

കൊച്ചി: 'നിയമസഭാ റിപ്പോര്‍ട്ടിംഗിലെ അതികായര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞ ധന്യനിമിഷമാണിത്. 51 മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ നിയമസഭാ അവലോകനങ്ങള്‍ 'പ്രസ്ഗ്യാലറി കണ്ട സഭ' എന്ന പേരില്‍ കേരള മീഡിയ അക്കാദമി പുസ്തകമാക്കിയപ്പോള്‍ ഈയുള്ളവന്റെ രചനയും അതിന്റെ ഭാഗമായതിന്റെ നിര്‍വൃതി.'- ഇത് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ്. പുസ്തകത്തില്‍ തന്റെ രചനയും ഇടംപിടിച്ചതിലും പ്രകാശനചടങ്ങില്‍ കേരള മീഡിയ അക്കാദമി ആദരം നല്‍കിയതിലും നന്ദി അറിയിച്ചുകൊണ്ടുളള ബഷീറിന്റെ അവസാന ഫെയ്‌സ്ബുക്ക് കുറിപ്പ് വീണ്ടും പ്രസക്തമാകുന്നു. കുറിപ്പിന് താഴെ സുഹൃത്തുക്കള്‍ വാക്കുകള്‍ കൊണ്ട് ആദരാജ്ഞലി അര്‍പ്പിച്ചു.
കെ ആര്‍ ചുമ്മാര്‍, സി ആര്‍ എന്‍ പിഷാരടി, കെ സി സെബാസ്റ്റ്യന്‍ തുടങ്ങി നിയമസഭ റിപ്പോര്‍ട്ടിങ്ങില്‍ തിളങ്ങിയിരുന്നവരും ഇപ്പോഴും തിളങ്ങുന്നവരുമായ മാധ്യമരംഗത്തെ കുലപതികളുടെ രചനകള്‍ക്ക് ഒപ്പം തന്റെ എഴുത്തും കേരള മീഡിയ അക്കാദമി പുറത്തിറക്കിയ പുസ്തകത്തില്‍ ഇടംപിടിച്ചതിന്റെ നന്ദി അറിയിച്ചു കൊണ്ടുളളതാണ് കുറിപ്പ്. പ്രസ്ഗ്യാലറി കണ്ട സഭ എന്ന പേരിലുളള പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മീഡിയ അക്കാദമി തനിക്ക് ആദരം നല്‍കിയത് കൂടി ആയതോടെ ഇരട്ടിമധുരം ലഭിച്ച പ്രതീതിയാണ് തോന്നിയത് എന്നും ബഷീര്‍ കുറിച്ചു. ജൂലൈ 30നാണ് ഈ കുറിപ്പ് ബഷീര്‍ ഫെയസ്ബുക്കില്‍ പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
'പ്രസ്ഗ്യാലറി കണ്ട സഭ' നല്‍കുന്ന ആഹ്ലാദം
നിയമസഭാ റിപ്പോര്‍ട്ടിംഗിലെ അതികായര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞ ധന്യനിമിഷമാണിത്. 51 മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ നിയമസഭാ അവലോകനങ്ങള്‍ 'പ്രസ്ഗ്യാലറി കണ്ട സഭ' എന്ന പേരില്‍ കേരള മീഡിയ അക്കാദമി പുസ്തകമാക്കിയപ്പോള്‍ ഈയുള്ളവന്റെ രചനയും അതിന്റെ ഭാഗമായതിന്റെ നിര്‍വൃതി. ഇതിന്റെ പേരില്‍ പുസ്തക പ്രകാശന ചടങ്ങില്‍ മീഡിയ അക്കാദമിയുടെ ആദരം കൂടി ആയതോടെ ഇരട്ടിമധുരവും. വളരെ പണിപ്പെട്ട് ഇങ്ങിനെയൊരു സാഹസത്തിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ പി ശ്രീകുമാറിനും മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബുവിനും നന്ദി.
കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച മാധ്യമരംഗത്തെ കുലപതികള്‍. മണ്‍മറഞ്ഞവരും തൊഴിലിടം വിട്ടവരും ഇന്നും ഈ രംഗത്ത് തുടരുന്നവരുമായ 51 പേരുടെതാണ് രചനകള്‍. പത്രപ്രവര്‍ത്തനരംഗത്തേക്ക് വന്ന നാള്‍ മുതല്‍ കണ്ടതും കേട്ടതുമായ ഗുരുസ്ഥാനീയര്‍. കെ ആര്‍ ചുമ്മാര്‍ സാറിനെയും കെ സി സെബാസ്റ്റ്യന്‍ സാറിനെയും പി സി സുകുമാരന്‍ സാറിനെയും പോലെ വായിച്ചനുഭവിച്ചവര്‍. അഴീക്കോട് മാഷ് നിയമസഭാ റിപ്പോര്‍ട്ടിംഗിന് വന്നപ്പോള്‍ പ്രസ്ഗ്യാലറിയില്‍ ഇരിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.
സി ആര്‍ എന്‍ പിഷാരടി, കെ ജി പരമേശ്വരന്‍ നായര്‍, എം പി അച്യുതന്‍, എസ് ആര്‍ ശക്തിധരന്‍, കെ കുഞ്ഞിക്കണ്ണന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം, പി പി ജയിംസ്, ജി ശേഖരന്‍ നായര്‍, ജോണി ലുക്കോസ്, വയലാര്‍ ഗോപകുമാര്‍, ജോണ്‍ മുണ്ടക്കയം, ഇ സോമനാഥ്, ആര്‍ എസ് ബാബു, കെ ശ്രീകണ്ഠന്‍, ബി വി പവനന്‍, എസ് അനില്‍, പി എസ് ജയന്‍, സി ഹരികുമാര്‍, എസ് എന്‍ ജയപ്രകാശ് തുടങ്ങി പ്രമുഖരുടെ നിര. സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന പരിചയം പോലുമില്ലാതെ സഭാ റിപ്പോര്‍ട്ടിംഗിനെത്തിയപ്പോള്‍ നടപടിക്രമങ്ങള്‍ പഠിപ്പിച്ചവരാണ് പലരും. ഇവര്‍ക്കെല്ലാമൊപ്പമാണ് എന്റെയും കൂടി രചന ഉള്‍പ്പെട്ട പുസ്തകം. 'ജി എസ് ടി അഥവാ അര്‍ധ രാത്രിയിലെ കവര്‍ച്ച' എന്ന തലക്കെട്ടില്‍ 2017 ആഗസ്റ്റ് ഒന്‍പതിന് സിറാജില്‍ എഴുതിയ നിയമസഭാ അവലോകനമാണ് എന്റേതായുള്ളത്. സുഹൃത്തുക്കളില്‍ നിന്ന് അരവിന്ദ് എസ് ശശിയും നിസാര്‍മുഹമ്മദും സി പി ശ്രീഹര്‍ഷനും എഴുതിയ രചനകളുമുണ്ട്. എഴുത്തിന്റെ വഴിയില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates