അമ്മയുടേത് ഔചിത്യമുള്ള നടപടി; മലക്കം മറിഞ്ഞ് വിമെന്‍ കളക്ടിവ്

പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്റെ പ്രാഥമിക തലം വരെ എത്തി നില്‍ക്കുകയും ചെയ്യുന്ന വിഷയം ഒരു സംഘടനയുടെ ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതില്‍ അസാംഗത്യമുണ്ടെന്ന്
അമ്മയുടേത് ഔചിത്യമുള്ള നടപടി; മലക്കം മറിഞ്ഞ് വിമെന്‍ കളക്ടിവ്
Updated on
2 min read


കൊച്ചി: പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്റെ പ്രാഥമിക തലം വരെ എത്തി നില്‍ക്കുകയും ചെയ്യുന്ന വിഷയം ഒരു സംഘടനയുടെ ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതില്‍ അസാംഗത്യമുണ്ടെന്ന് ചലച്ചിത്ര രംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടിവ്. നിയമ നീതിന്യായ സംവിധാനങ്ങളില്‍ വിശ്വാസമുള്ള, താരസംഘടന അമ്മ ഇക്കാര്യത്തില്‍ ഔചിത്യം പാലിക്കുകയാണ് ചെയ്തതെന്ന് വനിതാ സംഘടന അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിച്ചു എന്ന വിമര്‍ശനം ശക്തിപ്പെടുന്നതിനിടയിലാണ് വനിതാ സംഘടന നിലപാടു വ്യക്തമാക്കിയത്. അമ്മ നേതാക്കള്‍ ജനറല്‍ ബോഡി യോഗത്തില്‍ സ്വീകരിച്ച നിലപാടല്ല വാര്‍ത്താ സമ്മേളനത്തില്‍ സ്വീകരിച്ചതെന്ന് വനിതാ സംഘടനയുടെ ചില നേതാക്കള്‍ തന്നെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അമ്മ വ്യക്തമായ നിലപാടെടുക്കാത്ത സാഹചര്യത്തില്‍ നടിയെ ആക്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷനെ സമീപിക്കുകയാണെന്നും വിമന്‍ കളക്ടിവ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ മലക്കംമറിച്ചില്‍.

കഴിഞ്ഞ ദിവസം നടന്ന അമ്മയുെടെ ജനറല്‍ ബോഡി യോഗവും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടതും ചെയ്യപ്പെടാതിരുന്നതുമായ വി
ഷയങ്ങള്‍ സംബന്ധിച്ചും ഇക്കാര്യത്തില്‍ വിമന്‍ കലക്ടിവിന്റെ നിലപാടിനെ കുറിച്ചും മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിനും ഉണ്ടായ ചില ആശയ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിന് എന്ന പേരില്‍ പുറത്തിറക്കിയ കുറിപ്പിലാണ് സംഘടന പുതിയ നിലപാടു പ്രഖ്യാപിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മയോഗത്തില്‍ ചര്‍ച്ച നടന്നില്ല എന്നത് വാസ്തവം. പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്റെ പ്രാഥമിക തലം വരെ എത്തി നില്‍ക്കുകയും ചെയ്യുന്ന ഒരു വിഷയം ഒരു സംഘടനയുടെ ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതിന്റെ അസാംഗത്യം മാധ്യമ സമൂഹത്തിന് തികച്ചും ബോധ്യമുളളതാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം. ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളില്‍ വിശ്വാസമുള്ള അമ്മയും ഡബ്ല്യുസിസിയും ഇക്കാര്യത്തില്‍ അവരവരുടേതായ ഔചിത്യം പാലിച്ചു എന്നു ഞങ്ങള്‍ കരുതുന്നു. അമ്മയോഗത്തില്‍ സംബന്ധിച്ച ഭൂരിപക്ഷം പേരും സംഭവത്തെ അപലപിച്ചിരുന്നു. അതിക്രമത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തകയെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവരുടെ പോരാട്ടത്തില്‍ ഒപ്പം നില്ക്കുന്ന സമീപനമാണ് ഈ വിഷയം ഔദ്യോഗികമായും അനൗദ്യോഗികമായും സംസാരിച്ചവര്‍ മുന്നോട്ട് വച്ചത്. ആക്രമിക്കപ്പെട്ട വ്യക്തിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ നടന്‍ പരസ്യമായി യോഗത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

മാധ്യമ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അമ്മ ഭാരവാഹികള്‍ പറഞ്ഞതെന്ത് എന്നതിനെ കുറിച്ച് ഞങ്ങള്‍ വേവലാതിപ്പെടുന്നില്ല. അതിക്രമത്തിന് ഇരയായ വ്യക്തിക്ക് വേണ്ട നിയമ സഹായങ്ങള്‍ നല്കുന്നതിനും ഇരയെ വീണ്ടും ഇരയാക്കി കൊണ്ടുളള കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ത്തരൂപംനല്കുകയാണ് ഞങ്ങളിപ്പോള്‍. യോഗത്തില്‍ അമ്മ വാഗ്്ദാനം ചെയ്ത എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചലച്ചിത്ര മേഖലയില്‍ അമ്മയടക്കമുള്ള ഇതര സംഘടനകളോടൊപ്പം ഒരു തിരുത്തല്‍ ശക്തിയായി നിലകൊളളണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
ഇന്നോ നാളെയോ മാറ്റി തീര്‍ക്കാനോ പുതുക്കി പണിയാനോ പറ്റുന്ന ചട്ടകൂടല്ല ഇവിടുത്തെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രസ്ഥാനങ്ങള്‍ക്കുളളത്. നൂറ്റാണ്ടുകളായി രൂപപ്പെട്ട ആണധികാരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടനകളെ പൊളിച്ചുമാറ്റി പുതിയ ഭാവുകത്വത്തിലേക്ക് അവയെ നടത്തിക്കാന്‍ അടുത്ത 100 വര്‍ഷം മതിയാകമോ എന്ന് ഞങ്ങള്‍ക്കറിയില്ല. അലര്‍ച്ചകളും ആര്‍പ്പുവിളികളുമില്ലാതെ നിശ്ശബ്ദമായി പണിയെടുത്തും ചിലപ്പോള്‍ മനപൂര്‍വ്വം ഒഴിഞ്ഞു മാറി നിന്നും ചില ഘട്ടങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ മാറ്റത്തിന് സിനിമയെ എങ്ങനെ ചാലകശക്തിയാക്കാമെന്ന ചിന്തയാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. ആമയും മുയലും തമ്മില്‍ നടത്തിയ മത്സരത്തില്‍ ഞങ്ങള്‍ ആമയുടെ ഒപ്പമാണ്. കലയും രാഷ്ട്രീയവും രണ്ടല്ല എന്നു വിശ്വസിക്കുന്ന സുമനസ്സുകള്‍ ഒപ്പമുണ്ട് എന്ന വിശ്വാസമുണ്ടെന്നും വിമെന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ കുറിപ്പില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com