

കൊച്ചി: വിജെടി ഹാളിന് മഹാത്മ അയ്യങ്കാളിയുടെ പേരിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ വിഎസ് അനില്‍കുമാര്‍. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നീക്കമെന്നും അനില്‍കുമാര്‍ പറയുന്നു.അയ്യങ്കാളി വെറുമൊരു പേരല്ല. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി പറഞ്ഞതും പൊരുതിനിന്നതുമായ ഒരാശയമാണ്. അദ്ദേഹത്തിനുള്ള ഏറ്റവും നല്ല കെട്ടിട സ്മാരകം ചെങ്ങന്നൂരില്‍ അദ്ദേഹം തന്നെ സ്ഥാപിച്ച സ്‌കൂളാണെന്നും അനില്‍ കുമാര്‍ കുറിപ്പില്‍ പറയുന്നു.
അയ്യങ്കാളി ഒരു കെട്ടിടമല്ല. ഒരു വിപ്‌ളവമാണ്. അതിനെ നിലനിര്‍ത്താന്‍ വിപ്‌ളവ പരിപാടികളാണ് വേണ്ടതെന്നും അനില്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
അയ്യങ്കാളി ഒരു ഹാളല്ല.
വിക്ടോറിയ ജൂബിലി ടൗണ്‍ ഹാള്‍ എന്ന വി.ജെ.ടി ഹാള്‍ ഒരു നൂറ്റിരുപത് കൊല്ലമായി തിരുവനന്തപുരത്തുണ്ട്. സ്വാതന്ത്ര്യത്തിന് 72 വയസ്സും കേരളത്തിന് 62 വയസ്സുമാകുന്നതുവരെയും അത് അങ്ങനെത്തന്നെയുണ്ട്. ഇപ്പോള്‍ അതിനു അയ്യങ്കാളിയുടെ പേരു കൊടുക്കുന്നത്, ഔ കണ്ണപുരത്തെ ഒരു സി.പി.ഐ (എം) കമ്മ്യൂണിസ്റ്റ്കാരന്‍ പറഞ്ഞ പോലെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയെന്നേ പറയാനാവു.
ജയലളിതയുടേയും കരുണാനിധിയുടേയും നിലവാരം കുറഞ്ഞ അധികാരക്കളിയിലെ ഒരു ഇനമായിരുന്നു, ഈ പേരു മാറ്റല്‍. സര്‍ക്കാര്‍ ബസ്സുകളിലെ നമ്പര്‍ വരെ അവര്‍ മാറ്റി. പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തിന് ഏറ്റവും അനുചിതമായ പേരാണ് സംഘി സര്‍ക്കാര്‍ നല്‍കിയത്.ബ്രിട്ടീഷ് ഗവര്‍മെന്റിന് പല തവണ മാപ്പ് എഴുതിക്കൊടുത്ത ഒരു തടവുകാരന്റെ പേര്.ഫിറോഷ് ഷാ കോട്‌ല ഗ്രൗണ്ടിന് ജയ്റ്റലിയുടെ പേര് ഇടുന്നെന്ന് കേട്ടു. ചിതയുടെ കനലാറും മുമ്പെ. ഇനിയും പല ഉദാഹരണങ്ങള്‍ പറയാം.
സെന്റ് പീറ്റേസ് ബര്‍ഗ്ഗ് ലെനിന്‍ ഗ്രാഡ് ആയതും തിരിച്ച് സെന്റ് പീറ്റേസ് ബര്‍ഗ്ഗായതും ചരിത്രപരമായ കാരണങ്ങളാലാണ്.അതു പോലെയല്ല ഈ പേരു മാറ്റങ്ങള്‍.
അയ്യങ്കാളി വെറുമൊരു പേരല്ല. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി പറഞ്ഞതും പൊരുതിനിന്നതുമായ ഒരാശയമാണ്. അദ്ദേഹത്തിനുള്ള ഏറ്റവും നല്ല കെട്ടിട സ്മാരകം ചെങ്ങന്നൂരില്‍ അദ്ദേഹം തന്നെ സ്ഥാപിച്ച സ്‌കൂളാണ്. സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ ഇപ്പോള്‍. മഹാത്മാ അയ്യങ്കാളി ഉണ്ടാക്കിയ സ്‌കൂളിനെ ആ പദ്ധതിയില്‍പ്പെടുത്തിയാല്‍ മോശം വരില്ല.
അയ്യങ്കാളി തന്റേടം കൊടുത്തുയര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ ഒരു ജനവിഭാഗമുണ്ടല്ലോ. 62 വര്‍ഷങ്ങള്‍ക്കു ശേഷവും ആ വലിയ ജനതയുടെ പുരോഗമനവും വികസനവുമൊക്കെ ഒരു വകയാണ്.
പിന്നോക്കക്കാരും ആദിവാസികളുമടങ്ങുന്ന ആ വിഭാഗത്തിനായി സര്‍ക്കാറുകള്‍ ചെലവഴിച്ചു എന്നു പറയുന്ന അതി ഭീമമായ സംഖ്യ യഥാര്‍ത്ഥത്തില്‍ എവിടെയാണ് മുങ്ങിയത്? രാഷ്ട്രീയ കൊള്ളക്കാരും ഉദ്യോഗസ്ഥ പിടിച്ചുപറിക്കാരും കൂടിയാണ് ഇതൊക്കെ വിഴുങ്ങിയത് എന്ന് എല്ലാവരും പറയുന്നു, അറിയുന്നു.പിന്നെയെന്താണ് ആരും ഒന്നും അന്വേഷിക്കാത്തത്?സി.ബി. ഐയൊന്നും ഈ കാര്യത്തില്‍ ആര്‍ക്കും വേണ്ടേ?
പറ്റുമോ,സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാന്‍? ഒരു സിറ്റിംഗ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വേഷണം ?അപരാധികളെ കടും ശിക്ഷയ്ക്ക് വിധേയമാക്കാന്‍ ത്രാണിയുണ്ടോ? 62 കൊല്ലത്തേയും തത്ക്കാലം ഒരുമിച്ചു വേണ്ട. ആദ്യപടിയായി കഴിഞ്ഞ 25 കൊല്ലത്തെ തോന്ന്യാസങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടാമോ?
ആ ഉത്തരവില്‍ 'അയ്യങ്കാളി സാമൂഹിക നീതി കര്‍മ്മപരിപാടി ' (Ayyankali Social Jestice Operation) എന്ന് തലവാചകം കൊടുക്കാം.
അയ്യങ്കാളി ഒരു കെട്ടിടമല്ല. ഒരു വിപ്‌ളവമാണ്. അതിനെ നിലനിര്‍ത്താന്‍ വിപ്‌ളവ പരിപാടികളാണ് വേണ്ടത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates