

കൊച്ചി: വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്തെത്തിയത് സമൂഹമാധ്യമങ്ങളിലും പുറത്തും വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ച് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞതായി യുവതി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിയെ പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. ഇക്കൂട്ടത്തില്‍ വിനായകനെ ഒരിക്കല്‍ ഫോണില്‍ ബന്ധപ്പെട്ട അനുഭവം ഉള്‍പ്പെടെ പങ്കുവച്ച് കുറിപ്പിട്ടിരിക്കുകയാണ് ദീപാ നിശാന്ത്.
'വിനായകന്റെ ധാര്‍ഷ്ട്യത്തെ മൃദുല ചോദ്യം ചെയ്തിരിക്കാമെന്നും, അതിനോടയാള്‍ മോശമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ടാകാമെന്നും തന്നെ കരുതി. എന്നാലും ആ 'അമ്മ' പരാമര്‍ശം ദഹിക്കാതെ കിടന്നു. 'അമ്മയെക്കൂടി എനിക്കു വേണ'മെന്ന് പറഞ്ഞ ഒരാളെ ഏത് സാഹചര്യത്തിലായാലും തള്ളിപ്പറയാനുള്ളത്ര പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സേ എനിക്കുള്ളൂ എന്നതുകൊണ്ടാവണം മൃദുല എന്നിട്ടും അയാളെ പിന്തുണച്ചതില്‍ അത്ഭുതവും തോന്നി. സൈബറിടങ്ങളിലും പുറത്തും ഇത്തരം നിരവധി അനുഭവങ്ങളിലൂടെ പല സ്ത്രീകളും കടന്നു പോയിട്ടുണ്ടാകും.' നോ' പറഞ്ഞാലും തുടരുന്ന ശല്യങ്ങളെ നിയമപരമായിത്തന്നെ നേരിടണം എന്നാണ് അഭിപ്രായം. മൃദുല അതിന് ധൈര്യമുള്ള സ്ത്രീയാണ്.' ദീപാ നിശാന്ത് കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരിക്കല്‍ മാത്രം വിനായകനെ വിളിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് സംസാരിച്ചിട്ടുണ്ട്.' ഇയാളെന്തൂട്ട് മനുഷ്യനാ'ന്ന് മനസ്സില്‍ കരുതീട്ടുണ്ട്.. ലൈംഗികാധിക്ഷേപമൊന്നും അയാളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ല. കോളേജിലേക്ക് ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്.
' ഞങ്ങള് വിളിച്ചാ 'നോ' പറയും. ടീച്ചറ് വിളിച്ചാ ചിലപ്പോ വരും' ന്ന് ഹേമന്ത് പറഞ്ഞപ്പോ കോരിത്തരിച്ച് ആ ആവേശത്തിലങ്ങ് വിളിച്ചതാണ്. മാനേജരോ മറ്റോ ആവും ഫോണെടുക്കാന്നാണ് കരുതിയത്. ബെല്ലടിച്ചതും നമ്മള് സംസാരിക്കാന്‍ തയ്യാറെടുക്കും മുമ്പേ ഒരു പരുക്കന്‍ ' ഹലോ'!
ഞാനൊന്നു പതറി.
'ഹലോ. വിനായകന്റെ നമ്പറല്ലേ? '
' ആ .. പറയ്'
ഒരു മയവുമില്ല.
''വിനായകനാണോ?'
' അതേന്ന്. പറയ്'
' ഞാന്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജീന്നാണ്. അവിടത്തെ ടീച്ചറാണ്...'
' കാര്യം പറയ്'
'ഒരു പ്രോഗ്രാമിന് ...'
'പ്രോഗ്രാമിനൊന്നും ഞാനില്ല. വരാന്‍ പറ്റില്ല!'
ഫോണ്‍ കട്ടാക്കിയ ശബ്ദം കേട്ടിട്ടും ഞാനതും പിടിച്ച് വെറുതെയിരുന്നു.
' എന്തായി ടീച്ചറേ ' ഹേമന്തിന്റെ ആകാംക്ഷ.
' അയാളൊന്നും വരില്ല. നീ വേറാളെ നോക്കിക്കോ'
ആ ദേഷ്യം ഞാനവന്റെ നേരെ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ചെക്കന്‍ പിടി തന്നില്ല.
അപ്പത്തന്നെ മൂന്നാല് പേരെ വിളിച്ചെങ്കിലും ആരും ക്ഷണം സ്വീകരിച്ചില്ല.ഫണ്ടില്ലാത്ത പരിപാടിയാണ്. സൗഹൃദവും മറ്റും ചൂഷണം ചെയ്താണ് പലരെയും കൊണ്ടുവരാറുള്ളത്.
വിനായകന്റെ 'നോ' യ്ക്കും മറ്റുള്ളവരുടെ 'നോ' യ്ക്കും വ്യത്യാസമുണ്ടായിരുന്നു. കുറേപ്പേര്‍ ഈ പരിപാടിക്ക് വരാന്‍ പറ്റാത്തത് അവരുടെ നഷ്ടമാണെന്ന മട്ടില്‍ സോപ്പിട്ട് പതപ്പിച്ചു. ചിലര്‍ 'സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാരാ? അവരോടെന്റെ മാനേജരെയൊന്നു വിളിക്കാന്‍ പറയോ ' ന്ന് വളരെ സൗമ്യതയോടെ പറഞ്ഞു. ഞങ്ങള്‍ 'ശരി .. മാനേജരെ വിളിക്കാം'' എന്ന് ആഹ്ലാദപൂര്‍വ്വം പറഞ്ഞ് നമ്പര്‍ വാങ്ങി സേവ് ചെയ്യാതെ അടുത്തയാളെ വിളിച്ചു..
പിന്നീടാലോചിച്ചപ്പോള്‍ ആ സംഭാഷണത്തിന്റെ പേരില്‍ അയാളോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല. ഒരു മറയുമില്ലാതെ തനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞ അയാളോട് ബഹുമാനവും തോന്നിയിട്ടുണ്ട്. അയാളുടെ പിന്നീടുള്ള പല നിലപാടുകളോടും ഐക്യപ്പെട്ടിട്ടുണ്ട്.
ഈ അനുഭവം പറഞ്ഞത് വേറൊന്നിനുമല്ല. മൃദുലയുടെ Mruduladevi Sasidharanവെളിപ്പെടുത്തല്‍ വന്നപ്പോള്‍ ആദ്യം കരുതിയത്, ഫോണിലൂടെയുണ്ടായ ഒരു തര്‍ക്കമായിരിക്കും എന്നാണ്. വിനായകന്റെ ധാര്‍ഷ്ട്യത്തെ മൃദുല ചോദ്യം ചെയ്തിരിക്കാമെന്നും, അതിനോടയാള്‍ മോശമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ടാകാമെന്നും തന്നെ കരുതി. എന്നാലും ആ 'അമ്മ' പരാമര്‍ശം ദഹിക്കാതെ കിടന്നു. 'അമ്മയെക്കൂടി എനിക്കു വേണ'മെന്ന് പറഞ്ഞ ഒരാളെ ഏത് സാഹചര്യത്തിലായാലും തള്ളിപ്പറയാനുള്ളത്ര പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സേ എനിക്കുള്ളൂ എന്നതുകൊണ്ടാവണം മൃദുല എന്നിട്ടും അയാളെ പിന്തുണച്ചതില്‍ അത്ഭുതവും തോന്നി.
സൈബറിടങ്ങളിലും പുറത്തും ഇത്തരം നിരവധി അനുഭവങ്ങളിലൂടെ പല സ്ത്രീകളും കടന്നു പോയിട്ടുണ്ടാകും.' നോ' പറഞ്ഞാലും തുടരുന്ന ശല്യങ്ങളെ നിയമപരമായിത്തന്നെ നേരിടണം എന്നാണ് അഭിപ്രായം. മൃദുല അതിന് ധൈര്യമുള്ള സ്ത്രീയാണ്.ബസ്സില്‍ മകളെ ശല്യം ചെയ്ത ആളെപ്പിടിച്ച് പോലീസിലേല്‍പ്പിച്ച് കേസുമെടുപ്പിച്ച ആളാണ് മൃദുല .അവരുടെ ആ ആര്‍ജവം ഇക്കാര്യത്തില്‍ എന്തുകൊണ്ടുണ്ടായില്ല എന്ന സംശയം സ്വാഭാവികമായും ഉണ്ടായി. പിന്നെ സ്വയം തിരുത്തി. മൃദുലയുമായി അടുപ്പമുള്ള പലരും രണ്ടാഴ്ച മുമ്പ് നടന്ന ആ സംഭാഷണം കേട്ടതായി സാക്ഷ്യപ്പെടുത്തി.അത്രയ്ക്കും അരോചകമായ ആ സംഭാഷണം ഒരു പൊതുവിടത്തില്‍ കൊണ്ടുവന്നിടാന്‍ അവര്‍ക്ക് തീര്‍ച്ചയായും ബുദ്ധിമുട്ടുണ്ടാകും.
അതോണ്ട് 'തെളിവെടുക്ക് ,തെളിവെടുക്ക് ' എന്നലറാതിരിക്ക്.ഒരു തെളിവുമില്ലാതെ ഒരു സ്ത്രീയും ഇപ്രകാരം പറയില്ല എന്നാണ് വിശ്വാസം.അവര്‍ നിയമപരമായിത്തന്നെ മുന്നോട്ടു നീങ്ങട്ടെ. അവരോടൊപ്പം നില്‍ക്കേണ്ടതുണ്ട്. നില്‍ക്കുന്നു.
കഴിഞ്ഞ ദിവസമിട്ട പോസ്‌റ്റൊന്നും പിന്‍വലിക്കുന്നില്ല. രണ്ടും രണ്ടു വിഷയമായിത്തന്നെ കാണുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates