

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ജയില്‍ ചാടിയ വനിതാ തടവുകാരായ ശില്‍പ്പയും സന്ധ്യയും രക്ഷപ്പെട്ടതും ഒളിവില്‍ കഴിഞ്ഞതും അതിസാഹസികമായി. തിരുവനന്തപുരം അട്ടക്കുളങ്ങര ജയില്‍ ചാടിയ വനിതാ തടവുകാര്‍ ഓട്ടോ ഡ്രൈവര്‍ മുതല്‍ മെഡിക്കല്‍ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ വരെയുള്ളവരെയുള്ളവരെ കബളിപ്പിച്ചതായി കണ്ടെത്തി. പാലോട് ഊന്നുമ്പാറ സ്വദേശി ശില്‍പ്പ, വര്‍ക്കല സ്വദേശി സന്ധ്യ എന്നീ യുവതികള്‍ പിടിയിലാവുന്നതുവരെയുള്ള രണ്ടു രാത്രിയും രണ്ടു പകലും കഴിഞ്ഞത് അത്യന്തം നാടകീയമായാണ്.
മോഷണക്കേസ് പ്രതികളായ ഇരുവരും ചൊവ്വാഴ്ച വൈകിട്ടാണ് അട്ടക്കുളങ്ങര വനിതാ ജയില്‍ ചാടി മണക്കാട് ഭാഗത്ത് എത്തിയത്. രാത്രി ഏഴരയോടെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. ആശുപത്രിയിലുള്ള ബന്ധുക്കളില്‍ നിന്നു പണം വാങ്ങി വരാമെന്നു പറഞ്ഞ് ഓട്ടോക്കാരനെ കാത്തുനിര്‍ത്തിയ ശേഷം മുങ്ങി. രോഗികള്‍ ഉണങ്ങാനിട്ട വസ്ത്രങ്ങള്‍ കവര്‍ന്നു വേഷം മാറി.
ഇതിനിടെ സന്ധ്യ ഭര്‍ത്താവ് ബിനുവിനെ വിളിച്ചു വരുത്തി. മൂവരും ബിനുവിന്റെ ബൈക്കില്‍ വര്‍ക്കലയിലെത്തി. വര്‍ക്കലയില്‍ ബിനു പണിയുന്ന കെട്ടിടത്തില്‍ രാത്രി ഉറങ്ങി. പിറ്റേന്നു രാവിലെ ബിനു നല്‍കിയ സ്വര്‍ണവുമായി ബസില്‍ കൊട്ടാരക്കരയിലേക്ക് പോയി. പണയം വച്ചു കിട്ടിയ 3,000 രൂപയുമായി കാപ്പില്‍ എത്തി. ഇതിനിടെ ഇരുവരേയും കണ്ടതായി വിവരം ലഭിച്ച പൊലീസും കാപ്പിലെത്തി. അതോടെ റോഡ് ഒഴിവാക്കി റെയില്‍വേ ട്രാക്കിലൂടെ നടന്ന് ഇരുവരും തലേന്നു രാത്രി കഴിഞ്ഞ കെട്ടിടത്തിലെത്തി. പൊലീസിനെ വെട്ടിച്ച് മറ്റൊരു കെട്ടിടത്തിന്റെ ടെറസില്‍ അന്ന് കഴിച്ചുകൂട്ടി.
പിറ്റേന്നു രാവിലെ ഓട്ടോയില്‍ പരവൂരിലേക്ക് പോയി. ഇതിനിടെ ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് ഇവര്‍ രണ്ടു കോളുകള്‍ വിളിച്ചു. യുവതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ ബാഹുലേയന്‍ പാരിപ്പള്ളിക്കു തോന്നിയ സംശയമാണ് ഇവരെ കുടുക്കിയത്. ബാഹുലേയന്റെ ഫോണില്‍ നിന്നും ശില്‍പ്പ സഹോദരനെ വിളിച്ചു. എന്നാല്‍ സഹോദരന്‍ സഹായിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കാമുകന്‍ രാഹുലിനെ വിളിച്ചു. പാലോട് ചെന്നാല്‍ സഹായിക്കാമെന്ന് ഇയാള്‍ പറഞ്ഞു.
ആശുപത്രി ജംഗ്ഷനില്‍ ഇരുവരേയും ഇറക്കിയശേഷം ഇവര്‍ വിളിച്ച നമ്പരിലേക്ക് ബാഹുലേയന്‍ തിരിച്ചു വിളിച്ചു. കാമുകനെയാണ് വിളിച്ചതെന്നു മനസ്സിലായ ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചു. അതോടെ പാരിപ്പള്ളിയിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതിനിടെ പ്രതികള്‍ എത്തുമെന്ന പ്രതീക്ഷയില്‍, പാലോട് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തു.
ഇതിനിടെ, കടമ്പാട്ടുകോണത്തെ സെക്കന്‍ഡ് ഹാന്‍ഡ് ഇരുചക്രവാഹന വ്യാപാരസ്ഥാപനമായ ബിസ്മി ഓട്ടോ കണ്‍സള്‍ട്ടന്‍സിയില്‍ സ്‌കൂട്ടര്‍ വാങ്ങാനെന്ന മട്ടില്‍ ഇരുവരും എത്തി. വാഹനം ഓടിച്ചുനോക്കട്ടെ എന്നു പറഞ്ഞ് ടെസ്റ്റ് ഡ്രൈവിന് വാങ്ങി. കടയുടമയെ കബളിപ്പിച്ച് പഴയ പ്ലഷര്‍ സ്‌കൂട്ടര്‍ തട്ടിയെടുത്ത് ഇരുവരും പാലോട്ടേക്കു തിരിച്ചു. കടയുടമ പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം സ്‌കൂട്ടറിനെ കേന്ദ്രീകരിച്ചാക്കി. ഇതിനിടെ ഒരു ക്യാമറ ദൃശ്യവും ലഭിച്ചു. ഇതിനിടെ സ്‌കൂട്ടറിന്റെ നമ്പറും ഇവര്‍ തിരുത്തി. KL 02 AF 373 എന്ന നമ്പരുള്ള സ്‌കൂട്ടറിന്റെ നമ്പര്‍ തിരുത്തി AF 878 ആക്കി.
സ്‌കൂട്ടറില്‍ പാലോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ പരിചയമുള്ള ഒരാള്‍ പിന്തുടര്‍ന്നെങ്കിലും ഇടയ്ക്ക് കാണാതായി. രാത്രി 9.45 ന് ശില്‍പയുടെ വീടിനു സമീപത്ത് ഒരു സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും, രണ്ടു സ്ത്രീകള്‍ വീടിരിക്കുന്ന ഭാഗത്തേക്കു നടന്നു പോകുന്നതായും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ ഇരുവരും റബര്‍ തോട്ടത്തിനുള്ളിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. റബര്‍ തോട്ടത്തിലൂടെ ഓടി വനത്തിനുള്ളില്‍ കടന്നു. തുടര്‍ന്ന് നാട്ടുകാരും പാലോട്, പാങ്ങോട് പൊലീസ് സംഘവും ചേര്‍ന്നു ഏറെ നേരം തിരച്ചില്‍ നടത്തിയാണ് വനാന്തരത്തില്‍ നിന്ന് ഇവരെ പിടികൂടുന്നതെന്ന് പൊലീസ് അധികൃതര്‍ പറയുന്നു.
അതേസമയം പ്രതികളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ഭാഷ്യം. രാത്രി ഒന്‍പതു മണിയോടെ ജോലി കഴിഞ്ഞ് തദ്ദേശവാസികളായ അമ്പാടിയും കുട്ടന്‍മോനും ഉതിമൂട് എന്ന സ്ഥലത്ത് സംസാരിച്ചിരിക്കവെ രണ്ടു സ്ത്രീകള്‍ മുഖം മറച്ചു അമിത വേഗത്തില്‍ സ്‌കൂട്ടറില്‍ വരുന്നത് കണ്ടു. ഇരുവരും ബൈക്കില്‍ പിന്നാലെ പോയി.. ഇതു മനസിലാക്കിയ ഇരുവരും ശില്‍പയുടെ വീടിന്റെ സമീപം സ്‌കൂട്ടര്‍ ഒതുക്കി വനത്തിനുള്ളിലേക്ക് ഓടി.
സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ കണ്‍മഷി ഉപയോഗിച്ചു മൂന്ന് എന്ന അക്കം എട്ട് ആക്കി മാറ്റിയതായി കണ്ടെത്തി. ജയില്‍ചാടിയവരാണ് എന്നു സംശയം തോന്നിയ ഇരുവരും വെള്ളയംദേശത്തു താമസിക്കുന്ന വലിയമല പൊലീസ് സ്‌റ്റേഷനിലെ ദിലീപ് കുമാറിനെ അറിയിച്ചു അദ്ദേഹവും പിന്നാലെ നാട്ടുകാരും തിരച്ചില്‍ നടത്തി. പിടിക്കപ്പെടുമെന്നുറപ്പായതോടെ സ്ത്രീകള്‍ ഓടി ആറ്റില്‍ ചാടി. തങ്ങള്‍ ആറ്റില്‍ ചാടി സമീപത്തെ വനിതയുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ച് പൊലീസിനു കൈമാറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജയില്‍ ചാടുന്നതിന് വനിതാ തടവുകാര്‍ക്ക് സഹതടവുകാരിയുടെ സഹായം ലഭിച്ചതായി സംഭവം അന്വേഷിക്കുന്ന ജയില്‍ ഡിഐജി അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നോ നാളെയോ ജയില്‍ ഡിജിപിക്ക് സമര്‍പ്പിക്കും. പ്രതികളെ ഇന്നലെ ജയിലിലെത്തിച്ച് തെളിവെടുത്തു.ജയിലിനു പുറകു വശത്ത് ശുചിമുറികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ള ബയോഗ്യാസ് പ്‌ളാന്റിലെ മാലിന്യം ഇളക്കാനായി ഇരുമ്പു കമ്പി സൂക്ഷിച്ചിട്ടുണ്ട്. ഇതില്‍ നനഞ്ഞ തോര്‍ത്ത് കെട്ടി ചവിട്ടു പടിയുണ്ടാക്കി ഇതുവഴി മതിലിനു മുകളിലെത്തി. തൊട്ടടുത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ചാടി. കെട്ടിടത്തിന്റെ മതിലും ചാടിയാണ് ഇരുവരും പുറത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates