

കണ്ണൂര്‍ : കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ വഴി വിട്ട സഹായം ലഭിക്കുന്നതായ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ജയിൽ ഡിജിപി ആർ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യനോട് പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ ഡിജിപി നിർദേശിച്ചു.
ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയ്ക്ക് ജയിലിൽ വഴിവിട്ട സഹായം ലഭിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയത്. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പകല്‍ മുഴുവന്‍ ചെലവഴിക്കാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചെന്ന് പരാതിയിൽ സുധാകരൻ ചൂണ്ടിക്കാട്ടി.
മൂന്നുദിവസങ്ങളിലായി പല തവണയാണ് ആകാശിന് യുവതിയെ കാണാന്‍ അധികൃതര്‍ അവസരം നല്‍കിയത്. ഇതടക്കം ജയിലില്‍ വഴിവിട്ട പല സഹായങ്ങളും ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ലഭിക്കുന്നുണ്ട്. ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ഇവരുടെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates