ആകര്‍ഷിച്ചത് ഡിറ്റക്റ്റീവ് നോവലുകള്‍, തെരഞ്ഞെടുത്ത വിഷയം സൈക്കോളജി, തളരാത്ത മനസുമായി അഞ്ചാമത്തെ പരിശ്രമത്തില്‍ ഐപിഎസ്; ചൈത്രയുടേത് കഠിനാധ്വാനത്തിന്റെ കഥ

ജനശ്രദ്ധ പിടിച്ചുപറ്റിയ ഐപിഎസുകാരിയായി മാറിയതോടെ ചൈത്ര തെരേസ ജോണിന്റെ ഭൂതകാല ചരിത്രം ചികഞ്ഞുനോക്കാനും ശ്രമങ്ങള്‍ നടക്കുകയാണ്
ആകര്‍ഷിച്ചത് ഡിറ്റക്റ്റീവ് നോവലുകള്‍, തെരഞ്ഞെടുത്ത വിഷയം സൈക്കോളജി, തളരാത്ത മനസുമായി അഞ്ചാമത്തെ പരിശ്രമത്തില്‍ ഐപിഎസ്; ചൈത്രയുടേത് കഠിനാധ്വാനത്തിന്റെ കഥ
Updated on
2 min read

പ്രതികളെ അന്വേഷിച്ച് സി.പി.എം പാര്‍ട്ടി ഓഫീസില്‍ കയറി റെയ്ഡ് നടത്തിയതിലുടെ ഒരേസമയം വിവാദനായിക, ധീരവനിത പട്ടങ്ങള്‍ ചാര്‍ത്തിക്കിട്ടിയ ഐപിഎസുകാരിയാണ് ചൈത്ര തെരേസ ജോണ്‍. ചൈത്ര തെരേസ ജോണിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ പ്രതികരണവുമായി രംഗത്തുവന്നതോടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പേരായി ഇവര്‍ മാറി. പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലെ പ്രതികളെ തേടി ഡി.സി.പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സി.പി.എം. ജില്ലാ കമ്മറ്റിയില്‍ റെയ്ഡ് നടത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡി.സി.പിയായിരുന്ന ആര്‍.ആദിത്യ ശബരിമല ഡ്യൂട്ടിക്ക് പോയപ്പോള്‍ പകരക്കാരിയായാണ് ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡി.സി.പി.യുടെ അധിക ചുമതല നല്‍കിയത്. 

ജനശ്രദ്ധ പിടിച്ചുപറ്റിയ ഐപിഎസുകാരിയായി മാറിയതോടെ ചൈത്ര തെരേസ ജോണിന്റെ ഭൂതകാല ചരിത്രം ചികഞ്ഞുനോക്കാനും ശ്രമങ്ങള്‍ നടക്കുകയാണ്. 2016 കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ചൈത്ര. ചൈത്ര തെരേസ ജോണ്‍ ഐ.പി.എസുകാരിയായതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു കഥ പറയാനുണ്ട്. കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശിനിയായ ചൈത്ര 2015ലാണ്  സിവില്‍ സര്‍വീസില്‍ 111-ാം റാങ്ക് നേടിയത്. റാങ്ക് നേടുന്ന സമയം ഇന്‍ഡ്യന്‍ റെയില്‍വേ ട്രാഫിക്ക്  സര്‍വീസിലെ ഓഫീസറായിരുന്നു ചൈത്ര. എന്നാല്‍ ഐ.പി.എസുകാരിയാകണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെയും കഠിനമായ പരിശ്രമത്തിന്റെയും  ഫലമായിരുന്നു ചൈത്രയുടെ ആ റാങ്ക്. അഞ്ചാമത്തെ ശ്രമത്തിലാണ് ചൈത്രയുടെ ഈ നേട്ടം.അഞ്ചു തവണ എഴുത്തു പരീക്ഷ പാസായിരുന്നു. മൂന്നു തവണ ഇന്റര്‍വ്യൂ വരെ എത്തി. മൂന്നാം അവസരത്തിലാണ് ഇവര്‍ ഇന്റര്‍വ്യു പാസാകുന്നത്. 

2012ല്‍ 550-ാം റാങ്ക് നേടി ചൈത്രയ്ക്ക് ഐ.ആര്‍.ടി.എസ് ലഭിച്ചിരുന്നു. എന്നാല്‍ 2013ല്‍ പ്രിലിമിനറി പോലും പാസാകാന്‍ കഴിഞ്ഞില്ല. തന്റെ പരാജയത്തില്‍ തളര്‍ന്നു പോകാതെ ചൈത്ര വീണ്ടും പരിശ്രമിച്ചു. ഐ.പി.എസ് നേടണമെന്ന ശക്തമായ ആഗ്രഹം കൊണ്ട് തന്നെ ചൈത്ര വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതുകയായിരുന്നു. 2015 ല്‍ മികച്ച റാങ്കോടെ സിവില്‍ സര്‍വീസ് പാസാകുകയും ചെയ്തു. ഹൈദരാബാദ് ദേശീയ പോലീസ് അക്കാദമിയില്‍ നിന്ന് രണ്ടു മലയാളികളാണ് ആ ബാച്ചില്‍ പുറത്തിറങ്ങിയത്. ചൈത്രയും സുനില്‍ ദാസും. 

ബംഗലൂരു ക്രൈസ്റ്റ് കോളേജില്‍ നിന്ന് സൈക്കോളജിയും ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ സോഷ്യോളജിയും നേടിയ ചൈത്ര സൈക്കോളജിയായിരുന്നു സിവില്‍ സര്‍വീസിന് തെരഞ്ഞെടുത്ത വിഷയം.  വായന ഏറെ ഇഷ്ടപ്പെടുന്ന ചൈത്രയേ ഐ.പി.എസിലേയ്ക്ക് ആകര്‍ഷിച്ചത് ഡിറ്റക്്റ്റീവ് നോവലുകളായിരുന്നു. കോട്ടയം വയനാട് ജില്ലകളില്‍ ജോലി ചെയ്തിരുന്ന ചൈത്ര തലശ്ശേരി പോലീസ് സബ് ഡിവിഷനിലെ ആദ്യവനിത ഐ.പി.എസ് ഓഫീസറായിരുന്നു. ചുമതലയേറ്റ് നാലുമാസം കഴിഞ്ഞപ്പോഴായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെയും കൊലപാതകങ്ങള്‍ നടന്നത്. 

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ രണ്ടു കേസുകളുടെയും ചുമതല ഐ.പി.എസ് ചൈത്ര തെരേസ ജോണിനായിരുന്നു. കൂടാതെ ഈ സമയത്തു തന്നെയായിരുന്നു പിണറായിയില്‍ കുടുംബത്തിലെ മൂന്നുപേരെ യുവതി കൊലപ്പെടുത്തിയ സംഭവവും നടന്നത്. തന്റെ ജോലിയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഇവര്‍ മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com