

തൃശൂര്‍: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പ്രസിദ്ധീകരിച്ച തൃശൂര്‍ കറന്റ് ബുക്‌സിന്റെ ഓഫിസില്‍ പൊലീസ് പരിശോധന. ഓഫിസില്‍ എത്തിയ ജീവനക്കാരുടെ മൊഴിയെടുത്ത പൊലീസ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് കറന്റ് ബുക്‌സ് എംഡി പെപ്പിന്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാറ്റര്‍ കംപോസ് ചെയ്തവരുടെയും പ്രൂഫ് വായിച്ചവരുടെയും എഡിറ്ററുടെയും സ്‌റ്റേറ്റ്‌മെന്റുകള്‍ എടുക്കുകയും ഓഫീസിലെ കംപ്യൂട്ടര്‍ സര്‍ച്ച് ചെയ്യുകയും ചെയ്തു. അതിനുശേഷം ജൂണ്‍ 15 ന് സി.ആര്‍.പി.സി. 91 പ്രകാരം ജേക്കബ് തോമസുമായി കറന്റ് ബുക്‌സ് നടത്തിയ എല്ലാ കമ്യൂണിക്കേഷന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് തരുകയും ചെയ്തിരിക്കുന്നു.
ആറ് എഡിഷനുകള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞതാണ് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം. ആദ്യ എഡിഷന്റെ പ്രകാശനത്തിന് മുഖ്യമന്ത്രി വരാമെന്ന് സമ്മതിച്ച് ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയും അവസാന നിമിഷം മുഖ്യമന്ത്രി അതില്‍നിന്ന് പിന്മാറുകയുമാണ് ഉണ്ടായത്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും പ്രകാശനത്തിന് മുന്‍പ് പുസ്തകത്തിന്റെ കോപ്പിയും പ്രകാശന ചടങ്ങിന്റെ ക്ഷണക്കത്തും കൊടുക്കുകയും ചെയ്തിരുന്നു.
സാമൂഹ്യ കലാപത്തിന് വഴിവെക്കുന്നതോ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ ആയ യാതൊന്നും പരാമര്‍ശിക്കപ്പെട്ട പുസ്തകത്തിലില്ല എന്നിരിക്കെ, പുസ്തക പ്രസാധകര്‍ക്കെതിരെയുള്ള പൊലീസ് നടപടി പ്രസാധക രംഗത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കൈകടത്തലാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. ആശയങ്ങളും വിചാരങ്ങളും നിര്‍ഭയമായി പ്രകാശിപ്പിക്കപ്പെടാനുള്ള അന്തരീക്ഷം ഈ മേഖലയില്‍ ഉണ്ടായേ തീരൂ. പൊലീസ് നടപടികള്‍ പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള സ്വകാര്യതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതുമാണ്. പുസ്തകപ്രസാധനം പ്രസാധകരുടെ ധര്‍മ്മമാണ്. പുസ്തകം സര്‍വ്വീസ് ചട്ടലംഘനത്തില്‍ പെടുന്ന കാര്യമാണോയെന്ന് പരിശോധിക്കേണ്ടത് പ്രസാധകരല്ല. എഴുത്തുകാരനും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള സാങ്കേതിക കാര്യങ്ങള്‍ മാത്രമാണത്. അതുകൊണ്ട് പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍, പ്രസാധക സ്ഥാപനത്തിനു നേരെയുണ്ടായ നടപടികള്‍ അപലപനീയമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഡോ. കെ അരവിന്ദാക്ഷന്‍ പറഞ്ഞു. പബ്ലിക്കേഷന്‍ മാനേജര്‍ കെജെ ജോണിയും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates