെന്നും കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളും ഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്തുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ ഡ്രൈവര്‍മാരെ പുറത്താക്കുന്നത് അവസാനിപ്പിക്കുക, സ്വന്തമായി വാഹനം ഇറക്കി സര്‍വീസ് നടത്തുവാനുള്ള തീരുമാനങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ കമ്പനികള്‍ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates