'ആതിരയുടെ വധം: ഗുരുവിനെ തിരുത്തി ജാതി പറയുകയും ചോദിക്കുകയും ചെയ്യുന്നവരും രാഷ്ട്രീയ നേതാക്കളും ഉത്തരവാദികള്‍'
കൊച്ചി: കേരള സമൂഹത്തിന് നവോത്ഥാന മൂല്യങ്ങള്‍ നഷ്ടമായിരിക്കുന്നു എന്നതിന്റെ തെളിവാണ് ആതിരയുടെയും ഹാദിയായുടെയും അനുഭവങ്ങളെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌ക്കര്‍. ഇതിന് ഉത്തരവാദികള്‍ പലരാണ്. നവോത്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കൂട്ടാക്കാതിരുന്ന രാഷ്ട്രീയ നേതാക്കളാണ് ഒരു കൂട്ടര്‍. ഗുരുവിനെ തിരുത്തി ജാതി പറയുകയും ചോദിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എസ്.എന്‍.ഡി.പി യോഗം നേതാക്കളാണ് മറ്റൊരു കൂട്ടര്‍ - ബി ആര്‍ പി ഭാസ്‌ക്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
യോഗത്തെപ്പോലെ ഗുരു സ്ഥാപിച്ച സന്യാസി സംഘവും ഇപ്പോള്‍ ജാതിമേധാവിത്വം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമായി ബാന്ധവത്തിലാണ്. അവരെ നയിക്കുന്നത് പൊതുസമൂഹത്തിന്റെയോ സ്വന്തം സമുദായത്തിന്റെ പോലുമോ താല്പര്യങ്ങളല്ല, കേവലം സ്വകാര്യ താല്പര്യങ്ങളാണ് - ബി ആര്‍ പി ഭാസ്‌ക്കര്‍ കുറ്റപ്പെടുത്തി
ആതിരയുടെ ദാരുണമായ കൊലപാതകം സംബന്ധിച്ച് ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ കേരള സമൂഹത്തിന്റെ ഭൂതകാലത്തെയും സമകാലികാവസ്ഥയെയും കുറിച്ച് പല അബദ്ധധാരണകളും പ്രകടമാകുന്നുണ്ട്.
അതിലൊന്ന് ഇത് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല ആണെന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഫ്യൂഡല്‍ കാലം മുതല്‍ ഇവിടെ നടന്നിരുന്നു. പുതുതായുള്ളത് കൊലയുടെ രീതിയും പേരുമാണ്. ചവിട്ടിക്കൊന്ന് കെട്ടിത്തൂക്കുകയോ ചേറില്‍ താഴ്ത്തുകയൊ ആയിരുന്നു പരമ്പരാഗത രീതി. അത് ചെയ്തവര്‍ പ്രതാപശാലികളായതുകൊണ്ട് പോലീസ് നടപടിയുണ്ടായില്ല. പത്രങ്ങളില്‍ വാര്ത്തയുമുണ്ടായില്ല. പക്ഷെ നാട്ടുകാര്‍ക്കൊക്കെ അറിവുണ്ടായിരുന്നു- ബി ആര്‍ പി ഭാസ്‌ക്കര്‍ കുറിച്ചു.
ബി ആര്‍ പി ഭാസ്‌ക്കറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ആതിരയുടെ ദാരുണമായ കൊലപാതകം സംബന്ധിച്ച് ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ കേരള സമൂഹത്തിന്റെ ഭൂതകാലത്തെയും സമകാലികാവസ്ഥയെയും കുറിച്ച് പല അബദ്ധധാരണകളും പ്രകടമാകുന്നുണ്ട്.
അതിലൊന്ന് ഇത് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല ആണെന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഫ്യൂഡല്‍ കാലം മുതല്‍ ഇവിടെ നടന്നിരുന്നു. പുതുതായുള്ളത് കൊലയുടെ രീതിയും പേരുമാണ്. ചവിട്ടിക്കൊന്ന് കെട്ടിത്തൂക്കുകയോ ചേറില്‍ താഴ്ത്തുകയൊ ആയിരുന്നു പരമ്പരാഗത രീതി. അത് ചെയ്തവര്‍ പ്രതാപശാലികളായതുകൊണ്ട് പോലീസ് നടപടിയുണ്ടായില്ല. പത്രങ്ങളില്‍ വാര്ത്തയുമുണ്ടായില്ല. പക്ഷെ നാട്ടുകാര്‍ക്കൊക്കെ അറിവുണ്ടായിരുന്നു.
സംഭവത്തിന് ദുരഭിമാനക്കൊല എന്ന പേര് വീണിട്ടു ഒന്നൊ രണ്ടോ കൊല്ലത്തിലധികമാകില്ല. അത് കണ്ടെത്തിയത് മാധ്യമങ്ങളാണ്. വടക്കേ ഇന്ത്യയില്‍ നടന്ന സംഭവങ്ങളുടെ ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടുകളിലെ honour killing
എന്ന വിശേഷണത്തിന്റെ പരിഭാഷയായാണ് അത് വന്നത്.
ശ്രീനാരായണ സ്വാധീനത്തില്‍ വലിയ സാമൂഹികമാറ്റം കണ്ട ഒന്നാണ് ഈഴവസമുദായം. ഗുരുവിന്റെ കാലത്തുതന്നെ സമുദായാംഗങ്ങള്‍ കടുത്ത ദലിത് വിരുദ്ധത പ്രകടിപ്പിച്ച അവസരങ്ങളുണ്ടായിരുന്നു. ദലിത് കുട്ടികളെ സര്ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിക്കാന്‍ തിരുവിതാംകൂര്‍ സര്ക്കാര്‍ ഉത്തരവിട്ടപ്പോള്‍ നായര്‍ പ്രമാണികള്‍ക്കൊപ്പം ചേര്ന്ന് ഈഴവ പ്രമാണികളും അതിനെ എതിര്ക്കുകയുണ്ടായി. ഗുരുവിനെ ധിക്കരിച്ചുകൊണ്ട് അദ്ദേഹം പ്രതിഷ്ഠ നടത്തിയ അമ്പലങ്ങളില്‍ ദലിതര്‍ പ്രവേശിക്കുന്നതിനെ എതിര്ത്തവരുണ്ട്. തന്റെ അദ്ധ്യക്ഷതയില്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി. യോഗം ജാത്യാഭിമാനം വളര്ത്തുന്നതായി കണ്ടതുകൊണ്ടാണ് അദ്ദേഹം അതുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് അവസാനിപ്പിച്ചതുതന്നെ.
അതേസമയം നവോത്ഥാനകാലത്ത് കേരളത്തില്‍ എറ്റവുമധികം മിശ്രവിവാഹങ്ങള്‍ നടന്നത് ഈഴവ സമുദായത്തിലാകണം. അതില്‍ ഗുരുവിന്റെ സ്വാധീനം നിഷേധിക്കാവുന്നതല്ല. വീട്ടുകാരുടെ അനുഗ്രഹത്തോടെയൊ അല്ലാതെയോ ദലിതരുള്‍പ്പെടെയുള്ള അന്യജാതിക്കാരെയോ അന്യമതസ്ഥരെയോ വിവാഹം കഴിച്ച ധാരാളം പേര്‍ സമുദായത്തിന്റെ വിവിധ തലങ്ങളിലുണ്ട്.
ഹാദിയായുടെയും ആതിരയുടെയും അനുഭവങ്ങള്‍ ആ ഘട്ടം അവസാനിച്ചിരിക്കുന്നെന്ന സന്ദേശമാണ് നല്കുന്നത്. ഇതിനു രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, കേരള സമൂഹത്തിനു നവോത്ഥാന മൂല്യങ്ങള്‍ നഷ്ടമായിരിക്കുന്നു എന്നതാണ്. ഇതിന് ഉത്തരവാദികള്‍ പലരാണ്. നവോത്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കൂട്ടാക്കാതിരുന്ന രാഷ്ട്രീയ നേതാക്കളാണ് ഒരു കൂട്ടര്‍. ഗുരുവിനെ തിരുത്തി ജാതി പറയുകയും ചോദിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എസ്.എന്‍.ഡി.പി യോഗം നേതാക്കളാണ് മറ്റൊരു കൂട്ടര്‍. യോഗത്തെപ്പോലെ ഗുരു സ്ഥാപിച്ച സന്യാസി സംഘവും ഇപ്പോള്‍ ജാതിമേധാവിത്വം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമായി ബാന്ധവത്തിലാണ്. അവരെ നയിക്കുന്നത് പൊതുസമൂഹത്തിന്റെയോ സ്വന്തം സമുദായത്തിന്റെ പോലുമോ താല്പര്യങ്ങളല്ല, കേവലം സ്വകാര്യ താല്പര്യങ്ങളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

