

കൊച്ചി: സംസ്‌കാരസമ്പന്നരെന്നു അഹങ്കരിക്കുന്നവരുടെ ഉള്ളങ്ങളില്‍ നിന്ന് അസഹിഷ്ണുതയുടെ, ജാതി വിവേചനത്തിന്റെ, തീണ്ടികൂടായ്മയുടെ അളിഞ്ഞ മൃതദേഹങ്ങള്‍ നമ്മുടെ മതേതര കോട്ടകളുടെ തിരുമുറ്റത്തേക്കു വലിച്ചിടാന്‍ കഴിഞ്ഞെങ്കില്‍ അശാന്തനു മരണ ശേഷം കിട്ടിയത് അശാന്തിയല്ല ശാന്തി തന്നെയാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തക അമീറാ ഐഷാബീഗം.ആചാര വെടികളോടു കൂടെ എല്ലാ ബഹുമതികളോടും കൂടെ ജനലക്ഷങ്ങളുടെ പ്രണാമം ഏറ്റു വാങ്ങി മറവു ചെയ്യപ്പെടുന്ന മൃതദേഹങ്ങളെക്കാളും കാലത്തോട് സംവദിക്കുന്നത് അവഗണന ഏറ്റുവാങ്ങുന്ന മൃതദേഹങ്ങളാണെന്നും അമീറ പറഞ്ഞു
നായാടി മുതല്‍ നമ്പൂതിരി വരെ എന്ന് എത്ര ഉരുക്കഴിച്ചാലും ജാതിയില്ല വിളംബര ആഘോഷങ്ങള്‍ നടത്തിയാലും പന്തിഭോജന സ്മരണകള്‍ അയവിറക്കിയാലും ചില സത്യങ്ങള്‍ നുണകളുടെ കരിമ്പടങ്ങളെ കീറിമുറിച്ചു പുറത്തു വരും. സവര്‍ണപ്രഭുക്കളുടെ കിടപ്പറയിലേക്ക് ജനാധിപത്യത്തെ കൂട്ടി കൊടുക്കുന്നവര്‍ക്കും അധികാര ചതുരംഗ കളത്തില്‍ മുന്നേറാന്‍ ജാതി മേലാളന്മാരുടെ അമേധ്യം അമൃതാക്കുന്നവര്‍ക്കും മുന്നില്‍ ചോദ്യശയ്യതീര്‍ത്താണ് ആ മൃതദേഹം കിടന്നതെന്നും അമീറ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
മൃതദേഹങ്ങള്‍ സംസാരിക്കുമ്പോള്‍...
നിശബ്ദത അകമ്പടി സേവിച്ചു കുഴിമാടത്തിലേക്കു യാത്ര പോകേണ്ടവരല്ല ചിലര്‍.. അവര്‍ ചില ദൗത്യങ്ങള്‍ നിറവേറ്റാന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് ...
മിഖായേല്‍ ബ്രൗണ്‍ എന്ന നിരായുധനായ പതിനെട്ടുകാരന്‍ വെള്ളക്കാരന്‍ പോലീസ് ഓഫീസറുടെ വെടിയേറ്റ് ജീവന്‍ പൊലിഞ്ഞു അമേരിക്കയിലെ ഒരുതെരുവില്‍ കിടന്നത് നാല് മണിക്കൂര്‍. കറുത്ത തൊലിയുമായി പിറന്നവനായത് കൊണ്ടാകാം അവനെ കൊണ്ട് പോകാന്‍ ഒരു ആംബുലന്‍സും അത്ര നേരം ചീറി പാഞ്ഞു എത്താഞ്ഞത്. ക്യാമെറ കണ്ണുകള്‍ക്ക് വിരുന്നൊരുക്കി നിരത്തില്‍ കിടന്ന ആ മൃതദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത് വര്‍ണ വിവേചനത്തിന്റെ നടുക്കുന്ന കഥകള്‍ തന്നെ... ചൊട്ട മുതല്‍ ചുടല വരെ അധഃകൃതന്‍ നേരിടുന്ന അവഗണയുടെ നേര്‍കാഴ്ചയായി ആ ജീവനറ്റ ശരീരം...
ഫെര്‍ഗുസണ്‍ വിപ്ലവം എന്ന് ചരിത്രം രേഖപ്പെടുത്തിയ ആ ഏറ്റുമുട്ടല്‍ ആഫ്രോ അമേരിക്കന്‍സിനോട് കാണിക്കുന്ന അക്രമങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ക്കും ഏറ്റുമുട്ടല്‍ കൊലകളുടെ നൈതികതയെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുന്നതിനു കാരണമായി. രണ്ടാഴ്ച്ചക്കൊടുവില്‍ മറവുചെയ്യപ്പെടുമ്പോഴേക്കും ആ പതിനെട്ടുകാരന്‍ അവന്റെ ജനതയോട് മൂകമായി നടത്തിയ വിലാപം മാറ്റൊലിയായത് ലോകമെങ്ങും ആണ്... ആ മൃതദേഹം അപ്പോഴേ എടുത്തു മാറ്റിയിരുന്നെങ്കില്‍ ഒരു നിസ്സഹായ വംശത്തിന്റെ രോഷം തെരുവുകളില്‍ ആളിക്കത്തിക്കാന്‍ ഇടയാക്കിയ ആ സംഭവം ലോകം അറിയാതെ പോയേനെ...
ദാന മാജ്ഹി എന്ന ഭര്‍ത്താവ് പത്തുകിലോമീറ്റര്‍ തോളിലേറ്റി നടന്ന ഭാര്യയുടെ മൃതദേഹവും ഘട്ടി ദിബാര്‍ എന്ന അച്ഛന്‍ പതിനഞ്ച് കിലോ മീറ്റര്‍ മാറോടടുക്കിപ്പിടിച്ചു നടന്ന പത്തു വയസ്സുകാരിയുടെ മൃതദേഹവും കണ്ടവര്‍ കാര്‍ക്കിച്ചു തുപ്പിയത് തിളങ്ങുന്ന ഇന്ത്യയുടെ മുഖത്താണ്. കോര്‍പ്പറേറ്റു ഭീമന്മാര്‍ക്ക് ദരിദ്രനാരായണന്മാരുടെ ചോരയും നീരും കൊണ്ട് വിരുന്നുമേശയിലെ ചഷകങ്ങള്‍ നിറച്ചു കൊടുത്തവരുടെ വികസന മുഖമൂടികള്‍ ആണ് ചീന്തിയെറിയപ്പെട്ടത്.
ജീവിതം മുഴുവന്‍ സമരമായിരുന്നവര്‍ക്കു മരിച്ചു കിടക്കുമ്പോഴും മറവ് ചെയ്ത ശേഷവും ആ സമരം കൂടുതല്‍ തീക്ഷ്ണമാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് തന്നെ സാര്‍ത്ഥകമായ ജീവിതം.സാര്‍ത്ഥകമായ മരണവും ...
ആചാര വെടികളോടു കൂടെ എല്ലാ ബഹുമതികളോടും കൂടെ ജനലക്ഷങ്ങളുടെ പ്രണാമം ഏറ്റു വാങ്ങി മറവു ചെയ്യപ്പെടുന്ന മൃതദേഹങ്ങളെക്കാളും കാലത്തോട് സംവദിക്കുന്നത് അവഗണന ഏറ്റുവാങ്ങുന്ന
മൃതദേഹങ്ങളാണ്...
സംസ്‌കാരസമ്പന്നരെന്നു അഹങ്കരിക്കുന്നവരുടെ ഉള്ളങ്ങളില്‍ നിന്ന് അസഹിഷ്ണുതയുടെ, ജാതി വിവേചനത്തിന്റെ, തീണ്ടികൂടായ്മയുടെ അളിഞ്ഞ മൃതദേഹങ്ങള്‍ നമ്മുടെ മതേതര കോട്ടകളുടെ തിരുമുറ്റത്തേക്കു വലിച്ചിടാന്‍ കഴിഞ്ഞെങ്കില്‍ അശാന്തനു മരണ ശേഷം കിട്ടിയത് അശാന്തിയല്ല ശാന്തി തന്നെയാണ്...
വഴി നടക്കാനും പൊതുവിടങ്ങള്‍ സ്വന്തമാക്കാനും ജാതിക്കോമരങ്ങളോട് സന്ധിയില്ലാ സമരം ചെയ്തവരുടെ പിന്തലമുറക്കാരന്റെ മൃതദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കാന്‍ പോരാട്ടങ്ങളുടെയും സഹനത്തിന്റെയും വിമോചനത്തിന്റെയും ചരിത്രം അറിയുന്നവര്‍ക്ക് കഴിയില്ല.സവര്‍ണ തീവ്രവാദം കയ്യടക്കി വച്ചിരുന്ന നമ്മുടെ ജനാധിപത്യ നിരത്തുകളില്‍ നവോത്ഥാന കാഹളം മുഴക്കിയവര്‍,വില്ലു വണ്ടി ഓടിച്ചെത്തിയവര്‍, മുല മുറിച്ചെറിഞ്ഞു കൊടുത്തവള്‍... ചോര വാര്‍ത്തവര്‍...
അവരുടെ കൂട്ടത്തിലേക്കു...
സ്വന്തം മൃതദേഹം കൊണ്ട് പ്രതിഷേധത്തിന്റെ കെടാ ചിത തീര്‍ത്ത കലാകാരന്‍..
നായാടി മുതല്‍ നമ്പൂതിരി വരെ എന്ന് എത്ര ഉരുക്കഴിച്ചാലും ജാതിയില്ല വിളംബര ആഘോഷങ്ങള്‍ നടത്തിയാലും പന്തിഭോജന സ്മരണകള്‍ അയവിറക്കിയാലും ചില സത്യങ്ങള്‍ നുണകളുടെ കരിമ്പടങ്ങളെ കീറിമുറിച്ചു പുറത്തു വരും. സവര്‍ണപ്രഭുക്കളുടെ കിടപ്പറയിലേക്ക് ജനാധിപത്യത്തെ കൂട്ടി കൊടുക്കുന്നവര്‍ക്കും അധികാര ചതുരംഗ കളത്തില്‍ മുന്നേറാന്‍ ജാതി മേലാളന്മാരുടെ അമേധ്യം അമൃതാക്കുന്നവര്‍ക്കും മുന്നില്‍ ചോദ്യശയ്യ
തീര്‍ത്താണ് ആ മൃതദേഹം കിടന്നത്.
അതുകൊണ്ട് തന്നെ ആ മൃതദേഹങ്ങള്‍ക്കു വേണ്ടി നാം വിലപിക്കേണ്ടതില്ല
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates