അരിമ്പാറ പോകാന്‍ മരുന്ന് പുരട്ടി, വിരല്‍ ഉരുകി തുള വീണു; ദയനീയം, കുറിപ്പ് 

അരിമ്പാറ മാറ്റാന്‍ മരുന്ന് പുരട്ടി വിരല്‍ കൂടി ഉരുകിപ്പോയ ഒരാളുടെ അവസ്ഥയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്
അരിമ്പാറ പോകാന്‍ മരുന്ന് പുരട്ടി, വിരല്‍ ഉരുകി തുള വീണു; ദയനീയം, കുറിപ്പ് 
Updated on: 
1 min read

വ്യാജവൈദ്യന്മാരില്‍ വിശ്വാസം അര്‍പ്പിച്ച് ചികിത്സയ്ക്ക് പോയി അപകടം പറ്റിയവര്‍ നിരവധിയുണ്ട് നമ്മുടെ സമൂഹത്തില്‍. ഇതറിഞ്ഞിട്ടും വീണ്ടും അപകടത്തില്‍ ചാടുന്നതും പതിവാണ്. അരിമ്പാറ മാറ്റാന്‍ മരുന്ന് പുരട്ടി വിരല്‍ കൂടി ഉരുകിപ്പോയ ഒരാളുടെ അവസ്ഥയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നഴ്‌സായി ജോലി ചെയ്യുന്ന സുധീര്‍ എന്ന വ്യക്തിയാണ് ആശുപത്രിയില്‍ എത്തിയ ഒരാളുടെ ദയനീയാവസ്ഥ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 


കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എത്രയായാലും നമ്മള്‍ പഠിക്കില്ലാ..

ഇന്ന് ആശുപത്രിയില്‍ വന്ന ഒരാളുടെ കൈവിരലിന്റെ ഫോട്ടോ ആണിത്. പാവം അവരുടെ കൈവിരലുകളില്‍ അരിമ്പാറ എന്ന പ്രശ്‌നം ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്നോ മറ്റോ വന്ന ഒരു ലാടവൈദ്യന്‍ അരിമ്പാറ പോകാനായി ഒരു മരുന്ന് പുരട്ടിക്കൊടുത്തു. ഒറ്റപ്രാവശ്യം പുരട്ടിക്കൊടുത്തതിന് 50 രൂപയും വാങ്ങി. ഇന്നലെയാണ് മരുന്ന് പുരട്ടിയത്. ഇന്നത്തെ അവസ്ഥയാണ് ചിത്രത്തില്‍ കാണുന്നത്.

മരുന്നു പുരട്ടിയ ഇടം ഉള്ളിലേക്ക് തുളഞ്ഞുപോയിരിക്കുന്നു. കണ്ടാല്‍ പേടിയാകും. ഒറ്റപ്രാവശ്യം മരുന്ന് പുരട്ടിയാല്‍ അരിമ്പാറ ഉരുകിപ്പോകും എന്നാണത്രേ വൈദ്യന്‍ അവകാശപ്പെട്ടത്! ഇതിപ്പോ വിരലും ഉരുകി എന്ന് മാത്രം! മരുന്നിന്റെ ശക്തി കണ്ടിട്ട് അത് 100% സള്‍ഫ്യൂരിക് ആസിഡ് ആകാനാണ് സാധ്യത! നിറം കിട്ടാനായി വല്ല പച്ചിലയും ചേര്‍ത്താല്‍ മതിയല്ലോ! എന്നിട്ട് രണ്ടുതുള്ളി 50 രൂപയ്ക്ക് വിറ്റാല്‍ തീരെ ലാഭം കിട്ടുകയുമില്ലാ!!

നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോള്‍ ബാധിക്കുന്ന ഒരിനം വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അരിമ്പാറ. ഭൂരിഭാഗം കേസുകളിലും ഇത് തനിയെ അപ്രത്യക്ഷമാകുകയും ചെയ്യും. അത് ഒരു സൗന്ദര്യപ്രശ്‌നമായിട്ട് തോന്നുന്നു എങ്കില്‍ നല്ല ഒരു ത്വക് രോഗ വിദഗ്ദനെ കണ്ടാല്‍ അത് ഇല്ലാതാക്കാന്‍ ശാസ്ത്രീയമായ പല മാര്‍ഗ്ഗങ്ങളും ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തില്‍ ലഭ്യമാണ് എന്നിരിക്കെ ഇത്തരം ഉടന്‍കൊല്ലി ലാടവൈദ്യന്‍മാരുടെ ചികിത്സ തേടുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കേണ്ടതാണ്...

വേണമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്‌തേക്ക്.. വായിച്ച് ആര്‍ക്കെങ്കിലും നല്ല ബുദ്ധി തോന്നിയാല്‍ തോന്നട്ടേ...

നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ നിങ്ങളുടെ കുടുംബഡോക്ടറെ കാണിക്കുക. അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും ഒരു യോഗ്യതയുള്ള ഡോക്ടറെ കാണിക്കുക. ആയുര്‍വ്വേദചികിത്സ വേണമെന്നുള്ളവര്‍ ആഅങട പാസ്സായ അല്ലെങ്കില്‍ അംഗീകൃത ചികിത്സകനായ ഒരു ആയുര്‍വ്വേദ ഡോക്ടറെ കാണുക. യാതൊരു കാരണവശാലും ഉടന്‍കൊല്ലികളെ ആശ്രയിക്കാതിരിക്കുക.. ഇതൊക്കെ ഒരു 100 വട്ടം പറഞ്ഞതാണ്.. അനുസരിച്ചാല്‍ അവനവന് കൊള്ളാം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com