കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി ഭര്‍ത്താവ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കി. സംഭവം ശരിയാണെന്നതിന് അന്വേഷണത്തില്‍ പൊലീസിനു തെളിവു ലഭിച്ചു. മരുന്നു വാങ്ങിയ അടൂരിലെ കടയില്‍ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നല്‍കിയതായാണു മൊഴി.
മാര്‍ച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേര്‍ത്തത്. തുടര്‍ന്ന് അണലിയെ ശരീരത്തിലേക്ക് വിട്ടു. അണലിയെ പ്രകോപിപ്പിച്ച് ഉത്രയെ കടിപ്പിച്ചു. എന്നാല്‍ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. അടുത്ത ശ്രമത്തില്‍ മേയ് ആറിന് രാത്രിയിലാണ് ഉത്ര കൊല്ലപ്പെടുന്നത്. മൂര്‍ഖനെ ശരീരത്തിലേക്ക് എറിയും മുന്‍പ് ഗുളിക ചേര്‍ത്ത ജ്യൂസ് ഉത്രയെ കുടിപ്പിച്ചു. ഡോസ് കൂട്ടിയാണ് ജ്യൂസില്‍ മരുന്ന് പൊടിച്ചു ചേര്‍ത്തത്. 5 വയസ്സുള്ള മൂര്‍ഖനെ ഉപയോഗിച്ചാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.
ഉത്രയെ കൊത്തിയതെന്നു സംശയിക്കുന്ന പാമ്പിന്റെ വിഷപ്പല്ലും മാംസഭാഗങ്ങളും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാമ്പിന്റെ ഡിഎന്‍എ. പരിശോധനയും നടത്തും. ഒരുവര്‍ഷമായി സൂരജ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തില്‍ സൂരജിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചു. 2018 മാര്‍ച്ച് 26നായിരുന്നു വിവാഹം. മാസങ്ങള്‍ക്കകം അസ്വാരസ്യങ്ങളാരംഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ ദമ്പതികള്‍ തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രന്‍ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീധനമായി ലഭിച്ച 96 പവന്‍, അഞ്ചുലക്ഷം രൂപ, കാര്‍ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനല്‍കേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണു പോലീസ് ഭാഷ്യം.
സൂരജിനെ രക്ഷിക്കാന്‍ മാതാവ് നിരത്തിയ ന്യായവാദങ്ങള്‍ കള്ളമാണെന്നും പോലീസ് കരുതുന്നു. സൂരജിന്റെ മാതാവും സഹോദരിയും ഉള്‍പ്പടെയുള്ളവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. പിടിയിലായ ദിവസം സൂരജ് തങ്ങിയ വീട്ടിലെ അംഗങ്ങളെയും ചോദ്യംചെയ്യും. കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല.
ഉത്രയുടെ സ്വര്‍ണം ലോക്കറില്‍നിന്ന് എടുത്തതു പരിശോധിക്കാന്‍ സൂരജുമായി അന്വേഷണസംഘം ബാങ്കിലെത്തിയെങ്കിലും ബാങ്ക് അധികൃതര്‍ അനുമതി നല്‍കിയില്ല. നടപടിക്രമങ്ങള്‍ കണക്കിലെടുത്താണിതെന്നുബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതോടെ, സ്വര്‍ണമെടുക്കാന്‍ സൂരജ് ബാങ്കിലെത്തിയ ദിവസത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates