

പെരുമ്പാവൂര്‍: ആറ് വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, കിണറ്റില്‍ തള്ളിയ പിതാവിന് ജീവപര്യന്തം തടവ്. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി ബാബുവിനെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുറുപ്പംപടിയിലെ തടിമില്‍ തൊഴിലാളിയായിരുന്ന ബാബു ഒന്നാം ക്ലാസില്‍ പഠിക്കുകയായിരുന്ന മകന്‍ വാസുദേവിനെയാണ് കൊലപ്പെടുത്തിയത്.
സംഭവ ദിവസം ബാബുവിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന വാസുദേവിന്റെ മുഖത്ത് നനഞ്ഞ തുണിയുപയോഗിച്ച് അമര്‍ത്തിയും കഴുത്തില്‍ കൈകൊണ്ട് മുറുക്കിപ്പിടിച്ചും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി വീടിനടുത്തുള്ള റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ എറിഞ്ഞു. പിന്നാലെ ഇയാള്‍ നാടുവിട്ടു.
ജോലി കഴിഞ്ഞ് പിറ്റേന്ന് വീട്ടിലെത്തിയ രാജി ഭര്‍ത്താവിനെയും മകനെയും കാണാതായതോടെ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ ബാബു പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പഴനിയില്‍ പോയി തല മുണ്ഡനം ചെയ്ത ശേഷമായിരുന്നു കീഴടങ്ങല്‍. കട ബാധ്യത ഉണ്ടായിരുന്ന താന്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെന്നും അങ്ങനെ വരുമ്പോള്‍ മകന്‍ അനാഥന്‍ ആകാതിരിക്കാനുമാണ് വാസുദേവിനെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവിന് പുറമെ 10000 രൂപ പിഴയും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates