

പാമ്പു കടിയേറ്റാല്‍, കടിയേറ്റ ഭാഗം അനക്കാതെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടതെന്ന് ഡോ ഷിംന അസീസ്. ഇന്നലെ
കൊല്ലത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പുകടിയേറ്റ ശിവജിത്തിനെ നടത്തിച്ചാണ് ബസ് കിട്ടുന്നിടം വരെ കൊണ്ടു പോയത്. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഷിംന അസീസിന്റെ മുന്നറിയിപ്പ്. ഒരു കാരണവശാലും കടിയേറ്റ ഭാഗം അനങ്ങാന്‍ പാടില്ല. വിഷം ശരീരത്തില്‍ കലരുന്ന പ്രക്രിയയുടെ വേഗം കൂടാന്‍ ഇത് കാരണമാകുമെന്നും ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ശിവജിത്തിനോട് കുരുമുളക് ചവച്ച് തുപ്പാന്‍ പറഞ്ഞ് 'വിഷമില്ല' എന്നുറപ്പ് നല്‍കിയ 'വിഷചികിത്സാവിദഗ്ധ'യോട് ഒന്നേ പറയാനുള്ളൂ. അറിയാത്ത പണി എടുക്കരുത്. ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടായിരുന്ന ഒരു ഇത്തിരിക്കുഞ്ഞിന്റെ ജീവനാണ് നിങ്ങള്‍ നാല് മണി കുരുമുളകില്‍ ഒതുക്കിയത്.ഇജ്ജാതി 'നാടന്‍ ചികിത്സ കൊലപാതകങ്ങള്‍' നിയമപരമായി നേരിടണം'- ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഒരു കുഞ്ഞിപൈതല്‍ കൂടി പാമ്പ്കടിക്ക് കീഴടങ്ങിയിരിക്കുന്നു.
ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത് തന്നെ ഇനിയും പറയട്ടെ. കേരളത്തില്‍ ആകെയുള്ള നൂറ്റിപ്പത്തോളം ഇനം പാമ്പുകളില്‍ അഞ്ചെണ്ണത്തിനാണ് മനുഷ്യനെ കൊല്ലാന്‍ പാകത്തില്‍ വിഷമുള്ളത്.
മൂര്‍ഖന്‍, രാജവെമ്പാല, അണലി, ചുരുട്ടമണ്ഡലി, വെള്ളിക്കെട്ടന്‍ എന്നീ കരയിലെ പാമ്പുകള്‍ക്കും കൂടാതെ കടല്‍പ്പാമ്പുകള്‍ക്കും വിഷമുണ്ട്. നിലവില്‍ രാജവെമ്പാലയുടേയും കടല്‍പ്പാമ്പുകളുടേയും വിഷത്തെ നിര്‍ജീവമാക്കാനുള്ള ആന്റിവെനം നമുക്ക് ലഭ്യമല്ല. രാജവെമ്പാല കടിച്ച് ഇന്ന് വരെ കേരളത്തില്‍ ആരും മരിച്ചതായി രേഖകളുമില്ല.
വിഷമുള്ള പാമ്പ് കടിച്ചാല്‍ പോലും എല്ലായെപ്പോഴും വിഷം ശരീരത്തില്‍ കയറണമെന്നില്ല. ഭൂരിഭാഗം പാമ്പ്കടിയും വിഷമില്ലാത്ത പാമ്പുകളില്‍ നിന്നോ അതല്ലെങ്കില്‍ വിഷമുള്ള പാമ്പുകളെ വിഷം ശരീരത്തിലെത്തിക്കാന്‍ കെല്‍പ്പില്ലാത്ത 'െ്രെഡ ബൈറ്റ്' രീതിയിലുള്ളതോ ആകും.
കടിയേറ്റാല്‍ ചെയ്യേണ്ടത് Do it 'RIGHT' എന്നോര്‍ക്കുക. Reassure (രോഗിയെ ആശ്വസിപ്പിക്കുക, രോഗി ഭീതിയിലാകുന്നത് വഴി ഹൃദയമിടിപ്പ് കൂടുകയും വിഷം ശരീരത്തില്‍ വളരെ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. Immobilise (കടിയേറ്റ ഭാഗം അനക്കാതെ ആശുപത്രിയില്‍ എത്തിക്കുക.) ഇന്നലെ പാമ്പുകടിയേറ്റ കുഞ്ഞിനെ നടത്തിച്ചാണ് ബസ് കിട്ടുന്നിടം വരെ കൊണ്ടു പോയത് എന്ന് വായിച്ചു. ഒരു കാരണവശാലും കടിയേറ്റ ഭാഗം അനങ്ങാന്‍ പാടില്ല. വിഷം ശരീരത്തില്‍ കലരുന്ന പ്രക്രിയയുടെ വേഗം കൂടാന്‍ ഇത് കാരണമാകും. Go to Hospital (ആശുപത്രിയിലേക്ക് ചെല്ലുക). Tell these symptoms (ലക്ഷണങ്ങള്‍ പറയുക. ഓരോ പാമ്പിന്‍വിഷവും ശരീരത്തില്‍ ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ വെവ്വേറെയാണ്. അത് കേട്ടാല്‍ ഡോക്ടര്‍ക്ക് വേണ്ട ചികിത്സകള്‍ തീരുമാനിക്കാന്‍ സാധിക്കും).
നാലിനം വിഷപാമ്പുകള്‍ക്കും നല്‍കുന്ന ആന്റിവെനം ഒന്ന് തന്നെയാണ്. അത് കൊണ്ട് തന്നെ പാമ്പിനെ കാണാതെ തന്നെ ചികിത്സ നിര്‍ണയിക്കാനാകും. കഴിയുമെങ്കില്‍ സുരക്ഷിതദൂരത്ത് നിന്ന് മൊബൈല്‍ ഫോണില്‍ പാമ്പിന്റെ ഒരു ഫോട്ടോ എടുക്കുന്നതില്‍ തെറ്റില്ല. അത് പോലും നിര്‍ബന്ധമില്ല. മുറിവിന് മീതെ കെട്ടുകയോ കഴിഞ്ഞ ദിവസം വാവ സുരേഷിന് അണലിയുടെ കടിയേറ്റ വീഡിയോയില്‍ കണ്ടത് പോലെ മുറിവിലെ ചോര വായിലേക്ക് വലിച്ചെടുത്ത് പുറത്തേക്ക് തുപ്പുകയോ വേണ്ട. വായില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വളരെ പെട്ടെന്ന് വിഷം രക്തത്തില്‍ കലരാന്‍ ഈ 'തുപ്പല്‍വിദ്യ' കാരണമാകും. പാമ്പിനെ പിടിക്കാന്‍ നടന്നു സമയവും കളയേണ്ടതില്ല.
ശിവജിത്തിനോട് കുരുമുളക് ചവച്ച് തുപ്പാന്‍ പറഞ്ഞ് 'വിഷമില്ല' എന്നുറപ്പ് നല്‍കിയ 'വിഷചികിത്സാവിദഗ്ധ'യോട് ഒന്നേ പറയാനുള്ളൂ. അറിയാത്ത പണി എടുക്കരുത്. ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടായിരുന്ന ഒരു ഇത്തിരിക്കുഞ്ഞിന്റെ ജീവനാണ് നിങ്ങള്‍ നാല് മണി കുരുമുളകില്‍ ഒതുക്കിയത്.
ഇജ്ജാതി 'നാടന്‍ ചികിത്സ കൊലപാതകങ്ങള്‍' നിയമപരമായി നേരിടാത്തിടത്തോളം ഇനിയും ജീവനുകള്‍ പൊലിയുമെന്നറിയാം. എങ്കിലും പറഞ്ഞ് പോകുകയാണ്.
ആ കുഞ്ഞിന്റെ മരണാനന്തരമെങ്കിലും അവന്റെ അമ്മക്കും അച്ഛനും ചേച്ചിക്കും അടച്ചുറപ്പുള്ള ഒരു കൂര ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഭൂമിയുടെ അവകാശികളില്‍ അവരുടെ പേരും പതിഞ്ഞിട്ടുണ്ടാകുമല്ലോ.
ശിവജിത്തിന് ആദരാഞ്ജലികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates