തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പുതിയ ഹോട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്സ്പോട്ടുകളുടെ എണ്ണം 150 ആയി. പാലക്കാട് ജില്ലയിൽ ഷൊർണൂർ, മലപ്പുറത്ത് മൂർക്കനാട്, കുറുവ, കൽപ്പകഞ്ചേരി, എടപ്പാൾ, വട്ടംകുളം എന്നിവയാണ് പുതിയതായി പോട്സ്പോട്ടുകളായത്.
കേരളത്തിൽ ഇന്ന് 91 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 14 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 13 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള എട്ട് പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള അഞ്ച് പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള നാല് പേർക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള മൂന്ന് പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള രണ്ട് പേർക്കും, പാലക്കാട് ജില്ലയിൽ നിന്ന് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 73 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ. 42, കുവൈറ്റ് 15, ഒമാൻ 5, റഷ്യ 4, നൈജീരിയ 3, സൗദി അറേബ്യ 2, ഇറ്റലി 1, ജോർദാൻ1) 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര 6, തമിഴ്‌നാട് 6, ഡൽഹി 2, കർണാടക 1) വന്നതാണ്. തൃശൂർ ജില്ലയിലെ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂർ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരികരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മേയ് 16ന് മാലിദ്വീപിൽ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടർന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടർന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് ഒരു മണിക്ക് ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. കാസർകോട് ജില്ലയിൽ നിന്നുള്ള അഞ്ച് പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂർ (കാസർക്കോട് സ്വദേശികൾ) ജില്ലകളിൽ നിന്നുള്ള രണ്ട് പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates